ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല തിരഞ്ഞെടുപ്പ്: എ ബി വി പിയെ നിലംപരിശാക്കി എസ് എഫ് ഐ സഖ്യം

Posted on: January 24, 2020 11:35 pm | Last updated: January 25, 2020 at 10:35 am

ന്യൂഡല്‍ഹി | ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ-ബാപ്സ-എല്‍ ഡി എസ് എഫ് സഖ്യത്തിന് ഉജ്ജ്വല വിജയം. മത്സരം നടന്ന അഞ്ചില്‍ നാല് സീറ്റുകളിലും എ ബി വി പിയെ തറപറ്റിച്ചാണ് സഖ്യം വിജയം നേടിയത്. സര്‍വകലാശാലയില്‍ ഏറ്റവും അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എ ബി വി പിയില്‍ നിന്ന് എസ് എഫ് ഐ പിടിച്ചെടുത്തു. സംസ്ഥാനത്ത് എസ് എഫ് ഐ കമ്മിറ്റികള്‍ രൂപവത്കരിച്ച ശേഷം സര്‍വകലാശാല കൗണ്‍സിലിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്. ഭരണഘടനയുടെ ആമുഖം വായിച്ച് വിദ്യാര്‍ഥികള്‍ വിജയം ആഘോഷിച്ചു.

ചിത്തരഞ്ജന്‍ (എസ് എഫ് ഐ-സ്‌കൂള്‍ ഓഫ് ലാംഗ്വേജസ്), പ്രാചി ലോഖണ്ടെ (എല്‍ ഡി എസ് എഫ്-സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്), അഷ്‌റഫ് ദിവാന്‍ (ബാപ്സ-സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്), വിജേന്ദര്‍ (സ്വതന്ത്ര ഇടത് സ്ഥാനാര്‍ഥി-സ്‌കൂള്‍ ഓഫ് ലൈബ്രറി സയന്‍സസ്) എന്നിവരാണ് വിജയിച്ചത്. സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ എ ബി വി പിക്കെതിരെ മത്സരിച്ച വിമത സ്ഥാനാര്‍ഥി തരുണും തിരഞ്ഞെടുക്കപ്പെട്ടു.

കാമ്പസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എ ബി വി പിയുടെ ഭീഷണികളെയും കടന്നാക്രമണങ്ങളെയും അതിജീവിച്ചാണ് വിജയം കരസ്ഥമാക്കിയതെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി, ജെ എന്‍ യു, ജാമിയ സര്‍വകലാശാലകളില്‍ നടന്ന ആക്രമണങ്ങള്‍ തുടങ്ങിയവക്കെതിരെ ഗുജറാത്ത് കേന്ദ്ര സര്‍വകലശാലയില്‍ നടന്ന തുടര്‍ സമരങ്ങളാണ് എ ബി വി പി വിരുദ്ധ നിലപാടുകള്‍ക്ക് ശക്തി പകര്‍ന്നതെന്നും അവര്‍ പറഞ്ഞു.