Connect with us

International

പാമോയിൽ വിലക്ക്: ഇന്ത്യയോട് ഏറ്റുമുട്ടാനില്ലെന്ന് മലേഷ്യ

Published

|

Last Updated

ക്വാലലംപുർ | മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി നിർത്തിവെച്ച ഇന്ത്യയുടെ ക്രൂരമായ നടപടിയോട് പ്രതികാരം ചെയ്യാനില്ലെന്ന് മലേഷ്യ. തങ്ങൾ ചെറിയ രാജ്യമാണെന്നും ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കാനില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി മഹാത്വിർ മുഹമ്മദ് വ്യക്തമാക്കി. മനുഷ്യത്വവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ മോദി സർക്കാറിന്റെ പ്രതികാര നടപടിക്ക് വിധേയമായ രാജ്യമാണ് മലേഷ്യ.

ഇന്ത്യയുമായി മികച്ച വാണിജ്യ ബന്ധം കാത്തുസൂക്ഷിച്ച മലേഷ്യയിൽ നിന്നായിരുന്നു ഇവിടേക്ക് വ്യാപകമായി പാമോയിലെത്തിയിരുന്നത്. മലേഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട പാമോയിൽ കയറ്റുമതി രാജ്യം ഇന്ത്യയായിരുന്നു. ഇന്ത്യയുടെ നിരോധനം വന്നതോടെ രാജ്യത്തെ പാമോയിൽ മേഖല കനത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയുടെ നിരോധനം തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്ന് 94കാരനായ മഹാത്വിർ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ ഈ മാസമാണ് മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി നിർത്തിയത്.
ഭക്ഷ്യ എണ്ണ ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് മലേഷ്യ. അഞ്ച് വർഷമായി ഇന്ത്യയാണ് മലേഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ പാമോയിൽ വാങ്ങുന്നത്.

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ വളരെ ചെറിയ രാജ്യമാണ്. അതിനാൽ ഇന്ത്യക്ക് മറുപടി നൽകാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയെയും ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളെയും മഹാത്വിർ മുഹമ്മദ് വിമർശിച്ചിരുന്നു. ഇതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായത്.
മോദി സർക്കാറിന്റെ ബഹിഷ്‌കരണത്തെ തുടർന്ന് കഴിഞ്ഞയാഴ്ച മലേഷ്യയിലെ പാം വിപണി 10 ശതമാനം ഇടിഞ്ഞു. 11 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണിത്.

Latest