രാഹുല്‍ ഗാന്ധിയെ മലയാളികള്‍ എം പിയായി തിരഞ്ഞെടുത്തത് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം: രാമചന്ദ്ര ഗുഹ

Posted on: January 18, 2020 10:24 am | Last updated: January 18, 2020 at 1:07 pm

കോഴിക്കോട് | രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് കേരളം ചെയ്തത് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നരേന്ദ്രമോദിക്കെതിരെ രാഹുലിന് ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് ആവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല. രാഹുല്‍ ഗാന്ധി എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാകും. രാഹുല്‍ ഗാന്ധിയെ മലയാളികള്‍ വീണ്ടും തിരഞ്ഞെടുത്താല്‍ 2024ല്‍ മോദിക്ക് അത് വീണ്ടും ഗുണകരമാകും.

സ്വാതന്ത്ര്യസമരകാലത്ത് പാരമ്പര്യമുള്ള പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, ഇപ്പോഴത് കുടുംബാധിപത്യം മാത്രമുള്ള പാര്‍ട്ടിയായി അധഃപതിച്ചു. ഇതാണ് ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം വളരാനുള്ള പ്രധാനകാരണമെന്നും രാമചന്ദ്രഗുഹ വ്യക്തമാക്കി.

കേരളത്തില്‍ നടക്കുന്ന പൗരത്വ പ്രതിഷേധങ്ങള്‍ മാതൃകാപരമാണ്. ഫാസിസത്തെ ഫെഡറലിസം കൊണ്ടെ പരാജയപ്പെടുത്താനാകു. കേരളത്തെ മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. കോഴിക്കോട് കേരള ലിറ്റരി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.