മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്

Posted on: January 14, 2020 12:23 pm | Last updated: January 14, 2020 at 12:23 pm


കൊല്ലം | പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ വിവാദങ്ങളുണ്ടാക്കുന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് ചർച്ചയാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത് നടക്കും. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാസംഗമത്തിൽ എല്ലാ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ടെന്നും അനുകൂല നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

പൗരത്വ ബിൽ വിഷയത്തിൽ മുല്ലപ്പള്ളിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ നിലപാടിൽ മുസ്‌ലിം സംഘടനകൾക്ക് അതൃപ്തിയുണ്ട്. ഒരുമിച്ചുള്ള സമരത്തിന് മുൻതൂക്കം കൊടുക്കണമെന്നാണ് പൊതുവേയുള്ള നിലപാട്.
ജില്ലയിൽ ലീഗ് പരിപാടിയോട് വിയോജിപ്പ് രേഖപ്പെടുത്തുകയോ അണികൾക്ക് വിലക്കേർപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കേരള മുസ്്‌ലിം ജമാഅത്ത്, സമസ്ത ഇ കെ വിഭാഗം, കേരള മുസ്്‌ലിം ജമാഅത്ത് ഫെഡറേഷൻ, ദക്ഷിണ കേരള ജംയ്യത്തുൽ മുഅല്ലിമീൻ, കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ, കെ എം വൈ എഫ് തുടങ്ങിയ മുസ്്‌ലിം സംഘടനകൾക്കെല്ലാം പരിപാടിയോട് അനുകൂല നിലപാടാണ്.

എസ് എൻ ഡി പി, എൻ എസ് എസ് അടക്കമുള്ള സമുദായ സംഘടനകളും സംഗമത്തിൽ അണിചേരും.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ALSO READ  വൈകിയെങ്കിലും അവസാന സ്‌ഫോടനവും അപകടരഹിതം; ഗോള്‍ഡന്‍ കായലോരവും വീണു