Connect with us

Gulf

കിംഗ് ഫഹദ് കോംപ്ലക്‌സില്‍ നിന്നും ഡിസംബറില്‍ വിതരണം ചെയ്തത് പന്ത്രണ്ട് ലക്ഷം വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍

Published

|

Last Updated

മദീന | പ്രവാചക നഗരിയായ മദീനയിലെ വിശുദ്ധ ഖുര്‍ആന്‍ അച്ചടിക്കുന്ന കിംഗ് ഫഹദ് കോംപ്ലക്‌സില്‍ നിന്നും ഡിസംബര്‍ മാസത്തില്‍ വിതരണം ചെയ്തത് 1,230,949 ഖുര്‍ആന്‍ പകര്‍പ്പുകള്‍. ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ 36 വര്‍ഷം കൊണ്ട് 32 കോടി 54 ലക്ഷത്തിലധികം കോപ്പികളാണ് വിതരണം ചെയ്തത്. പ്രവാചക നഗരി സന്ദര്‍ശിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്. ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്.

വിശുദ്ധ ഖുര്‍ആനിന്റെ അച്ചടിയും പ്രചാരണവും ലക്ഷ്യമാക്കി 1984-ല്‍ സഊദി ഭരണാധികാരിയായിരുന്ന ഫഹദ് രാജാവാണ് സഊദിയിലെ കിംഗ് ഫഹദ് കോംപ്ലക്സിന് ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ ഖുര്‍ആന്‍ അച്ചടിശാലയായ ഇവിടെ നിന്ന് വര്‍ഷം തോറും വിവിധ വലിപ്പത്തിലുള്ള 10 ദശലക്ഷം മുസ്ഹഫുകളാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.

വിശുദ്ധ ഖുര്‍ആന്‍ കാലിഗ്രഫി തയ്യാറാക്കുന്നവരുടെ അന്താരാഷ്ട്ര സംഗമം, വിവിധ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ഖുര്‍ആന്‍ പ്രിന്റിംഗ് ആസ്പദമാക്കി തയ്യാറാക്കപ്പെട്ട പ്രബന്ധങ്ങളുടെ അവതരണം, അച്ചടി രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളുടെ പ്രദര്‍ശനം, അറബി കൈയെഴുത്ത് കലയുടെ ചാരുത വ്യക്തമാക്കുന്ന അറബി കാലിഗ്രഫിയുടെ പ്രദര്‍ശനം തുടങ്ങിയവ ഇവിടെ നടന്നു വരുന്നു. കൂടാതെ, ഖുര്‍ആന്‍ അച്ചടി രംഗത്തെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍, ചരിത്രം, സാങ്കേതിക വഴികള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയ വിവിധ സെമിനാറുകളും സംഘടിപ്പിച്ചു വരുന്നു.

Latest