പരാതി പ്രവാഹം; കെ പി സി സി ഭാരവാഹി പട്ടികയില്‍ ഒപ്പിടാന്‍ ഹൈക്കമാന്‍ഡ് വിസമ്മതിച്ചു

Posted on: January 23, 2020 9:14 am | Last updated: January 23, 2020 at 12:22 pm

ന്യൂഡല്‍ഹി | കെ പി സി സി ബുധനാഴ്ച സമര്‍പ്പിച്ച ജംബോ ഭാരവാഹി പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഹൈക്കമാന്‍ഡ്. പ്രവര്‍ത്തന മികവുള്ളവരെയ തഴഞ്ഞെന്നും ഭാരവാഹികളുടെ ധാരാളിത്തവും ഒറ്റ പദവി മാനദണ്ഡം പാലിച്ചില്ലെന്നും മറ്റുമുള്ള പരാതി ഉയര്‍ന്നതോടെയാണ് ഒപ്പിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിസമ്മതിച്ചത്. നേതാക്കളെ തോന്നിയ പോലെ പട്ടികയില്‍ തിരുകിക്കയറ്റിയതായും വ്യാപക പരാതിയുണ്ട്. സംസ്ഥാനത്തെ രണ്ടാംനിര നേതാക്കളാണ് പ്രധാനമായും പരാതിക്കാര്‍.

155 പേരടങ്ങുന്ന പട്ടികയാണ് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് സമര്‍പ്പിച്ചിരുന്നത്. പിന്നീട് തന്റെ മുന്നിലെത്തിയ പട്ടിക അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി സോണിയ ഒപ്പിടാന്‍ കൂട്ടാക്കാതിരിക്കുകയായിരുന്നു. പുതിയ പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം നിലവിലെ നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയിരുന്നു. 13 വൈസ് പ്രസിഡന്റുമാരും 42 ജനറല്‍ സെക്രട്ടറിമാരും 94 സെക്രട്ടറിമാരും പട്ടികയിലുണ്ട്.

വിദഗ്ധ ചികിത്സക്കായി സോണിയാ ഗാന്ധി ഇന്ന് വിദേശത്തേക്ക് പോകും. അതിനു മുമ്പ് പട്ടിക പാസാക്കാനുള്ള കെ പി സി സി ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. മുകുള്‍ വാസ്നിക്കും വിദേശ സന്ദര്‍ശനത്തിനായി പോകുന്നതിനാല്‍ പുനസ്സംഘടന അനന്തമായി നീളാന്‍ സാധ്യതയേറിയിരിക്കുകയാണ്.ഈ സാഹചര്യത്തിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുകയാണ്.