കൂടത്തായ്: സീരിയലിനും സിനിമകള്‍ക്കും സ്‌റ്റേയില്ല

Posted on: January 13, 2020 3:19 pm | Last updated: January 13, 2020 at 3:19 pm

താമരശ്ശേരി |  കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സിനിമകളും സീരിയലും നിര്‍മിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയില്‍ സ്റ്റേ നല്‍കാനാകില്ലെന്ന് താമരശ്ശേരി കോടതി. കൊല്ലപ്പെട്ട റോയ് തോമസിന്റെയും ജോളിയുടെയും മക്കളുടെ പരാതിയില്‍ ഈ മാസം 25ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി ജോളി തോമസ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സീരിയല്‍ സംവിധായകന്‍ ഗീരിഷ് കോന്നി അടക്കം എട്ടു പേരോടാണ് 25ന് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിര്‍മിക്കുന്നത് തടയണമെന്നാണ് പ്രധാന പരാതി. വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ പ്രതികരണം ആരാഞ്ഞ ശേഷമാകും വിഷയത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.

മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര്‍ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ഒപ്പം മലയാളത്തിലെ സ്വകാര്യ ചാനല്‍ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര ഇന്ന് ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയുമാണ്.
അതിനിടെ കേസില്‍ തനിക്ക് പലതും വെളിപ്പെടുത്താനുണ്ടെന്ന് മുഖ്യപ്രതി ജോളി പ്രതികരിച്ചു. സമയമാകുമ്പോള്‍ എല്ലാം തുറന്ന് പറയുമെന്നും ജോളി പറഞ്ഞു. കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് ജോളി മാധ്യമങ്ങളോട് പ്രതികരിച്ചത്.