പൗരത്വ വിഷയത്തിൽ പരോക്ഷ പരാമർശം; കേരളത്തേയും മുഖ്യമന്ത്രിയെയും വാനോളം പുകഴ്ത്തി ഗവര്‍ണര്‍

Posted on: January 26, 2020 10:43 am | Last updated: January 26, 2020 at 8:58 pm

തിരുവനനന്തപുരം | റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതി വിവാദത്തില്‍ പരോക്ഷ പരാമര്‍ശങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. അഭയാര്‍ഥികളുടെ അഭയ കേന്ദ്രമാണ് ഇന്ത്യയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജാതിയുടേയോ നിറത്തിന്റെയോ സാമൂഹിക നിലവാരത്തിന്റെയോ പേരില്‍ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യമോ രീതിയോ ഇന്ത്യക്കില്ലെന്നും വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തു.

വികസന നേട്ടങ്ങളുടെ പേരില്‍ കേരളത്തേയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയും വാനോളം പുകഴ്ത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്നും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം പ്രശംസിച്ചു. രണ്ട് പ്രളയത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ കേരളം നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്ലാസ്റ്റിക് നിരോധന നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളേും ഗവര്‍ണര്‍ പ്രസംഗത്തില്‍ പ്രശംസിച്ചു.

ലോക കേരള സഭയിലൂടെ നിക്ഷേപ സാധ്യതകളും കേരളം പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലും ലിംഗ സമത്വത്തിന്റെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. സുസ്ഥിര വികസനത്തിനും നവീന ആശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാളത്തില്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്നാണ് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചത്.