Connect with us

National

ജാമ്യ വ്യവസ്ഥകളില്‍ ഇളവ്; ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹി സന്ദര്‍ശിക്കാന്‍ കോടതി അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യ അനുവദിച്ചപ്പോള്‍ വെച്ച കര്‍ശന വ്യവസ്ഥകളില്‍ ഉപാധികളോടെ ഇളവ് നല്‍കി ഡല്‍ഹി കോടതി. നാലാഴ്ചത്തേക്ക് ഡല്‍ഹിയിലേക്ക് കടക്കരുതെന്ന ജാമ്യ വ്യവസ്ഥകള്‍ക്കാണ് ഇളവ് നല്‍കിയത്. ഡിസിപിയെ മുന്‍കൂട്ടി അറിയിച്ച് ആസാദിന് ഡല്‍ഹി സന്ദര്‍ശിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹിയിലോ സഹാറന്‍പൂരിലോ അല്ല ഉള്ളതെങ്കില്‍ ഇ മെയില്‍ വഴി അക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ 27 ദിവസം ജയിലില്‍ കഴിഞ്ഞ ചന്ദ്രശേഖറിന് കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി ആസാദ് കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയായിരുന്നു.

ഇളവുകള്‍ അനുവദിച്ച കോടതിയുടെ പുതിയ നടപടിയോടു ഭരണഘടന വിജയം എന്നാണ് ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചത്. ഇനി എന്നെ കാണാന്‍ കാത്തിരിക്കുന്ന ഡല്‍ഹിയിലെ സഹോദരങ്ങളെ തടസമില്ലാതെ സന്ദര്‍ശിക്കാം. അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് അവരെ സഹായിക്കാനും കഴിയും. രാജ്യത്തെ പലതായി പിച്ചിക്കീറുന്ന ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്താതെ നോക്കുക എന്നതാണ് ഇനിയുള്ള തന്റെ ലക്ഷ്യമെന്നും ആസാദ് പറഞ്ഞു.