പൗരത്വ പോരാട്ടത്തിന് താങ്ങേകാന്‍ ടണ്‍ കണക്കിന് നെല്ലുമായി അസമിലെ കര്‍ഷകര്‍

Posted on: January 18, 2020 10:09 pm | Last updated: January 19, 2020 at 11:49 am

 ഗുവാഹത്തി |  പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് നടത്താന്‍ അസമിലെ വിദ്യാര്‍ഥി സംഘടനക്ക് ചാക്ക് കണക്കിന് നെല്ല് സഹായം നല്‍കി കര്‍ഷകര്‍. അസമിലെ ദില്‍ബ്രുഗര്‍ ജില്ലയിലെ 85 ഗ്രാമങ്ങളിലെ കര്‍ഷകരാണ് നെല്ല് ശേഖരിച്ച് ആള്‍ അസം സ്റ്റുഡന്റ് യൂണിയന് കൈമാറുക. 50 കിലോ വരുന്ന 645 ചാക്ക് നെല്ല് ഇപ്പോള്‍ തന്നെ സ്റ്റുഡന്റ് യൂണിയന് നല്‍കി കഴിഞ്ഞു. ഇനി 32,250 കിലോ നെല്ല് തരാമെന്ന് കര്‍ഷകര്‍ വാഗ്ദാനം ചെയ്തതായി സ്റ്റുഡന്റ് യൂണിയന്‍ ജില്ലാ ഉപാധ്യക്ഷന്‍ അഞ്ജന്‍ നിയോഗ് പറഞ്ഞു.

ഒരു ക്വിന്റല്‍ നെല്ലിന് 1200 രൂപ ലഭിക്കും. അങ്ങനെയാണെങ്കില്‍ 3.87 ലക്ഷം രൂപ സ്റ്റുഡന്റ് യൂണിയന് ലഭിക്കും. ഈ പണം കൊണ്ട് കേസ് നടത്താമെന്നാണ് സ്റ്റുഡന്റ് യൂണിയന്‍ കരുതുന്നത്.

അസമില്‍ നിര്‍ണായക സ്വാധീനമുള്ള ആള്‍ അസം സ്റ്റുഡന്റ് യൂണിയന്‍ രാഷ്ട്രീയ പാര്‍ട്ടീ രൂപവത്കരിക്കരിക്കാന്‍ ഒരുങ്ങുകയാണ്. പൗരത്വ നിയമത്തെ ചൊല്ലി കേന്ദ്രസര്‍ക്കാറിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിനിടക്കാണ് സ്റ്റുഡന്റ് യൂണിയന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.

അസമിലെ ജനങ്ങളും കലാകാരന്‍മാരും ബുദ്ധിജീവികളും മറ്റുള്ളവരും അസമില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഞങ്ങളോട് സംസാരിക്കുന്നു. ഈ പ്രക്ഷോഭത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും കേന്ദ്രസര്‍ക്കാറിനെതിരെ നില്‍ക്കുന്നതിനും ഒരു ബദല്‍ ശക്തി വേണ്ട സമയമാണിതെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും സ്റ്റുഡന്റ് യൂണിയന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദീപാങ്ക കുമാര്‍ നാഥ് പറഞ്ഞു.