ഉക്രൈന്‍ യാത്രാ വിമാനം ആക്രമിക്കപ്പെട്ട സംഭവം: ശത്രുപക്ഷത്തിന്റെ ഹീന നീക്കങ്ങളെ അപലപിച്ച് ഖൊമൈനി

Posted on: January 17, 2020 9:22 pm | Last updated: January 18, 2020 at 10:09 am

ടെഹ്‌റാന്‍ | അമേരിക്കയുടെ പോര്‍വിമാനമെന്ന് തെറ്റിദ്ധരിച്ച് ഉക്രൈന്‍ യാത്രാ വിമാനം ഇറാന്‍ സേന വെടിവച്ചിടാന്‍ ഇടയായതില്‍ കടുത്ത വേദന പ്രകടിപ്പിച്ച് ഇറാന്‍ ആത്മീയ നേതാവും പ്രസിഡന്റുമായ ആയത്തുല്ല ഖൊമൈനി. എന്നാല്‍, ഇത്തരമൊരു ദുരന്തസംഭവത്തെ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിനെ ദുര്‍ബലപ്പെടുത്താന്‍ ശത്രുവിഭാഗം ഉപയോഗപ്പെടുത്തുന്നതിനെ അദ്ദേഹം അപലപിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന്റെ ഭാഗമായി നടത്തിയ പ്രഭാഷണത്തിലാണ് ഖൊമൈനി ശക്തമായ പ്രതികരണം നടത്തിയത്.

‘അബദ്ധത്തിലാണ് ഉക്രൈന്‍ വിമാനത്തിനെതിരെ ആക്രമണമുണ്ടായത്. ഈ സംഭവം ഹൃദയം തകര്‍ക്കുന്നതാണ്. എന്നാല്‍, ഇറാനിന്റെ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ മഹത്തായ രക്തസാക്ഷിത്വത്തെയും ത്യാഗത്തെയും വിസ്മരിക്കാനും മറച്ചുപിടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി അതിനെ ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. വിമാനം തകര്‍ക്കപ്പെട്ടതില്‍ ഞങ്ങള്‍ വേദനിക്കുമ്പോള്‍ ശത്രുക്കള്‍ സന്തോഷിക്കുകയാണ്. ഇറാനിന്റെ സൈനിക സംവിധാനത്തെ ചോദ്യം ചെയ്യുന്നതിനുള്ള അവസരമായി അതിനെ കാണുന്നതു കൊണ്ടാണ് അവര്‍ സന്തോഷിക്കുന്നത്.’-ഖൊമൈനി പറഞ്ഞു.

സുലൈമാനിയെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇറാഖിലെ യു എസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ സൈന്യം നടത്തിയ മിസൈല്‍ ആക്രമണത്തെയും അദ്ദേഹം പിന്തുണച്ചു. ലോക ശക്തിയെന്ന ഹുങ്കുമായി മുന്നോട്ടു പോകുന്ന യു എസിന്റെ ചെകിടത്തടിച്ചതിനെ രാജ്യം തീര്‍ത്തും അനുകൂലിക്കുന്നു. ദൈവത്തിന്റെ പ്രഹരം കൂടിയാണ് ഇതിലൂടെ അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭീകര പ്രകൃതത്തെയാണ് സുലൈമാനിയുടെ വധം പ്രകടമാക്കിയിരിക്കുന്നതെന്നും ഖൊമൈനി പറഞ്ഞു.