അനധികൃത കുടിയേറ്റക്കാരെന്ന് ആരോപണം; ബെംഗളൂരുവിലെ നൂറുകണക്കിന് കുടിലുകൾ പൊളിച്ചുനീക്കി

ആയിരക്കണക്കിന് താമസക്കാർ പെരുവഴിയിലായി
Posted on: January 21, 2020 9:12 am | Last updated: January 21, 2020 at 10:46 am
നോർത്ത് ബെംഗളൂരുവിലെ കരിയമ്മന അഗ്രഹാര പ്രദേശത്ത് അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് കുടിലുകൾ പൊളിച്ചുനീക്കിയ നിലയിൽ

ബെംഗളൂരു | പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുന്നതിനിടെ ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ബെംഗളൂരുവിലെ നൂറുകണക്കിന് വരുന്ന കുടിലുകൾ അധികൃതർ പൊളിച്ചു നീക്കി. നോർത്ത് ബെംഗളൂരുവിലെ കരിയമ്മന അഗ്രഹാര പ്രദേശത്തെ കുടിലുകളാണ് ബെംഗളൂരു മുനിസിപ്പാലിറ്റി അധികൃതർ കൂട്ടത്തോടെ പൊളിച്ചുമാറ്റിയത്. ആയിരക്കണക്കിന് താമസക്കാരാണ് ഇതോടെ പെരുവഴിയിലായത്. ഈ പ്രദേശത്തേക്കുള്ള വൈദ്യുതിയും കുടിവെള്ള വിതരണവും മൂന്ന് ദിവസം മുമ്പ് നിർത്തിവെച്ച അധികൃതർ കഴിഞ്ഞ ദിവസം രാവിലെ മുതലാണ് കുടിലുകൾ പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
അസം, പശ്ചിമ ബംഗാൾ, ത്രിപുര, ഉത്തർ പ്രദേശ്, വടക്കൻ കർണാടക എന്നിവിടങ്ങളിലുമുള്ളവരാണ് കരിയമ്മന അഗ്രഹാര പ്രദേശത്ത് വർഷങ്ങളായി കുടിൽ കെട്ടി താമസിച്ചു വന്നിരുന്നത്. ഇവരോട് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പ്രദേശം വിട്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടത്. സ്ഥലത്ത് അനധികൃതമായി കുറേ പേർ കുടിൽ കെട്ടി താമസിക്കുന്നുണ്ടെന്ന് കാണിച്ച് സമീപനാളിൽ ബി ജെ പി. എം എൽ എ അരവിന്ദ് ലിംബാവലി വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബെംഗളൂരു മുനിസിപ്പൽ അധികൃതരുടെ നടപടി. ജനുവരി 12നാണ് ഈ പ്രദേശത്തെ കുടിലുകളുടെ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അന്വേഷിച്ച് ഉടനെ നടപടിയെടുക്കാൻ അധികാരികൾക്ക് മന്ത്രി നിർദേശം നൽകി. അന്യദേശങ്ങളിൽ നിന്നുള്ളവർ ഇവിടെ സ്ഥിരമായി താമസിച്ചുവരികയാണെന്നും അവരിൽ ചിലർ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്നതായും മന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.

എന്നാൽ, തങ്ങളിൽ ഭൂരിഭാഗവും വടക്കു കിഴക്കൻ ഇന്ത്യ, വടക്കൻ കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ബംഗ്ലാദേശിൽ നിന്നുള്ളവർ ആരുമില്ലെന്നും പ്രദേശത്തെ താമസക്കാർ നഗരസഭാ അധികൃതരോട് പറഞ്ഞെങ്കിലും പൊളിച്ചുനീക്കൽ പ്രവൃത്തിയിൽ നിന്ന് അധികൃതർ പിന്തിരിഞ്ഞില്ല. ഉപജീവന മാർഗം തേടിയാണ് പലരും ബെംഗളൂരുവിലെത്തിയതെന്ന് അസമിൽ നിന്നുള്ള അഹദൂർ റഹ്്മാൻ, ഉസ്മാൻ, മുഹമ്മദ് തൗഫീഖ് എന്നിവർ പറഞ്ഞു. “ഞങ്ങൾക്ക് മുൻകൂട്ടി അറിയിപ്പ് ലഭിച്ചില്ല. ഒരു എക്‌സ്‌കവേറ്ററുമായി ഉദ്യോഗസ്ഥർ ഇവിടെയെത്തി കുടിലുകൾ പൊളിച്ചുതുടങ്ങി. മുറികളിലെ ഞങ്ങളുടെ സാധന സാമഗ്രികൾ എടുക്കാൻ പോലും സമയം നൽകിയില്ല. എന്തുകൊണ്ടാണ് ഞങ്ങളുടെ രേഖകൾ പരിശോധിക്കാതെ ഈ കൃത്യം ചെയ്തത്.’ താമസക്കാരിയായ മുന്നി ബീഗം ചോദിച്ചു. മുന്നിയും ഇവിടത്തെ മറ്റ് നിരവധി താമസക്കാരും തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ആധാർ കാർഡ്, വോട്ടർ ഐ ഡി, ജീവനക്കാരുടെ ഐ ഡി കാർഡുകൾ എന്നിവയുൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡുകൾ ഉയർത്തിപ്പിടിച്ചിട്ടും ഉദ്യോഗസ്ഥർ കുടിലുകൾ നിലംപരിശാക്കുന്നത് തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ, 200 ഓളം കുടിലുകൾ പൊളിച്ചുമാറ്റി. “ഞങ്ങൾ ഇവിടെ വീട്ടുജോലിക്കാരായും ക്ലീനർമാരായും പ്രവർത്തിക്കുന്നു. ഞങ്ങളും മനുഷ്യരാണ്. പോലീസ് ഞങ്ങളുടെ പൗരത്വത്തെ സംശയിക്കുന്നുവെങ്കിൽ അവർ രേഖകൾ പരിശോധിക്കണം.’- നാല് വർഷം മുമ്പ് അസമിൽ നിന്നെത്തിയ മുഹമ്മദ് അഹാദ് ഉൽ പറഞ്ഞു.

എല്ലാ താമസക്കാർക്കും ആധാർ, പാൻ, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയുൾപ്പെടെ യുള്ള തിരിച്ചറിയൽ കാർഡുകൾ ഉണ്ട്. കൂടാതെ, അസമിൽ നിന്നുള്ളവരുടെ പേരുകൾ ദേശീയ പൗരത്വ രജിസ്റ്ററിലുണ്ടെന്നും ഇവർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇവിടെ നിന്നും മാറി താമസിക്കാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നതെന്നും അഹദൂർ റഹ്്മാൻ പറഞ്ഞു. തങ്ങൾക്ക് താമസിക്കാൻ വേറെ സ്ഥലമില്ലെന്നും തുച്ഛമായ വരുമാനമാണ് ഇവിടെ താമസിക്കുന്ന പലർക്കുമുള്ളതെന്നും അതുകൊണ്ട് തന്നെ വാടക നൽകി താമസിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും താമസക്കാർ പറയുന്നു. സെക്യൂരിറ്റി ഗാർഡുകൾ, വീട്ടുജോലിക്കാർ, പാചകക്കാർ, ക്ലീനർമാർ, മാലിന്യങ്ങൾ വേർതിരിക്കുന്നവർ എന്നിവരാണ് ഇവിടെ താമസിക്കുന്നവരിൽ ഏറെയും. പൊളിച്ചുമാറ്റാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബി ബി എം പിയുടെ മറാത്തഹള്ളി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ മറാത്തഹള്ളി സി ഐക്ക് കത്തെഴുതിയിരുന്നു.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് പ്രദേശത്ത് വർഷങ്ങളായി കുടിലുകൾ കെട്ടി താമസിക്കുന്നതെന്നും അതുകൊണ്ടാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്നുമാണ് ബെംഗളൂരു മുനിസിപ്പൽ അധികൃതരുടെ വിശദീകരണം. ഇവർ ഇവിടെ സ്ഥിര താമസമാക്കിയതോടെ കുറ്റകൃത്യങ്ങളും മറ്റു അസാന്മാർഗിക പ്രവൃത്തികളും വർധിച്ചതായും ഇതു സംബന്ധിച്ച് മുനിസിപ്പാലിറ്റിക്ക് നിരവധി പരാതികളാണ് ലഭിച്ചതെന്നും അധികൃതർ പറയുന്നു. അനുമതിയില്ലാതെയാണ് കുടിലുകൾ നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി സർവേ നമ്പർ 35/2 ലെ ഉടമക്ക് കഴിഞ്ഞ ജനുവരി 11ന് ബെംഗളൂരു പോലീസ് നോട്ടീസ് നൽകിയിരുന്നു.

കുടിലുകളിൽ താമസിക്കുന്നത് ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യണമെന്നും താമസക്കാരുടെ വിവരങ്ങൾ നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആരോടും സ്ഥലം മാറി പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഡി സി പി. എം എൻ അനുചേദിന്റെ പ്രതികരണം. സ്ഥലത്തെ താമസക്കാരുടെ വിവരങ്ങൾ നൽകാനാണ് ഉടമകളോട് ആവശ്യപ്പെട്ടത്. 2019 ഒക്ടോബറിൽ 60 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തിയ ശേഷമായിരുന്നു ഇത്. എന്നാൽ, ഇപ്പോൾ ഇവരുടെ കുടിലുകൾ പൊളിച്ചുമാറ്റാൻ പോലീസ് തയ്യാറായത് എന്തടിസ്ഥാനത്തിലാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടിലുകൾ പൊളിച്ചുമാറ്റിയത് നിയമവിരുദ്ധവും പോലീസിന്റെ അധികാരപരിധിയിൽ വരാത്തതുമായ കാര്യമാണെന്നും അഭിഭാഷകനായ വിനയ് ശ്രീനിവാസ പറഞ്ഞു. പോലീസ് ഇത് സംബന്ധിച്ച നോട്ടീസ് ഏതെങ്കിലും താമസക്കാർക്ക് നൽകിയിട്ടില്ല. ഇത് അംഗീകരിക്കാൻ കഴിയില്ല. വിദേശികൾ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെങ്കിൽ വിദേശി നിയമപ്രകാരമാണ് പോലീസ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മാസം മുമ്പ് രാമമൂർത്തി നഗർ, ബെലന്ദൂർ, മാറത്തഹള്ളി എന്നിവിടങ്ങളിൽ നിന്നുള്ള 60 ബംഗാളികളെ സിറ്റി പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ട്രെയിൻ വഴി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു.