Connect with us

Gulf

ശൈഖ് ശക്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

അബൂദബി | അബൂദബി ആരോഗ്യ വിഭാഗത്തിന്റെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയായ ശൈഖ് ശക്ബൂത്ത് മെഡിക്കല്‍ സിറ്റിയിലെ പുതിയ അത്യാഹിത വിഭാഗം കഴിഞ്ഞ ദിവസം മുതല്‍ രോഗികളെ സ്വീകരിച്ചു തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പുതിയ അത്യാഹിത വിഭാഗം തുറന്നതോടെ മഫ്രക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ശാശ്വതമായി അടയ്ക്കുമെന്ന് അബൂദബി ഹെല്‍ത്ത് സര്‍വീസ് കമ്പനി (സെഹ) വ്യക്തമാക്കി. മെഡിക്കല്‍ സിറ്റിയിലെ ഇന്‍പേഷ്യന്റ് വാര്‍ഡുകളും സജീവമായതോടെ യു എ ഇയിലെ ഏറ്റവും വലിയ ആശുപത്രിയുടെ മുഴുവന്‍ പ്രവര്‍ത്തനവും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മെഡിക്കല്‍ കെയര്‍, വിദ്യാഭ്യാസം, ഗവേഷണം എന്നിവയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആഗോള സ്ഥാപനമായ മയോ ക്ലിനിക്കുമായി സഹകരിച്ചാണ് ശൈഖ് ശക്ബൂത്ത് മെഡിക്കല്‍ സിറ്റി പ്രവര്‍ത്തിക്കുന്നത്. പുതിയ ആശുപത്രി സമൂഹത്തിന് ലോകോത്തര ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിന് പുറമെ ആഗോള അംഗീകാരമുള്ള പ്രൊഫഷണലുകള്‍, ഡയഗ്‌നോസ്റ്റിക്, മെഡിക്കല്‍ കെയര്‍ എന്നിവയില്‍ അത്യാധുനിക സാങ്കേതികവിദ്യകളും നല്‍കുമെന്ന് സെഹ അറിയിച്ചു. പൊള്ളല്‍, ഹൃദയാഘാതം, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങള്‍, പുനര്‍ നിര്‍മാണ ശസ്ത്രക്രിയ തുടങ്ങിയവ ശൈഖ് ശക്ബൂത്ത് മെഡിക്കല്‍ സിറ്റി വാഗ്ദാനം ചെയ്യുന്ന പ്രത്യേക സേവനങ്ങളാണ്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് മെഡിക്കല്‍ സിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. 723 ബെഡ് സൗകര്യമുള്ള ആശുപത്രി 300,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്ലിനിക്കല്‍ പരിശീലനത്തില്‍ ലോകോത്തരമായ സ്‌പെഷ്യലിസ്റ്റ് പരിചരണം നല്‍കുന്നതിനാണ് ആശുപത്രി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സ്വദേശികളേയും വിദേശികളെയും ഒരു പോലെ പരിപാലിക്കുന്ന മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ രണ്ട് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളും 36 വി ഐ പി സ്യൂട്ടുകളും ഒരു നൂതന മുറിവ് ചികിത്സാ കേന്ദ്രവും 18 ശസ്ത്രക്രിയാ മുറികളും അകാല ജനന വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.