ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബി; ഇന്ത്യയില്‍ മംഗലാപുരം

Posted on: January 18, 2020 7:08 pm | Last updated: January 18, 2020 at 7:08 pm

അബുദാബി | ഏറ്റവും കുറഞ്ഞ കുറ്റകൃത്യ സൂചിക 11.33 ഉള്ള ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ആഗോളതലത്തിലുള്ള ഡാറ്റാബേസായ നംബിയോ നടത്തിയ സര്‍വേയില്‍ പറയുന്നു. 374 നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സൂചിക 88.67 ഉള്ള നഗരമായാണ് അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്. ഉപഭോക്തൃ വില, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യസംരക്ഷണത്തിന്റെ ഗുണനിലവാരം എന്നീ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് തയ്യാറാക്കിയത്.

ഒരു നഗരത്തിന്റെ റാങ്കിംഗില്‍ വര്‍ദ്ധനവ് അര്‍ത്ഥമാക്കുന്നത് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുന്നു എന്നാണ്. സര്‍വേ പ്രകാരം, അബുദാബി ഒന്നാം സ്ഥാനത്ത് തുടരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ നഗരമായി ഷാര്‍ജയും, ഏഴാമത്തെ നഗരമായി ദുബൈയും സ്ഥാനം നേടി. ദുബൈയുടെ സുരക്ഷാ സൂചിക 82.95 ആണ്. സുരക്ഷാ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ അബുദാബിക്ക് പിറകെ തായ്‌പേയ്, ക്യൂബെക്ക്, സൂറിച്ച്, ദുബൈ, മ്യൂണിച്ച്, എസ്‌കിസെഹിര്‍, ബെര്‍ണ്‍ നഗരങ്ങള്‍ ഇടം നേടി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മംഗലാപുരം (37) തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാകിസ്ഥാനിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഇസ്ലാമാബാദിനെ (74) തിരഞ്ഞെടുത്തു. അതേസമയം, ഏറ്റവും കൂടുതല്‍ ക്രൈം സൂചിക 84.90 ഉള്ള ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമായി വെനിസ്വേലയിലെ കാരക്കാസിനെ വിലയിരുത്തി.

യു എ ഇ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത രാജ്യങ്ങളില്‍ ഒന്നെന്ന് 2019 ല്‍ പുറത്തിറക്കിയ ലോക ഭീകരവാദ സൂചിക വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ 163 രാജ്യങ്ങളുടെ പട്ടികയില്‍ 130 മത്തെ സ്ഥാനമാണ് യു എ ഇക്കെന്ന് മിന റീജിയണിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇക്കണോമിക് ആന്റ് പീസിന്റെ ഡയറക്ടര്‍ സെര്‍ജ് സ്ട്രൂബന്‍സ് പറഞ്ഞു. ഒരു രാജ്യത്ത് നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ആക്രമണങ്ങള്‍, മരണം, മറ്റ് നാശനഷ്ടങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഈ സൂചിക രൂപപ്പെടുത്തിയിരിക്കുന്നത്. മിഡിലീസ്റ്റില്‍ ഇറാഖ്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്. പട്ടികയില്‍ 130 മത്തെ സ്ഥാനത്തുള്ള യു എ ഇ അപൂര്‍വ്വമായി മാത്രം അനിഷ്ടസംഭവങ്ങള്‍ നടക്കുന്ന വിഭാഗത്തിലാണ്.

ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ട ആളുകളുടെ കണക്കുകളില്‍ 2018 ലേക്കാള്‍ 15 ശതമാനത്തിന്റെ കുറവ് 2019 ല്‍ സംഭവിച്ചിട്ടുണ്ട്. 98 ഓളം രാജ്യങ്ങളിലെ ഭീകരവാദ പ്രവര്‍ത്തങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്. ഇക്കാലഘട്ടത്തില്‍ തന്നെ ദായേഷിനെ മറികടന്ന് താലിബാന്‍ ലോകത്തിലെ ഏറ്റവും വിനാശകരമായ ഗ്രൂപ്പായി വളര്‍ന്നു. ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളിലെ മരണങ്ങളില്‍ 38 ശതമാനത്തിനും ഈ സംഘത്തിനാണ് ഉത്തരവാദിത്വം. ഭീകരവാദത്തിന്റെ വെല്ലുവിളികള്‍ ഏറ്റവുമധികം അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള രാജ്യം അഫ്ഘാനിസ്ഥാനാണ്. 2014മായി താരതമ്യം ചെയ്യുമ്പോള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ മരണസംഖ്യയുടെ തോത് 52 ശതമാനമായി കുറഞ്ഞതായി മനസിലാക്കാന്‍ കഴിയും.

ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് യു എ ഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാണെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു.