പൗരത്വ നിയമ ഭേദഗതി; സംശയനിവാരണ കൈപുസ്തകവുമായി എസ് എസ് എഫ് ഗൃഹസമ്പര്‍ക്കം നടത്തും

Posted on: January 13, 2020 8:14 pm | Last updated: January 13, 2020 at 8:14 pm
എന്‍.ആര്‍.സി – സി.എ.എ കൈപുസ്തക വിതരണത്തിന്റെ പുളിക്കല്‍ ഡിവിഷന്‍തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അഡ്വ. മുഹ്‌സിന്‍ എം.എല്‍.എക്ക് നല്‍കി നിര്‍വഹിക്കുന്നു

പുളിക്കല്‍ | പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച സംശയങ്ങള്‍ക്ക് കൃത്യവും വസ്തുനിഷ്ടവുമായ ഉത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ച കൈപുസ്തകവുമായി എസ്.എസ്.എഫ് ഗൃഹസമ്പര്‍ക്കം നടത്തും. ഭീതിപരത്തിയും വസ്തുതകള്‍ക്ക് നിരക്കാത്ത ന്യായീകരണങ്ങളുയര്‍ത്തിയും വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് വീടുകളില്‍ കയറിയിറങ്ങി തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള കൃത്യതയാര്‍ന്ന ബോധവത്കരണമാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ കൈപുസ്തക വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്.

വികാരപ്പെടലുകള്‍ക്കപ്പുറം അന്വേഷണാത്മകവും വസ്തുതാപരവുമായ അറിവുകള്‍ ഓരോ പൗരനിലും രൂപപ്പെടുത്തുകയും മതവിരുദ്ധ നിയമം എന്നതിലപ്പുറം സി എ എ മനുഷ്യവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിന് 25 പേജുകളുള്ള കൈപുസ്തകത്തിലൂടെ കഴിയും. ഒരു ലക്ഷം വാളണ്ടിയര്‍മാരെ ഉപയോഗിച്ച് സി.എ.എ ക്കെതിരെയുള്ള ഒപ്പ് ശേഖരണവും പ്രചാരണത്തിന്റെ ഭാഗമായി നടക്കും.

എന്‍.ആര്‍.സി – സി.എ.എ കൈപുസ്തക വിതരണത്തിന്റെ പുളിക്കല്‍ ഡിവിഷന്‍തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അഡ്വ. മുഹ്‌സിന്‍ എം.എല്‍.എക്ക് നല്‍കി നിര്‍വഹിച്ചു. കാരാട്ട് റസാഖ് എംഎല്‍എ സംബന്ധിച്ചു.