Connect with us

Kerala

പൗരത്വ നിയമത്തിനെതിരെ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം നാളെ കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം |  ഭരണഘടനയെ നോക്കുകുത്തിയാക്കി, മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ഭരണകൂടം തന്നെ ആസൂത്രിത ശ്രമം നടത്തുമ്പോള്‍ ഇതിനെതിരെ ജനലക്ഷങ്ങളെ അണിനിരത്തി കേരളം നാളെ പ്രതിരോധ കോട്ട പണിയും. പൗരത്വ ഭേദഗതി നിയമത്തിതിരെ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഇത് മാറും. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ചരിത്ര മഹാ ശൃംഖലയില്‍ രാഷ്ട്രീയ, മത, ജാതി വിത്യാസമില്ലാതെ 70 ലക്ഷത്തോളം പേര്‍ അണിനിരക്കുമെന്ന് സംഘാടകരായ എല്‍ ഡി എഫ് അവകാശപ്പെടുന്നത്.

തുല്ല്യ നീതിയും മൗലികാവകാശങ്ങളും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടന തകര്‍ക്കാനുള്ള നീക്കത്തിനെതിരെ തെരുവുകളില്‍ നിറയുന്ന ജനം പ്രതിജ്ഞ ചൊല്ലും. പൗരത്വ നിയമത്തിനെതിരെ കേരളത്തിന്റെ നിലപാടുകള്‍ ഇതിനകം രാജ്യതലത്തില്‍ ശ്രദ്ധ പടിച്ചുപറ്റിയിട്ടുണ്ട്. ഇതേ സംസ്ഥാനം മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ത്ത് നടത്തുന്ന പുതിയ പ്രതിഷേധം അന്തരാഷ്ട്ര മാധ്യമങ്ങളില്‍ തന്നെ നിറയുമെന്ന കാര്യം ഉറപ്പ്.

ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ ദേശീയപാതയില്‍ റോഡിന്റെ വലതുഭാഗം ചേര്‍ന്നാണ് ജനം കൈള്‍ ചേര്‍ത്ത് പിടിച്ച് നിലയുറപ്പിക്കുക. സി പി എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കാസര്‍കോട് ആദ്യകണ്ണിയാകും. കളിയിക്കാവിളയില്‍ പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി അവസാന കണ്ണിയുമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പാളയത്ത് മനുഷ്യച്ചങ്ങലയുടെ ഭാഗമാകും. രാഷ്ട്രീയ, മത സാമുദായിക, സാസംസ്‌കാരിക, സിനിമാ രംഗഗത്തെ പ്രമുഖര്‍ ശൃംഖലയില്‍ കണ്ണിയാകും.

നാളെ ഉച്ചക്ക് ശേഷം 3.30ന് റിഹേഴ്‌സല്‍ നടക്കും. നാലു മണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ ചൊല്ലും. തുടര്‍ന്നു വിവിധയിടങ്ങളില്‍ പൊതുയോഗങ്ങളും നടക്കും.

Latest