കെ പി സി സി ഭാരവാഹികളുടെ എണ്ണം 50 ആയി കുറക്കുന്നു

Posted on: January 14, 2020 12:52 pm | Last updated: January 14, 2020 at 5:03 pm

ന്യൂഡല്‍ഹി | കെ പി സി സി പുനസംഘടന സംബന്ധിച്ച് ഹൈക്കമാന്‍ഡ് തലത്തില്‍ ഏകദേശം ധാരണയായതായി റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി കെ പി സി സി ഭാരവാഹികളുടെ എണ്ണം വെട്ടികുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ പി സി സിക്ക് 50 ഭാരവാഹികളായി ചുരുക്കാനാണ് തീരുമാനം.

എ, ഐ ഗ്രൂപ്പുകള്‍ക്ക് പത്ത് വീതം ജനറല്‍ സെക്രട്ടറിമാരെ നല്‍കിയേക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നീ സ്ഥാനങ്ങള്‍ക്കായി നിരവധി പേരുകള്‍ ഉയര്‍ന്നുവന്നതിനാല്‍ ഇക്കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ജനപ്രതിനിധികളായവര്‍ ഭാരവാഹിത്വത്തില്‍ വേണ്ടെന്ന നിലപാട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് മുമ്പില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ എതിര്‍പ്പും അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ നിലപാടിനോട് അനുകൂലമായാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള നേതാക്കള്‍ പറയുന്നത്.