കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി; രോഗിയായ സ്ത്രീ അവശനിലയില്‍

Posted on: January 17, 2020 11:07 pm | Last updated: January 18, 2020 at 10:26 am

അടിമാലി | രോഗിയായ സ്ത്രീയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി. ഇടുക്കി അടിമാലിയിലാണ് സംഭവം. വയനാട് സ്വദേശി ലൈലാമണിയെ (55) ആണ് കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം കാറില്‍ കഴിയേണ്ടി വന്നതിനെ തുടര്‍ന്ന് അവശനിലയിലായ ലൈലാമണിയെ പോലീസ് അടിമാലി താലൂക്ക്‌
ആശുപത്രിയില്‍ എത്തിച്ചു. അടിമാലി ടൗണിനടുത്തുള്ള ദേശീയ പാതക്ക് സമീപം ഒരു ഓള്‍ട്ടോ വളരെയധികം സമയമായി നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ശരീരം തളര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലൈലാമണിയുടെ നില മെച്ചപ്പെട്ടു വരികയാണ്. കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കു പോകുന്നതിനിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് കാറില്‍ നിന്നിറങ്ങി പോയെന്നും പിന്നീട് മടങ്ങിവന്നില്ലെന്നും ലൈലാമണി മൊഴി നല്‍കി.