കശ്മീരില്‍ നിന്ന് നല്ല വാര്‍ത്തകളുണ്ട്‌

ജമ്മു കശ്മീരില്‍ നമ്മുടെ ഭരണഘടനയാണ് മോദി സര്‍ക്കാര്‍ തകര്‍ത്തിരിക്കുന്നത്. ഈ ഭരണഘടനാ ധ്വംസനത്തിനെതിരെയാണ് പരമോന്നത കോടതിയായ സുപ്രീം കോടതിയുടെ ഐതിഹാസിക വിധി കഴിഞ്ഞ ദിവസം വന്നിരിക്കുന്നത്.
Posted on: January 15, 2020 4:25 pm | Last updated: January 18, 2020 at 4:28 pm

ജമ്മു കശ്മീരിന്റെ പ്രത്യേക സ്വഭാവവും സംസ്ഥാന പദവിയും എടുത്തുകളഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇത് ഉണ്ടാക്കിയിരിക്കുന്നത്. ജമ്മു കശ്മീരിന്റെ എല്ലാ നിലയിലുമുള്ള ഒറ്റപ്പെടല്‍, എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളുടെയും നിയന്ത്രണം, പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കല്‍, അടഞ്ഞു കിടക്കുന്ന കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങിയവയെല്ലാം ജനജീവിതം അവിടെ നരകതുല്യമാക്കിയിരിക്കുകയാണ്. പ്രമുഖ ജനനേതാക്കളെല്ലാം കശ്മീര്‍ താഴ്‌വരയില്‍ ഇപ്പോഴും തടവറയിലാണ്. പത്ര സെന്‍സറിംഗും ഇന്റര്‍നെറ്റ് വിച്ഛേദവുമെല്ലാം ഭരണഘടനയിലെ മൗലികാവകാശത്തെ ചോരയില്‍ മുക്കിക്കൊല്ലുന്നതുമാണ്.

നാളിതുവരെ ഒരു സംസ്ഥാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നത് നിരന്തരമായ സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ആയിരുന്നു. ഉദാഹരണമായി ആന്ധ്രാപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയവ. ഇവിടങ്ങളിലെല്ലാം വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും ബന്ധപ്പെട്ട നിയമസഭകളുടെ അംഗീകാരത്തോടും കൂടി മാത്രമേ വിഭജനം നടന്നിട്ടുള്ളൂ. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ മൂന്ന് പ്രകാരം ഇത് നിര്‍ബന്ധവുമാണ്. എന്നാല്‍ ജമ്മു കശ്മീരിന്റെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ ആ ഭരണഘടനാ വ്യവസ്ഥ നഗ്നമായി ലംഘിച്ചിരിക്കുകയാണ്.

ജമ്മു കശ്മീരില്‍ നമ്മുടെ ഭരണഘടനയാണ് മോദി സര്‍ക്കാര്‍ തകര്‍ത്തിരിക്കുന്നത്. ഈ ഭരണഘടനാ ധ്വംസനത്തിനെതിരെയാണ് പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ ഐതിഹാസിക വിധി കഴിഞ്ഞ ദിവസം വന്നിരിക്കുന്നത്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും തടയാനുള്ള ഉപാധിയായി ജമ്മു കശ്മീരില്‍ 144ാം വകുപ്പ് സര്‍ക്കാര്‍ കണ്ണടച്ച് പ്രയോഗിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. 144 പ്രകാരം ആവര്‍ത്തിച്ചുള്ള നിരോധന ഉത്തരവുകള്‍ അധികാര ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശമാണെന്നും അത് അനിശ്ചിതമായി നിരോധിക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും തൊഴിലെടുക്കാനുള്ള അവകാശത്തിനും എതിരാണെന്നും കോടതി വിധിച്ചു. ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന അവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും നിയന്ത്രിക്കുന്ന ഉത്തരവുകള്‍ ഒരാഴ്ചക്കുള്ളില്‍ പുനഃപരിശോധിക്കാനും ജസ്റ്റിസുമാരായ എന്‍ വി രമണ, ആര്‍ സുബാഷ് റെഡ്ഢി, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബഞ്ച് കേന്ദ്ര സര്‍ക്കാറിന് ഉത്തരവ് നല്‍കി.
ഇന്റര്‍നെറ്റ് നിയന്ത്രണം അനിശ്ചിതമായി നീട്ടിയ കേന്ദ്ര നടപടി തള്ളിയ സുപ്രീം കോടതി ജമ്മു കശ്മീരിലെ സുരക്ഷ പരിഗണിച്ച് ഉത്തരവുകള്‍ റദ്ദാക്കിയില്ല. എന്നാല്‍ ഇന്റര്‍നെറ്റ് നിയന്ത്രിച്ച നിയമവിരുദ്ധമായ ഉത്തരവുകള്‍ ഉടന്‍ തിരുത്തണമെന്നും സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, ഇ- ബേങ്കിംഗ്, ആശുപത്രി തുടങ്ങിയ അവശ്യ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള അഭിപ്രായ – ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനയിലെ 19 (1) വകുപ്പ് പ്രകാരം മൗലികാവകാശമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും തൊഴില്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഭരണഘടനയുടെ 19(1), 19 (1 എ) വകുപ്പുകളുടെ സംരക്ഷണമുണ്ട്. ഇന്റര്‍നെറ്റിന് വിപുലമായ പ്രചാരവും സ്വാധീനവും ഉണ്ടെന്നുള്ളതു കൊണ്ട് അത് നിയന്ത്രിക്കാന്‍ സര്‍ക്കാറിന് അധികാരമില്ല. അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ പരമാവധി ജനങ്ങളില്‍ വിവരങ്ങള്‍ എത്തിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. 19(1)ല്‍ മാധ്യമ സ്വാതന്ത്ര്യം പൂര്‍ണമായും നല്‍കിയിരിക്കുകയാണ്. പത്ര സ്വാതന്ത്ര്യം നിഷേധിക്കാന്‍ സര്‍ക്കാറിന് ഒരു അവകാശവുമില്ല. സര്‍ക്കാര്‍ നിയന്ത്രണം കശ്മീരിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെല്ലാം തകര്‍ത്തിരിക്കുകയാണ്.

ഭരണകൂടത്തിന് തോന്നുന്നത് പോലെയല്ല 144ാം വകുപ്പ് പ്രയോഗിക്കേണ്ടത്. യുക്തിസഹജമായി ചിന്തിച്ചുവേണം മജിസ്‌ട്രേറ്റ് 144 പ്രഖ്യാപിക്കാന്‍. തുടര്‍ച്ചയായി നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നത് അധികാര ദുര്‍വിനിയോഗം തന്നെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ജമ്മു കശ്മീരിനെ സംബന്ധിച്ച സുപ്രീം കോടതി വിധി മോദി സര്‍ക്കാറിന് ഏറ്റവും കനത്ത പ്രഹരമാണ്. ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാറിന്റെ നടപടികളുടെ രാഷ്ട്രീയ ഔചിത്യത്തിലേക്ക് കോടതി കടന്നില്ല. അതിനെ സംബന്ധിച്ച വിധി ജനാധിപത്യ ശക്തികള്‍ക്ക് തീരുമാനിക്കാമെന്നാണ് പരമോന്നത കോടതി നിരീക്ഷിച്ചിരിക്കുന്നത്. കോടതിയുടെ നീരസം വ്യക്തമായും നമുക്കിതില്‍ കാണാം.
ജമ്മു കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പരമോന്നത കോടതിയുടെ വിധിയെ ഏവരും സ്വാഗതം ചെയ്തിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധവും അഹന്ത നിറഞ്ഞതുമായ നിലപാടിനേറ്റ തിരിച്ചടിയാണ് ഈ വിധിയെന്ന് കോണ്‍ഗ്രസ് നേതാവായ പി ചിദംബരം പറഞ്ഞു. വിധി സര്‍ക്കാറിന് കിട്ടിയ വലിയ അടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുര്‍ജേവാലയും അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനിശ്ചിതമായി നിരോധിക്കുന്നതിനെതിരായ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ വളരെ സുപ്രധാനമാണ്. സര്‍ക്കാര്‍ അത് പുനഃപരിശോധിക്കുകയും ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുകയും വേണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിംഗ് റാണ ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീരില്‍ എല്ലാം സാധാരണ നിലയിലാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടുന്നതാണ് ഈ വിധിയെന്ന് സി പി എമ്മും അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യം അക്ഷരാര്‍ഥത്തില്‍ ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഫാസിസ്റ്റ് ഭീകരവാഴ്ച എല്ലാ അര്‍ഥത്തിലും ഇവിടെ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. ഭരണഘടനയുടെ അടിത്തറയായ മതേതരത്വത്തെ തച്ചുതകര്‍ക്കുകയും വര്‍ഗീയ വികാരം ആളിക്കത്തിച്ച് അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ഉം, 35 എയും റദ്ദ് ചെയ്ത് ജമ്മു കശ്മീരിനെ മതം അടിസ്ഥാനമാക്കി വെട്ടിമുറിച്ചതുമെല്ലാം ജാതിമത ശക്തികളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിതന്നെയാണ്.
ഈ സാഹചര്യത്തില്‍ സുപ്രീം കോടതി നടത്തിയ വിധി ഏറെ നിര്‍ണായകമാണ്. അതോടൊപ്പം രാജ്യത്തെ വിദ്യാര്‍ഥികളും യുവജനങ്ങളും അടക്കമുള്ള എല്ലാ വിഭാഗവും രാജ്യത്തെ പിന്നോട്ട് നയിക്കാനും വര്‍ഗീയത ആളിക്കത്തിക്കാനുമുള്ള മോദി – അമിത് ഷാ കൂട്ടുകെട്ടിന്റെ ഹീനമായ നീക്കത്തിനെതിരായി വളരെ ശക്തമായ യോജിച്ച പ്രക്ഷോഭങ്ങളിലേക്ക് ആനയിക്കപ്പെട്ടിരിക്കുന്നു. കോടതിയും യുവജനങ്ങളും ഫാസിസത്തെ നിലക്കുനിര്‍ത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും ജനാധിപത്യ വിശ്വാസികള്‍ക്കുള്ളത്.

(ലേഖകന്റെ ഫോണ്‍: 9847132428)