എന്‍ പി ആര്‍ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Posted on: January 16, 2020 9:28 pm | Last updated: January 17, 2020 at 10:12 am

തിരുവനന്തപുരം | എന്‍ ആര്‍ സിക്ക് സഹായകരമായേക്കുമെന്ന കാരണത്താല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ച ജനസംഖ്യാ പട്ടിക സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ എന്‍ പി ആര്‍ സംബന്ധിച്ച എല്ലാ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. സെന്‍സസ് കമ്മീഷണര്‍ നാളെ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും ജ്യോതിലാല്‍ അറിയിച്ചു.

ചീഫ് സെക്രട്ടറിക്ക് പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് നാളത്തെ യോഗത്തില്‍ പങ്കെടുക്കുക.
ബുധനാഴ്ച കേരളവും പശ്ചിമ ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യ പട്ടിക സംബന്ധിച്ച പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്‍ പി ആര്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ കേരളവും ബംഗാളും കേന്ദ്രവുമായി ആശയവിനിമയം നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.