Connect with us

Editorial

റോഹിംഗ്യകളും രാജ്യാന്തര കോടതി വിധിയും

Published

|

Last Updated

വംശീയ ഉന്മൂലനവും ജനാധിപത്യത്തിന്റെ മേല്‍ ഫാസിസത്തിന്റെ കൈയേറ്റങ്ങളും വ്യാപകമായ ഇന്നത്തെ സാഹചര്യത്തില്‍, ആഗോള ജനതക്ക് ആശ്വാസം പകരുന്നതാണ് റോഹിംഗ്യന്‍ വിഷയത്തിലുള്ള അന്താരാഷ്ട്ര കോടതിയുടെ വിധിപ്രസ്താവം. റോഹിംഗ്യന്‍ വംശഹത്യ തടയാനും റോഹിംഗ്യകളെ സംരക്ഷിക്കാനും സാധ്യമായതെല്ലാം ചെയ്യണമെന്നും ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതു സംബന്ധിച്ച് നാല് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും അന്താരാഷ്ട്ര കോടതി മ്യാന്മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആറ് മാസം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ടായി സമര്‍പ്പിക്കുകയും വേണം. റോഹിംഗ്യകള്‍ക്ക് നേരെ മ്യാന്മറില്‍ നടന്ന വംശഹത്യയില്‍ നടപടി ആവശ്യപ്പെട്ടു ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ സമര്‍പ്പിച്ച ഹരജിയിലാണ് ഈ ഉത്തരവ്. 2019 നവംബറിലാണ് ഗാംബിയ മ്യാന്മറിനെതിരെ പരാതി നല്‍കിയത്. 57 അംഗ രാജ്യങ്ങളടങ്ങിയ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്‌ലാമിക് കണ്‍ട്രീസും (ഒ ഐ സി), കാനഡ, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഹരജിയെ പിന്തുണക്കുകയും ചെയ്തു.
റോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊലക്കിരയാക്കിയ സംഭവത്തില്‍ മ്യാന്മര്‍ സൈനിക മേധാവിയെയും അഞ്ച് ജനറല്‍മാരെയും പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ സെപ്തംബറില്‍ യു എന്‍ വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ആസൂത്രിതമായ കൊലപാതകം, ബലാത്സംഗം, കൂട്ട ബലാത്സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, ഗ്രാമങ്ങള്‍ തീയിടല്‍, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും നാടുകടത്തല്‍ തുടങ്ങി കൊടും ക്രൂരതകളാണ് മ്യാന്മറിലെ റാഖിനെ പ്രവിശ്യയിലും മറ്റും സൈന്യവും ബുദ്ധ ഭീകരവാദികളും ചേര്‍ന്ന് കാണിച്ചത്. മുസ്‌ലിം വിഭാഗത്തെ തിരഞ്ഞു പിടിച്ചായിരുന്നു ആക്രമണം. ഇതേതുടര്‍ന്ന് പത്ത് ലക്ഷത്തോളം പേരാണ് അയല്‍ രാജ്യമായ ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്തത്. ആറ് ലക്ഷം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഇപ്പോഴും വംശഹത്യയുടെ വക്കിലാണെന്നു ചൂണ്ടിക്കാട്ടിയ വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ട് സൈനിക മേധാവികള്‍ക്കെതിരെ കൂട്ടക്കൊല കേസ് ചുമത്തണമെന്നു നിര്‍ദേശിക്കുകയുമുണ്ടായി. മ്യാന്മര്‍ ഭരണാധികാരി ആംഗ് സാന്‍ സൂക്കിക്കെതിരെയും റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശമുണ്ട്. റോഹിംഗ്യകള്‍ക്കെതിരെ സൈനിക അതിക്രമങ്ങള്‍ നടക്കുമ്പോള്‍ സൂക്കി മൗനം പാലിച്ചതായും സൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്വേഷം പടര്‍ത്താന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും വംശഹത്യക്കു കൂട്ടുനില്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് യു എന്‍ വസ്തുതാന്വേഷണ സമിതി തയ്യാറാക്കിയത്. ഇതിന്റെ വെളിച്ചത്തിലാണ് ഗാംബിയ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.
ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ ഒരു വിശദീകരണം ഇതിനിടെ മ്യാന്മര്‍ പുറത്തിറക്കിയിരുന്നു. മുസ്‌ലിം തീവ്രവാദികളുടെ ആക്രമണത്തോട് സൈന്യം നടത്തിയ “സ്വാഭാവിക” പ്രതികരണം മാത്രമാണ് അവിടെ നടന്നതെന്നും വംശഹത്യ നടന്നിട്ടില്ലെന്നും ആഗോള തലത്തില്‍ പ്രചരിക്കുന്ന മറ്റു വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും സൂക്കി അന്താരാഷ്ട്ര കോടതിയില്‍ വാദിക്കുകയുണ്ടായി. പട്ടാളത്തിന്റെ വെടിയേറ്റു മരിച്ച റോഹിംഗ്യന്‍ മുസ്‌ലിംകളെല്ലാം ഭീകരവാദികളാണെന്നാണ് അവരുടെ ഭാഷ്യം. റോഹിംഗ്യകൾക്കെതിരെ നടന്ന പച്ചയായ യാഥാര്‍ഥ്യങ്ങള്‍ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അപ്പടി നിഷേധിച്ച ആംഗ് സാന്‍ സൂക്കിയുടെ നടപടി മ്യാന്മറിലെ ബുദ്ധ വിഭാഗത്തിലടക്കം കടുത്ത അമ്പരപ്പിനും വിമര്‍ശനത്തിനും ഇടയാക്കി. വംശഹത്യ നടത്തിയതിന്റെ വിശ്വസനീയമായ കണ്ടെത്തലുകളെ സൂക്കി നിഷേധിച്ചത് തന്നെ ഞെട്ടിപ്പിച്ചുവെന്നാണ് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മ്യാന്മറിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനും ബുദ്ധമതക്കാരനുമായ മാവുംഗ് സര്‍നി പറഞ്ഞത്. ഒരുകാലത്ത് ലോകത്തിനു മുന്നില്‍ സമാധാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പര്യായമായിരുന്നു സൂക്കി എന്ന വനിത. മ്യാന്മറില്‍ ജനാധിപത്യം പുലര്‍ന്നു കാണാനായി അവര്‍ ചെയ്ത ത്യാഗങ്ങളുടെയും അനുഭവിച്ച ദുരിതങ്ങളുടെയും പേരിലാണ് അവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. എല്ലാറ്റിനോടും സ്‌നേഹത്തില്‍ വര്‍ത്തിക്കാനുള്ള ബുദ്ധ മതാചാര്യന്‍ ഗൗതമ സിദ്ധാര്‍ഥന്റെ സന്ദേശവും മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമാണ് തന്റെ പ്രത്യയശാസ്ത്രമെന്നാണ് അക്കാലത്ത് സൂക്കി പറഞ്ഞിരുന്നത്. അധികാരത്തിലേറിയതോടെ അവര്‍ പൂര്‍വകാലം മനഃപൂര്‍വം വിസ്മരിച്ച് ബുദ്ധഫാസിസത്തിന്റെ താത്പര്യങ്ങള്‍ക്കൊത്തു നീങ്ങുകയായിരുന്നു.

ലോകത്തെങ്ങുമുള്ള പൗരാവകാശ പ്രവര്‍ത്തകര്‍ കോടതി വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇതുകൊണ്ട് റോഹിംഗ്യന്‍ ജനതക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാനാകില്ല. ഉത്തരവുകള്‍ പുറപ്പെടുവിക്കാനല്ലാതെ അത് നിര്‍ബന്ധപൂര്‍വം നടപ്പില്‍ വരുത്തിക്കാന്‍ അന്താരാഷ്ട്ര കോടതിക്കോ, യു എന്നിനു തന്നെയോ ആകില്ലെന്നാണ് അന്താരാഷ്ട്ര നിയമ വിദഗ്ധരുടെ പക്ഷം. മ്യാന്മറിനു മേല്‍ സാമ്പത്തിക ഉപരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ഇക്കാര്യത്തില്‍ കോടതിക്കു പരമാവധി ചെയ്യാനാകുക.

ഇന്ത്യയിലെ നിലവിലെ പൗരത്വ വിഷയവുമായി സാമ്യമുണ്ട് റോഹിംഗ്യന്‍ പ്രശ്‌നത്തിന്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ മ്യാന്മര്‍ പൗരന്മാര്‍ അല്ലെന്നും അനധികൃത താമസക്കാരാണെന്നുമാണ് മ്യാന്മറിലെ ബുദ്ധഫാസിസ്റ്റുകളുടെയും ഭരണ നേതൃത്വത്തിന്റെയും വാദം. റോഹിംഗ്യരെ ഉന്മൂലനം ചെയ്യുന്നതിന് മ്യാന്മര്‍ സൈന്യത്തിനും ബുദ്ധഭീകരവാദികള്‍ക്കും പരിശീലനവും ആയുധങ്ങളും നല്‍കുന്നത് ഇസ്‌റാഈലാണ്. മ്യാന്മറിന് ആയുധം നല്‍കുന്നതിനെതിരെ ഇസ്‌റാഈല്‍ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിരോധ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം ആയുധ കൈമാറ്റം വര്‍ധിപ്പിക്കുകയാണ് ജൂതഭരണകൂടം ചെയ്തത്. ഇന്ത്യയില്‍ പൗരത്വ രജിസ്റ്ററിന്റെ മറവില്‍ മോദി സര്‍ക്കാറിന് മതന്യൂനപക്ഷ ഉന്മൂലനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതും ഇസ്‌റാഈലില്‍ നിന്നാണെന്നത് പരസ്യമായ രഹസ്യമാണല്ലോ.