Connect with us

Kerala

ഭാരവാഹികളുടെ എണ്ണം കുറയുന്നതാണ് കോണ്‍ഗ്രസിന് നല്ലത്: കെ മുരളീധരന്‍ എംപി

Published

|

Last Updated

തിരുവനന്തപുരം | കെപിസിസി പുനഃസംഘടനയില്‍ ജംബോ പട്ടികക്കെതിരെ കെ മുരളീധരന്‍ എംപി. സംഘടന ശക്തിപ്പെടുത്താന്‍ എണ്ണം കൂടിയത് കൊണ്ട് കാര്യമില്ല. ഭാരവാഹികളുടെ എണ്ണം കുറയുന്നതാണ് സംഘടനക്ക് എപ്പോഴും നല്ലതെന്നും മുരളീധരന്‍ പറഞ്ഞു.

ഞാനുള്‍പ്പടെയുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ധാരാളം ജോലികളുണ്ട്. വിവിധ കമ്മിറ്റികളിലും പങ്കെടുക്കണം. പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുക്കണം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തന്റെ താത്പര്യം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് നേരത്തെ പറഞ്ഞിട്ടുണ്ട്.

എംഎല്‍എ ആവാനും എംപി ആവാനും കെപിസിസി ഭാരവാഹി ആകാനും ഒരു കൂട്ടരും ബാക്കിയുള്ളവര്‍ വിറക് വെട്ടാനും വെള്ളം കോരാനും. അതിനോട് എനിക്ക് യോജിപ്പില്ല. എന്നാല്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കും. നേതൃത്വം ചെയ്യുന്നതൊക്കെ ശരിയാണോ എന്നത് കാലം മറുപടി പറയുമെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനെതിരെ നേരത്തെ കൊടിക്കുന്നില്‍ സുരേഷ് അതൃപതി പ്രകടിപ്പിച്ചിരുന്നു.
പൗരത്വ വിഷയം കാര്യമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല. പുന:സംഘടന വൈകുന്നത് കൊണ്ടാണിത്. നിയമത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് ശക്തമായ പ്രകടനം കാഴ്ചവെച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.