വധശിക്ഷ: ഇരകള്‍ക്ക് അനുകൂലമാകും വിധം മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വേണമെന്ന് കേന്ദ്രം കോടതിയില്‍

Posted on: January 22, 2020 9:56 pm | Last updated: January 23, 2020 at 10:27 am

ന്യൂഡല്‍ഹി | വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ ഇരകള്‍ക്ക് അനുകൂലമാകുന്ന വിധത്തില്‍ മാറ്റം വേണമെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍. പ്രതികളേക്കാള്‍ ഇരകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്ന രൂപത്തിലാകണം മാര്‍ഗ നിര്‍ദേശങ്ങള്‍. വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് അവരുടെ അവസാന നിയമ പരിരക്ഷ ഉപയോഗിക്കുന്നതിന് സമയപരിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. 2014ലെ ശത്രുഗഹന്‍ ചൗഹാന്‍ കേസില്‍ സുപ്രീം കോടതി വധശിക്ഷ നടപ്പിലാക്കുന്നതിന് വേണ്ടി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ ഭേദഗതിയും വ്യക്തതയും വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. പ്രതികള്‍ തിരുത്തല്‍ ഹരജി നല്‍കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം.

വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് അവരുടെ അവസാന നിയമ പരിരക്ഷ ഉപയോഗിക്കുന്നതിന് സമയപരിധി ഏര്‍പ്പെടുത്തണം. നിലവില്‍ തിരുത്തല്‍ ഹരജി നല്‍കുന്നതിന് സമയപരിധിയില്ല. പ്രതികള്‍ക്ക് ദയാഹരജി നല്‍കണമെന്നുണ്ടെങ്കില്‍ മരണവാറണ്ട് പുറപ്പെടുവിച്ച് ഏഴ് ദിവസത്തിനുള്ളില്‍ മാത്രം അനുവദിക്കണം. ദയാഹരജി തള്ളിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണം. ഇതുകഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പിലാക്കാനും മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

നിലവിലെ നിയമം കുറ്റവാളികളുടെ പക്ഷത്തോട് ചായ്വുള്ളതാണെന്നും നിയമം കൊണ്ടു കളിക്കാനും വധശിക്ഷ നടപ്പാക്കല്‍ നീട്ടിക്കൊണ്ടുപോകാനും അവരെ സഹായിക്കുന്നതാണെന്നും കേന്ദ്രം സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് നടപടിക്രമങ്ങള്‍ മൂലം വൈകുന്നുവെന്ന വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വൈകുന്നതില്‍, പ്രതിഷേധം പുകയുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റണമെന്നായിരുന്നു ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഒമ്പതിന് മരണ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ പ്രതികളില്‍ ഒരാള്‍ ദയാഹരജിയുമായി കോടതിയിലെത്തിയതോടെ വധശിക്ഷ നടപ്പിലാക്കല്‍ ഫെബ്രുവരി ഒന്നിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രപതി ദയാഹരജി തള്ളി, പതിനാല് ദിവസത്തിനു ശേഷമേ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കാവൂ എന്നാണ് ചട്ടം.