നിര്‍ഭയ കേസ്: ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതികളില്‍ ഒരാള്‍ സുപ്രീം കോടതിയില്‍

Posted on: January 25, 2020 5:30 pm | Last updated: January 25, 2020 at 7:13 pm

ന്യൂദല്‍ഹി | നിര്‍ഭയ കേസില്‍ രാഷ്ട്രപതി ദയാഹരജി തള്ളിയതിന് എതിരെ പ്രതികളില്‍ ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ കാത്ത് കഴിയുന്ന മുകേഷ് കുമാര്‍ സിംഗ് ആണ് ഹര്‍ജി നല്‍കിയത്. ജനുവരി 17നാണ് മുകേഷ് കുമാറിന്റെ ദയാഹര്‍ജി സുപ്രീം കോടതി തള്ളിയത്.

ദയാഹര്‍ജി തള്ളിയ രീതി സംബന്ധിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ടാണ് ഹര്‍ജി. ശത്രുഘ്‌നന്‍ ചൗഹാന്‍ കേസ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. അതും തള്ളപ്പെട്ടതോടെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാല് പ്രതികളുടെയും ശിക്ഷ ഒന്നിച്ച് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. ഇതിനിടയില്‍ പ്രതികള്‍ കോടതിയെ സമീപിക്കുന്നത് ശിക്ഷ നടപ്പാക്കാന്‍ വീണ്ടും നീളാന്‍ കാരണമാകും. കേസിലെ മറ്റു രണ്ട് പ്രതികളായ പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ എന്നിവര്‍ക്ക് വധശിക്ഷക്ക് എതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഇനിയും സമയമുണ്ട്. ഇവര്‍കൂടി ഹര്‍ജിയുമായി നീങ്ങിയാല്‍ വിധി നടപ്പാക്കുന്നത് നീളും.