Connect with us

Malappuram

ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് 99 ആണ്ട്

Published

|

Last Updated

കുഞ്ഞഹമ്മദ് ഹാജി ഒളിവിൽ താമസിച്ച ചിങ്കക്കല്ല് മലവാരവും ചിങ്കക്കല്ലും

കാളികാവ് | വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ വെടിവെച്ച് കൊന്നിട്ട് 99 വർഷം പൂർത്തിയാകുന്നു. പോരാട്ട വീര്യത്തിന്റെ കാലടിപ്പാടുകൾ കാളികാവ് ചിങ്കക്കല്ല് മലവാരത്തിലുണ്ട്. ആലിമുസ്്ലിയാർക്കൊപ്പം ബ്രിട്ടീഷ് വാഴ്ചക്കെതിരെ ധീരതയോടെ പോരാടിയ കുഞ്ഞഹമ്മദാജി 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂല ചിങ്കക്കല്ലിൽ നിന്ന് ബ്രിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയിൽവീണത്.
ബ്രിട്ടീഷ് ഭരണകാലത്തും അതിന് മുമ്പും ജന്മിത്ത ദുഷ്പ്രഭുത്വത്തിന് കീഴിൽ കുടിയാന്മാരായി കഴിഞ്ഞിരുന്ന മാപ്പിളമാർ അധഃസ്ഥിതരായ മറ്റു വിഭാഗങ്ങൾക്കൊപ്പം നാടുവാഴിത്തത്തിനെതിരെ പ്രതിഷേധം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു. മലബാർ കലാപത്തിന്റെ മുമ്പുതന്നെ ഒറ്റപ്പെട്ട് പലയിടത്തും മാപ്പിളമാർ ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്തി.

ഇതിനിടയിലാണ് ദേശീയതലത്തിൽ ഖിലാഫത്ത് പ്രസ്ഥാനം പ്രഖ്യാപിക്കപ്പെടുന്നത്. നിലമ്പൂർ, പന്തല്ലൂർ, തുവ്വൂർ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു. സമരത്തെ നേരിടാൻ വെള്ളപ്പട്ടാളം മലബാറിലേക്ക് ഇരച്ചെത്തി. ആലിമുസ്്ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തിന്റെ പിടിയിലായതോടെ വാരിയൻകുന്നത്ത് തന്റെ പ്രവർത്തനമേഖല നിലമ്പൂരിലേക്ക് മാറ്റി.
ചോക്കാട് കല്ലാമൂല ചിങ്കക്കല്ല് മലവാരത്തിൽ ഒളിച്ച് താമസിച്ച് അദ്ദേഹം വെള്ളക്കാർക്കെതിരെ ഒളിപ്പോര് തുടർന്നു. സമരനായകൻ വാരിയൻകുന്നത്തിനെ ഏതുവിധേനയും പിടികൂടുക എന്ന ലക്ഷ്യവുമായി മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് “ബാറ്ററി”എന്ന പേരിൽ പ്രത്യേക സേന രൂപവത്കരിച്ചു. കല്ലാമൂല ചിങ്കക്കല്ലിൽ വലിയപാറയുടെ ചാരെ ഇലകൾകൊണ്ടും മറ്റും മൂടിയ താവളത്തിലായിരുന്നു വാരിയൻകുന്നത്തും അനുയായികളും കഴിഞ്ഞിരുന്നത്.

ചാരന്മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയൻകുന്നത്തിന്റെ താവളം കണ്ടെത്തി. കുഞ്ഞഹമ്മദാജിയെയും 27 അനുയായികളെയും സേന പിടികൂടി. അനുരഞ്ജന രൂപത്തിലെത്തി കുഞ്ഞഹമ്മദാജിയെ നിസ്‌കരിക്കുന്നതിനിടെ ചതിയിൽ പിടികൂടുകയായിരുന്നു. വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20ന് മലപ്പുറം കോട്ടക്കുന്നിൽ വെച്ച് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇന്ത്യയുടെ പുതിയ സാഹചര്യത്തിൽ വാരിയൻ കുന്നത്തിന്റെ പോരാട്ടങ്ങൾ ഏറെ പ്രസക്തതമാണ്.

Latest