സംസ്ഥാന സര്‍ക്കാറിന്റെത് ചട്ടലംഘനം തന്നെ; വിശദീകരണം തൃപ്തികരമല്ല: ഗവര്‍ണര്‍

Posted on: January 20, 2020 5:33 pm | Last updated: January 20, 2020 at 10:16 pm

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതില്‍ ചട്ട ലംഘനമുണ്ടായെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു. സി എ എക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ അധികാരം മറികടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഭരണഘടനാ ലംഘനമോ ചട്ടലംഘനമോ ഉണ്ടായിട്ടില്ലെന്നും ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.

സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നിയമ നടപടിക്ക് പോകുന്നതിന് മുമ്പ് ഗവര്‍ണറോട് അനുമതി വാങ്ങേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഏറ്റവും കുറഞ്ഞത് തന്നെ അറിയിക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നു.
രാജ്യത്തെ ഭരണഘടനയും നിയമവും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. താനും സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ ഈഗോ പ്രശ്‌നമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതിനിടെ, ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗവര്‍ണര്‍ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല സി പി എം. തന്റെ നിലപാടുകളില്‍ എന്തെങ്കിലും തെറ്റു കണ്ടെത്താന്‍ കഴിയാത്തതിനാലാണ് പദവി റദ്ദാക്കാന്‍ യെച്ചൂരി പറയുന്നതെന്നും അപ്പോള്‍ ആരും ചോദ്യംചെയ്യാന്‍ ഉണ്ടാകില്ലല്ലോയെന്നും ഗവര്‍ണര്‍ പറഞ്ഞു.