Connect with us

Kerala

പൗരത്വ നിയമത്തിനെതിരെ ഇനി യോജിച്ച സമരത്തിനില്ല: ചെന്നിത്തല

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സര്‍ക്കാറിനും ഇടതുപക്ഷത്തിനുമൊപ്പം ഇനി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ പി സി സി പുനസംഘടനയുമായി ഡല്‍ഹിയിലെത്തിയ അദ്ദേഹം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

എല്ലാ സമയത്തും യോജിച്ച സമരം നടത്താനാകില്ല. യോജിച്ച സമരം ഒരു സന്ദേശമായിരുന്നു. ഇതിന് ശേഷം ഇപ്പോഴുള്ള സാഹചര്യം വിത്യസ്തമാണ്. സി പി എമ്മും എല്‍ ഡി എഫും ഏകപക്ഷീയ സമരവുമായി മുന്നോട്ട് പോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. എല്ലാം തങ്ങളുടെ നേട്ടമാണെന്നാണ് സി പി എമ്മും സര്‍ക്കാറും പ്രചരിപ്പിക്കുന്നത്. സമരങ്ങളെയെല്ലാം മുഖ്യമന്ത്രി സ്വന്തം നേട്ടാമാക്കി മാറ്റാന്‍ ശ്രമിച്ചു. എല്ലാം തങ്ങളുടെ നേട്ടമാണെന്നാണ് എല്‍ ഡി എഫ് പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് യോജിച്ച സമരത്തില്‍ നിന്ന് പിന്‍മാറുന്നത്.

കെ പി സി സി പ്രസിഡന്റിനെ മുഖ്യമന്ത്രി ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. ദൗര്‍ഭാഗ്യകരമാണിത്. മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്ന നടപടിയല്ല. കോണ്‍ഗ്രസിന് സി പി എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഒറ്റക്ക് സമരം നയിക്കാനുള്ള ശേഷി കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് സ്വന്തം നിലക്കും യു ഡി എഫ് ഒറ്റക്കെട്ടായും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ തുടരുമെന്നും ചെന്നിത്തില കൂട്ടിച്ചേര്‍ത്തു.