അപകടം കോടതിയും കാണുന്നു

ഹരജികള്‍ വളരെ പ്രാധാന്യമുള്ളവയാണെന്ന് കോടതി പറയാതെ പറഞ്ഞിരിക്കുന്നു. അര്‍ഥപൂര്‍ണമായ വാദം കേള്‍ക്കല്‍ ഇനിയുമുണ്ടാകും, ഇതിലെ ജനങ്ങളുടെ ആശങ്ക കോടതി മുഖവിലക്കെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
സുപ്രീം കോടതി അഭിഭാഷകന്‍
Posted on: January 23, 2020 4:45 pm | Last updated: January 24, 2020 at 11:50 am

സുപ്രീം കോടതിയില്‍ ഇന്നലെ നടന്നത് വളരെ സുപ്രധാനമായ ഹിയറിംഗായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്റ്റേ അനുവദിച്ചില്ല എന്നതു കൊണ്ട് ഇന്നലെത്തെ കോടതിയുടെ വാദം കേള്‍ക്കലും നിരീക്ഷണങ്ങളും വില കുറച്ചു കാണാനാകില്ല. സ്‌റ്റേ അനുവദിക്കാതിരുന്നത് നിയമത്തിന്റെ സാങ്കേതിക നൂലാമാലകള്‍ കാരണമാണെന്ന് വ്യക്തം. കാരണം പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമം നടപ്പാക്കുന്നത് മരവിപ്പിക്കുകയെന്നത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ്. കേസിന്റെ മുഴുവന്‍ വശങ്ങളും പഠിച്ച ശേഷം അത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഥമ ദൃഷ്ട്യാ എസ്റ്റാബ്ലിഷ്‌മെന്റ് ചെയ്തു കഴിയുമ്പോഴാണ് അത്തരത്തില്‍ സാധാരണ കോടതികള്‍ സ്‌റ്റേ അനുവദിക്കാറുള്ളത്. മാത്രമല്ല, ഇത്തരമൊരു നിയമം എങ്ങനെയാണ് ജനങ്ങള്‍ക്ക് പ്രതികൂലവും അസഹനീയവുമായ ഒരു നിയമമാകുന്നത് എന്ന് കോടതിയെ ബോധ്യപ്പെടുത്തുമ്പോള്‍ മാത്രമാണ് സ്‌റ്റേ അനുവദിക്കാറുള്ളത്.

പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം സാധാരണയില്‍ സ്റ്റേ ചെയ്യാറില്ലെന്നതാണ് വ്യവഹാര ശൈലി. ഭരണഘടനാ കോടതികള്‍ അങ്ങനെ പ്രവര്‍ത്തിക്കാറില്ല. പക്ഷേ, അതിനുള്ള അധികാരം കോടതികള്‍ക്കുണ്ട്. ഇന്നലെ കേസിന്റെ മെറിറ്റിലൊന്നും വിശദമായി കോടതി വാദം കേട്ടിരുന്നില്ല. മാത്രമല്ല ഇത്രയധികം ഹരജികള്‍ ഉള്ള സ്ഥിതിക്ക് കേന്ദ്ര ഭരണകൂടത്തിന്റെ പ്രതികരണം കോടതിക്ക് അനിവാര്യമാണ്. കാരണം എല്ലാ കേസുകളും ഒരുമിച്ചാണ് കേള്‍ക്കുന്നത്. ഒരു റിലീസ് ഗ്രാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഇത് സംബന്ധിച്ച പ്ലീഡിംഗുകള്‍ പൂര്‍ത്തിയായതിന് ശേഷം വാദം നടക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ അങ്ങനെ ഒരു സ്‌റ്റേ കോടതിക്ക് അനുവദിക്കാന്‍ കഴിയൂ. അങ്ങനെയാണെങ്കില്‍ പോലും സാധാരണയില്‍ കോടതി സ്‌റ്റേ അനുവദിക്കാറില്ല എന്ന യാഥാര്‍ഥ്യവും അറിഞ്ഞിരിക്കണം.

വളരെ നിര്‍ണായകമായിരുന്നു ഇന്നലെത്തെ ഹിയറിംഗ്. ഉന്നയിച്ച വിഷയങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അത് ഭരണഘടനാ ബഞ്ചിന് റഫര്‍ ചെയ്യേണ്ടതാണെന്നുമുള്ള നിരീക്ഷണം ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി. നിയമപരമായി വളരെ പ്രസക്തിയുള്ള വിഷയങ്ങളാണ് ഈ ഹരജികളിലുള്ളതെന്ന് കോടതി തിരിച്ചറിയുകയും ചെയ്തു. ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട മൂല്യമേറിയ ചോദ്യങ്ങളാണ് ഈ ഹരജിയില്‍ ഉയര്‍ത്തപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് ഭരണഘടനാ ബഞ്ചിലേക്ക് ഇത് റഫര്‍ ചെയ്‌തേക്കാമെന്ന കാഴ്ചപ്പാടിലേക്ക് കോടതി എത്തുന്നത്. അതായത് ഗുരുതരമായ ഭരണഘടനാ പ്രശ്‌നങ്ങളാണ് ഹരജികളിലൂടെ ഉന്നയിക്കപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നര്‍ഥം.

അതുപോലെ, ചില ഗൗരവമായ വിഷയങ്ങള്‍ ജുഡീഷ്യല്‍ നോട്ടീസില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതും പ്രസക്തമാണ്. സര്‍ക്കാര്‍ അസമില്‍ എന്‍ ആര്‍ സി നടപ്പാക്കിയാല്‍ അവിടുത്തെ ജനങ്ങളുടെ അവകാശത്തെ ബാധിക്കുമെന്നതിനാല്‍ അത് തടയണമെന്നാണ് കോടതിയുടെ മുമ്പില്‍ ആവശ്യപ്പെട്ടത്. യു പിയില്‍ ചട്ടങ്ങള്‍ പോലും ഫ്രെയിം ചെയ്യാതെയാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്നത് എന്നതും കോടതിയുടെ ശ്രദ്ധയിലെത്തി. പൗരന്മാരല്ലാത്തവരെ സംബന്ധിച്ചുള്ള വിശദമായ കണക്കെടുപ്പ് നടത്തി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട് എന്ന് പറയുമ്പോഴും ജനങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെട്ടേക്കാം എന്ന ഗൗരവമായ വിഷയവും കോടതിയുടെ മുമ്പാകെ കൊണ്ടുവന്നു.

കോടതിയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തിന്റെ ഗൗരവം അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിന് സ്‌റ്റേ അനുവദിച്ചില്ല എന്നത് കൊണ്ട് മാത്രം ഇന്നലെത്തെ കോടതി നടപടികളെ വില കുറച്ച് കാണേണ്ടതില്ല.
അസമിലും ത്രിപുരയിലും എന്‍ ആര്‍ സി ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ അത് സംബന്ധിച്ച വാദം കേള്‍ക്കല്‍ പ്രത്യേകം വേണമെന്നാണ് കോടതിയുടെ പക്ഷം. തീവ്ര ഗൗരവമുള്ളതു കൊണ്ടാണ് കോടതി ഇതിനെ ഇങ്ങനെ സമീപിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ അപകടവും ദൂരവ്യാപക പ്രത്യാഘാതങ്ങളും ഭരണഘടനാ പ്രശ്‌നങ്ങളും ഇത്ര കാലം മീഡിയകളും മറ്റും ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു ശൈലി. എന്നാലിപ്പോള്‍ അതിന്റെ അപകടവും തീവ്രതയും പ്രാധാന്യവും കോടതിക്കു കൂടി ബോധ്യപ്പെട്ടിരിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതുപോലെ ഹരജികള്‍ അപ്രസക്തമാണെന്നോ ഗൗരവത്തിലെടുക്കേണ്ടതല്ലാത്തവയാണെന്നോ തരത്തിലുള്ള ഒരു പരാമര്‍ശങ്ങളും ഹരജിക്കാര്‍ക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചിട്ടില്ല. മറു ചോദ്യങ്ങളും ബഞ്ചില്‍ നിന്ന് ഉയര്‍ന്നില്ല. കോടതി ഇനിയും ഇതില്‍ ഇടപെടുമോ എന്നത് സംബന്ധിച്ച് വ്യക്തത വരാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

സാധ്യതകള്‍ വെച്ചു നോക്കുമ്പോള്‍ ഈ കേസ് ഭരണഘടനാ ബഞ്ചിന് കൈമാറാനാണ് സാധ്യത.  അങ്ങനെയെങ്കില്‍ വിശദമായ വാദം കേള്‍ക്കലുകള്‍ക്ക് ശേഷം മാത്രമേ തീരുമാനത്തിലെത്താന്‍ കോടതിക്ക് കഴിയൂ. കോടതി ഇടപെടാം, ഇടപെടാതിരിക്കാം, അത് കോടതിക്ക് വിടാം.  എന്തായാലും ഹരജികള്‍ വളരെ പ്രാധാന്യമുള്ളവയാണെന്ന് കോടതി പറയാതെ പറഞ്ഞിരിക്കുന്നു. അര്‍ഥപൂര്‍ണമായ വാദം കേള്‍ക്കല്‍ ഇനിയുമുണ്ടാകും, ഇതിലെ ജനങ്ങളുടെ ആശങ്ക കോടതി മുഖവിലക്കെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

– അഡ്വ. എം ആര്‍ അഭിലാഷ്‌