നിര്‍ഭയ കേസ് :രാഷ്ട്രപതിയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന പ്രതിയുടെ ഹരജി സുപ്രീം കോടതി തള്ളി

Posted on: January 29, 2020 11:45 am | Last updated: January 29, 2020 at 1:35 pm

ന്യൂഡല്‍ഹി | ദയാഹരജി നിരാകരിച്ച രാഷ്ട്രപതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കേസിലെ നാല് പ്രതിളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ ഹരജിയാണ് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയിരിക്കുന്നത്.

ജയിലില്‍ താന്‍ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരായായിയെന്നും മുകേഷ് സിങ്ങ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് ദയാഹരജിയിലെ തീരുമാനം പുനഃപരിശോധിക്കാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹരജിയില്‍ ചൊവ്വാഴ്ച വാദംകേട്ട സുപ്രീംകോടതി വിധി പറയാന്‍ ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ജനുവരി 17നാണ് മുകേഷ് സിങ്ങിന്റെ ദയാഹരജി രാഷ്ട്രപതി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ തീഹാര്‍ ജയിലില്‍ നടപ്പാക്കുന്നത്.