മരടില്‍ കമ്പനി വാക്ക് പാലിച്ചു; അങ്കണ്‍വാടി സുരക്ഷിതം

Posted on: January 12, 2020 3:34 pm | Last updated: January 12, 2020 at 7:41 pm

കൊച്ചി | ഗോള്‍ഡന്‍ കായലോരത്തിനോട് തൊട്ടടുത്ത് ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയുടെ സുരക്ഷയായിരുന്നു അവസാന നിമിഷംവരെ ആശങ്ക ഉയര്‍ത്തിയിരുന്നത്. ഇരു കെട്ടിടങ്ങളും തമ്മിലുള്ള ദൂരം അഞ്ച് മീറ്റര്‍ പോലുമില്ല.

ഗോള്‍ഡന്‍ കായലോരം സ്‌ഫോടനത്തില്‍ തകര്‍ക്കുമ്പോള്‍ ഈ കെട്ടിടത്തിന് സുരക്ഷയൊരുക്കുന്നത് സ്‌ഫോടനം നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകിയാണ് നടത്തിയത്. എന്നാല്‍ രണ്ട് ജനല്‍ ചില്ലുകള്‍ പൊട്ടിയത് ഒഴിച്ചാല്‍ കെട്ടിടത്തിന് പോറല്‍പോലുമേല്‍ക്കാതെ അങ്കണവാടി അവിടെ സുരക്ഷിതമായി നില്‍ക്കുന്ന കാഴ്ചയാണ് സ്‌ഫോടന ശേഷം കണ്ടത്.

തൊട്ടടുത്ത് തന്നെ പണിത് കൊണ്ടിരിക്കുന്ന മറ്റൊരു ഫ്‌ളാറ്റിനും ഒരു കേടുപാടും സംഭവിച്ചില്ല. അങ്കണവാടിക്ക് കേടുപാടില്ലാതെ ദൗത്യം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് പാലിച്ചതായി പൊളിച്ച കമ്പനി പ്രതിനിധികള്‍ പ്രതികരിച്ചു. അങ്കണവാടിയെ സുരക്ഷിതമാക്കുന്നതിനായി മറ്റു ഫ്‌ളാറ്റുകള്‍ പൊളിച്ചതിന് വ്യത്യസ്തമായി ഗോള്‍ഡന്‍ കായലരോത്തിന്റെ നിലകളുടെ ഭൂരിഭാഗം പുറം ചുമരുകളും നേരത്തെ നീക്കം ചെയ്തിരുന്നു. ജിയോ ടെക്‌സ്‌റ്റൈല്‍ ഷീറ്റുകള്‍ ഉപയോഗിച്ച് അങ്കണവാടിയുടെ ഭാഗം മറയ്ക്കുകയും ചെയ്തു.ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി അങ്കണവാടി ദിവസങ്ങളായി അവധിയിലാണ്.