Connect with us

Articles

സമ്പദ്‌വ്യവസ്ഥ അടിതെറ്റുമ്പോള്‍

Published

|

Last Updated

എറണാകുളം ജില്ലയിലെ മരടില്‍, തീരപരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത് കണ്ടു തീര്‍ന്നു. വര്‍ഷങ്ങളെടുത്ത് കെട്ടിപ്പൊക്കിയ കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപൊത്തിയത് പത്ത് സെക്കന്‍ഡില്‍ താഴെ സമയം കൊണ്ടാണ്. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനുള്ള കരാര്‍ നേടിയ കമ്പനികള്‍ ഏതാണ്ട് തൃപ്തികരമായി അവരുടെ ജോലി ചെയ്തു തീര്‍ത്തു. സമീപത്തെ കെട്ടിടങ്ങള്‍ക്കൊന്നും കേടുപാടുകളുണ്ടാക്കാതെ, സമീപത്തെ കായലിലേക്ക് കൂടുതല്‍ അവശിഷ്ടങ്ങള്‍ പതിക്കാതെ, ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ പൊളിക്കല്‍ പൂര്‍ത്തിയാക്കി. വിദേശ രാജ്യങ്ങളില്‍ അത്ര അപൂര്‍വമല്ലാത്ത ഈ പ്രക്രിയ, നമ്മുടെ നാട്ടില്‍ നടാടെ നടക്കുന്നത് കൊണ്ടാണ് വലിയ താത്പര്യം ഇതില്‍ ജനിപ്പിക്കപ്പെട്ടത്.

ഏതാണ്ട് സമാനമാണ് നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവസ്ഥയും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കുറഞ്ഞ സമയം കൊണ്ടല്ല, നിയന്ത്രണമില്ലാത്ത സ്‌ഫോടനങ്ങളിലൂടെ വര്‍ഷങ്ങളെടുത്താണ് അത് തകര്‍ക്കപ്പെടുന്നത് എന്നുമാത്രം. തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനെന്ന പേരില്‍ പ്രഖ്യാപിക്കപ്പെടുന്ന നടപടികള്‍ കൂടുതല്‍ തകര്‍ച്ചക്ക് തുടക്കമിടുകയും ചെയ്യുന്നു. 2004 മുതല്‍ 2014 വരെ യു പി എ സര്‍ക്കാര്‍ ഭരിച്ച ദശകത്തില്‍ ശരാശരി 7.7 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അഞ്ചില്‍ താഴെയായി. വര്‍ഷാവസാനത്തില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ അറിയിച്ചിരിക്കുന്നു. വന്‍കിട ഉത്പാദകര്‍ മുതല്‍ ചെറുകിട – നാമമാത്ര ഉത്പാദകര്‍ വരെ പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥ ഏതാണ്ട് സ്തംഭനത്തിലാണ്.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച അപൂര്‍വം സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യയുടേത്. കമ്പോളാധിഷ്ഠിത നയങ്ങളെ ശക്തമായി പിന്തുടരുമ്പോഴും മാന്ദ്യ കാലത്ത് സുശക്തമായ പൊതുമേഖലാ ബേങ്കിംഗ് സംവിധാനത്തെ ഫലപ്രദമായി വിനിയോഗിക്കാനും സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിച്ച് വിപണിയിലെ പണമൊഴുക്കിന് വലിയ വിഘാതമുണ്ടാകാതെ കാക്കാനും അന്നത്തെ യു പി എ സര്‍ക്കാറിന് സാധിച്ചിരുന്നു. സാമ്പത്തിക അടിത്തറ ഭദ്രമായിരിക്കുകയും മാന്ദ്യത്തെ നേരിടാന്‍ എന്താണ് ചെയ്യേണ്ടത് എന്നതില്‍ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കുകയും ചെയ്തതുകൊണ്ടാണ് അത് സാധിച്ചത്.

അത്തരമൊരു സമ്പദ് വ്യവസ്ഥയെ ആഘാതത്തിന്റെ ആഴം കണക്കാക്കാതെ നടപ്പാക്കിയ അനിയന്ത്രിതമായ സ്‌ഫോടനത്തിന് തുല്യമായ തീരുമാനങ്ങളിലൂടെ ഏതാണ്ട് തകര്‍ത്തുവെന്നതാണ് 2014 മുതല്‍ ഇതുവരെയുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നേട്ടം. രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തെ, മതനിരപേക്ഷ സ്വഭാവത്തെ, അതിനെയൊക്കെ സംരക്ഷിച്ച് നിര്‍ത്തുന്ന ഭരണഘടനയെ, ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട സ്ഥാപനങ്ങളെയൊക്കെ തകര്‍ത്തവര്‍, സമ്പദ് വ്യവസ്ഥയെ മാത്രമായി എന്തിന് വെറുതെവിടണം?
സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചക്ക് മുഖ്യ കാരണങ്ങളിലൊന്ന് രാജ്യമിന്നുവരെ ദര്‍ശിക്കാത്ത വിധത്തിലുള്ള അധികാര കേന്ദ്രീകരണമാണെന്ന് നിസ്സംശയം പറയാം. 2014ല്‍ പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം മന്ത്രിമാരുടെ വകുപ്പ് നിശ്ചയിച്ചപ്പോള്‍ നയപരമായ തീരുമാനങ്ങളൊക്കെ തന്നില്‍ മാത്രം നിക്ഷിപ്തമാക്കിയിരുന്നു നരേന്ദ്ര മോദി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരു മന്ത്രാലയത്തിനുമില്ലാത്ത അവസ്ഥ അന്ന് തന്നെ സൃഷ്ടിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിക്കുക എന്ന ഉത്തരവാദിത്വമേ മന്ത്രാലയങ്ങള്‍ക്കുള്ളൂ. ആ അവസ്ഥ ഇപ്പോഴും തുടരുകയാണ്. ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കുകയും പഞ്ചവത്സര പദ്ധതികള്‍ അവസാനിപ്പിക്കുകയും ചെയ്ത്, പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നീതി ആയോഗ് എന്ന സംവിധാനം കൊണ്ടുവന്നത് തന്നെ അധികാരം പൂര്‍ണമായും പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ഇത് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് ധനമന്ത്രാലയത്തെയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക മാനേജുമെന്റിനെയുമാണ്. ആഭ്യന്തര, അന്താരാഷ്ട്ര സാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്, അത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കാന്‍ ഇടയുള്ള ആഘാതം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് നയപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും തുടര്‍ നടപടികള്‍ക്ക് മുന്‍കൈ എടുക്കാനും ചുമതലപ്പെട്ട ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തിട്ടൂരങ്ങള്‍ക്ക് കാത്തിരിക്കേണ്ട സ്ഥിതിയായി. ധനമന്ത്രിക്ക് പോലും ഒന്നും ചെയ്യാനാകാത്ത സ്ഥിതി. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് പിന്‍വലിക്കല്‍ പോലുള്ള സുപ്രധാന തീരുമാനം പോലും അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിഞ്ഞത് അവസാന നിമിഷത്തില്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് തീരുമാനങ്ങളെടുക്കുന്ന രീതി നിലനില്‍ക്കെ, ആ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രശ്‌ന പരിഹാരത്തിന് ഉതകുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.

അധികാര കേന്ദ്രീകരണം തുടരുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പൊതു ബജറ്റ് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധരുമായും മറ്റും നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഒഴിവാക്കപ്പെട്ടത്. ബജറ്റിന് മുന്നോടിയായി മുകേഷ് അംബാനി, രത്തന്‍ ടാറ്റ തുടങ്ങിയ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തിയപ്പോഴും ധനമന്ത്രിയെ ക്ഷണിച്ചിരുന്നില്ല. മന്ത്രാലയങ്ങളുടെ പ്രാധാന്യവും അത് കൈകാര്യം ചെയ്യുന്ന നേതാക്കളുടെ വലുപ്പവും കണക്കിലെടുത്താല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന അമിത് ഷായും പ്രതിരോധത്തിന്റെ ചുമതലയുള്ള രാജ്‌നാഥ് സിംഗും കഴിഞ്ഞാല്‍ പിന്നെ വരിക ധനമന്ത്രിയായ നിര്‍മലാ സീതാരാമനാണ്. അവരെ ഒഴിവാക്കുമ്പോള്‍ സര്‍വാധികാരങ്ങളും തന്നില്‍ നിക്ഷിപ്തമാണെന്ന് ബോധ്യപ്പെടുത്തുകയാണ് നരേന്ദ്ര മോദി. ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം “അലങ്കരിച്ച” വ്യാഴവട്ടക്കാലത്ത് പിന്തുടര്‍ന്ന അതേ രീതി. അക്കാലം മന്ത്രിമാര്‍ക്കാര്‍ക്കും തീരുമാനങ്ങളെടുക്കാനുള്ള അധികാരമുണ്ടായിരുന്നില്ല, എന്തിന് സര്‍ക്കാറെടുത്ത തീരുമാനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും അവര്‍ ഭയന്നിരുന്നു. പ്രധാനമന്ത്രി പദമേറിയപ്പോള്‍ സഹ മന്ത്രിമാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മാത്രം.
2014 മുതല്‍ 2019 വരെയുള്ള കാലത്ത് പ്രധാനമന്ത്രിയും വിശ്വസ്തരായ ഏതാനും ഉദ്യോഗസ്ഥരുമടങ്ങുന്ന “കിച്ചന്‍ ക്യാബിനറ്റാ”യിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇപ്പോള്‍ അവിടേക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി എത്തിയിരിക്കുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ അമിത് ഷാക്ക് പുറമെ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, ഉപരിതല ഗതാഗതത്തിന്റെയും ചെറുകിട – ഇടത്തരം വ്യവസായങ്ങളുടെയും ചുമതലയുള്ള മന്ത്രി നിതിന്‍ ഗഡ്ഗരിയും പങ്കെടുത്തിരുന്നു. പിയൂഷ് ഗോയലും നിതിന്‍ ഗഡ്കരിയും “കിച്ചന്‍ ക്യാബിനറ്റി”ലെ സ്ഥിരാംഗങ്ങളാണ് എന്ന് പറയാനാകില്ല, പ്രത്യേക ക്ഷണിതാക്കള്‍ മാത്രമാകണം.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വലിയ തോതില്‍ താഴേക്ക് പതിച്ചുവെന്നോ മാന്ദ്യത്തിലേക്ക് വേഗത്തില്‍ നടക്കുകയാണ് രാജ്യമെന്നോ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചിട്ടേയില്ല. അഞ്ച് ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥയാകാന്‍ കുതിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ മതം. വസ്തുത അംഗീകരിക്കാത്ത ഭരണാധികാരിയും അദ്ദേഹത്തിന്റെ വിശ്വസ്ത വൃന്ദവും സമ്പദ് വ്യവസ്ഥക്ക് ഊര്‍ജം പകരുന്ന തീരുമാനങ്ങളെടുക്കാനുള്ള സാധ്യത കുറവ്. പരമാധികാരത്തെ ഭയക്കുന്ന ധനമന്ത്രിയും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരും പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുത്തി അപ്രീതി സമ്പാദിക്കാന്‍ തയ്യാറുമാകില്ല.
റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനത്തില്‍ കൈവെക്കുക, കുത്തക കമ്പനികളുടെ നികുതി കുറച്ച് ഖജനാവിന് 1.45 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കുക എന്നതു പോലുള്ള ചെറുതും വലുതുമായ സ്‌ഫോടനങ്ങളിലൂടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കാന്‍ സര്‍വാധികാരിയും അനുയായി വൃന്ദവും ശ്രമിക്കുമെന്ന് ഉറപ്പ്. അതിന്റെ രൂപരേഖ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുക എന്ന ഉത്തരവാദിത്വമേ ധനമന്ത്രിക്കുണ്ടാകൂ. സമ്പദ് വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രം അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിച്ച് ഉപഭോഗം കൂട്ടാതെ ഉത്പാദനം മെച്ചപ്പെടില്ലെന്നും അതിലൂടെയല്ലാതെ മാന്ദ്യാന്തരീക്ഷത്തെ മറികടക്കാനാകില്ലെന്ന് ധരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നും പില്‍ക്കാലം തുറന്ന് പറഞ്ഞ്, അനിയന്ത്രിത സ്‌ഫോടനങ്ങളില്‍ താന്‍ നിരപരാധിയാണെന്ന് പറയാനുള്ള പഴുതുണ്ട് എന്ന് ആശ്വസിക്കാം നിര്‍മലാ സീതാരാമന്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest