Connect with us

Kerala

ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പോലീസുകാരെ വേണെന്ന് ദേവസ്വത്തിന്റെ കത്ത്; വിവാദമായതോടെ പിന്‍വലിച്ചു

Published

|

Last Updated

കൊച്ചി | ക്ഷേത്രത്തിലെഉത്സവത്തോടനുബന്ധിച്ച് ഗതാഗതം നിയന്ത്രിക്കാന്‍ ഹിന്ദു പോലീസുകാരെ ആവശ്യപ്പെട്ട് കൊച്ചി ദേവസ്വം ബോര്‍ഡ് അസി.കമ്മിഷണറുടെ കത്ത്. വിവാദമായതോടെ കത്ത് പിന്‍വലിക്കുകയും ചെയ്തു. പോലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഡ്യൂട്ടിക്ക് ഹിന്ദു പോലീസുകാരെ നിയോഗിക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ കത്ത്. പോലീസിനുള്ളില്‍ വേര്‍തിരിവുണ്ടാക്കുന്നതാണ് കത്തെന്ന് ആരോപണമുയര്‍ന്നതോടെ ഹിന്ദു പോലീസുകാരെ എന്നത് തിരുത്തി മറ്റൊരു കത്ത് നല്‍കുകയായിരുന്നു. കഴിഞ്ഞ മാസം 21ന് ആണ് ദേവസ്വം അധികൃതര്‍ കത്ത് നല്‍കിയത്.

ഇത്തരമൊരു കത്തില്‍ പോലീസ് അസോസിയേഷന്‍ പ്രതിഷേധം അറിയിക്കുകയും പരാതിയുമായിരംഗത്തെത്തുകയും ചെയ്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ട് പരാതി നല്‍കി. സേനയെ ജാതി, മാതാടിസ്ഥാനത്തില്‍ വേര്‍തിരിക്കരുതെന്നും ദേവാലയങ്ങളില്‍ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാവാതെ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും പോലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.