ലൗ ജിഹാദ് ആരോപണം: സിറോ മലബാര്‍ സഭയുടെ സര്‍ക്കുലറിനെതിരെ അങ്കമാലി അതിരൂപത മുഖപത്രം

Posted on: January 17, 2020 10:34 am | Last updated: January 17, 2020 at 1:33 pm

കൊച്ചി |കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സിറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ സര്‍ക്കുലറിനെതിരെ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം

മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്ന് കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണയൊഴിക്കാതിരിക്കുകയെന്നത് സാമാന്യ ബുദ്ധിയാണെന്ന് സഭാ പ്രസിദ്ധീകരണത്തിലെ വൈദികന്റെ ലേഖനത്തില്‍ പറയുന്നു

‘വരികള്‍ക്കിടയില്‍’ എന്ന കോളത്തില്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്. ‘പൗരത്വ നിയമവും ലൗ ജിഹാദും കൂട്ടിച്ചേര്‍ക്കാമോ’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

‘ലൗ ജിഹാദ് എന്നുവെച്ചാല്‍ മതപരിവര്‍ത്തനം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ സ്‌നേഹിച്ചു വിവാഹം കഴിക്കുന്നതാണ്. വിവിധ കോടതികള്‍ തള്ളിക്കളഞ്ഞ വിഷയമാണിത്. എത്രയോ ഹിന്ദു, മുസ്‌ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് ആരെങ്കിലുമെടുത്തിട്ടുണ്ടോ

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേരള കത്തോലിക്കാ സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ലെന്നും കുറ്റപ്പെടുത്തലുണ്ട്. അപകടകരമായ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെയും ബഹുസ്വരതയെയും ബാധിക്കുമെന്നതിനാല്‍ ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളും മത ജാതികളും കൃത്യമായ നിലപാടെടുത്തു. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമായിരുന്നോ? തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യവും ലത്തീന്‍ സഭയും നിയമത്തെ ശക്തമായി എതിര്‍ത്തപ്പോള്‍ കെ സി ബി സി  പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടിയ സിറോ മലബാര്‍ മെത്രാന്‍ സിനഡ്, കേന്ദ്ര സര്‍ക്കാരിനുള്ള ഒരു ഉപദേശത്തില്‍ ചുരുക്കി.

കെ സി ബി സി  യുടെ ആസ്ഥാനമായ പി ഒ സി യുടെ ഡയറക്ടര്‍ നിയമത്തെ അനുകൂലിച്ച് ആര്‍.എസ്.എസ്. പത്രത്തില്‍ ലേഖനമെഴുതുകയും ചെയ്തു. സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായ നിലപാടോ ഇല്ലെന്ന് ചുരുക്കം'”- വൈദികന്‍ ലേഖനത്തില്‍ആരോപിക്കുന്നു.