Connect with us

Cover Story

മാപ്പിളകല തന്നെ ജീവിതം

Published

|

Last Updated

“എടോ, ഒരു ബീഡി താ”
അധികാര ഭാവത്തോടെ ചോദിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിലും ആ മുഷിഞ്ഞ വസ്ത്രധാരിക്ക് ഒരു ബീഡി എടുത്തു കൊടുത്തു മാഷ്. അതിനു തീ പിടിപ്പിക്കുമ്പോൾ അയാൾ തിരക്കി. “നിനക്ക് എന്നെ മനസ്സിലായോ?”
“ഇല്ല.”

“ഞാനാണ് കെ കെ മുഹമ്മദ് അബ്ദുൽ കരീം.”
അവിടെ ഒരു പരിചയം തുടങ്ങുകയായിരുന്നു. ബീഡിപ്പുകയിൽ തുടങ്ങിയ ആ സൗഹൃദം പിൽക്കാല മാപ്പിള ചരിത്രത്തെ എങ്ങനെയെല്ലാം ഗുണാത്മകമായി പ്രതിഫലിച്ചുവെന്നറിയണമെങ്കിൽ ആ ബീഡി നൽകിയ ആളെയറിയണം. ബാലകൃഷ്ണൻ വള്ളിക്കുന്ന് എന്ന മാപ്പിള സംസ്‌കൃതിയുടെ ആധുനിക മിശിഹായെയാണ് എരിഞ്ഞു തീർന്ന ആ പുകച്ചുരുളുകൾക്കൊടുവിൽ കേരളത്തിനു ലഭിക്കുന്നത്.

മാപ്പിള കലകളെയും സാഹിത്യത്തെയും കുറിച്ച് സമകാലത്ത് ഇത്രയേറെ ഗവേഷണങ്ങളും പ്രഭാഷണങ്ങളും നടത്തുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത മറ്റൊരാളുണ്ടാകില്ല. നഗ്നപാദനായി അദ്ദേഹം മാപ്പിള സംസ്‌കാരത്തിന്റെ പ്രചാരണത്തിനും പകർച്ചക്കും വേണ്ടി അവിശ്രമം സഞ്ചരിച്ചു. 1970കളിലാണ് മാപ്പിള പഠന മേഖലയിലേക്ക് മാഷ് തിരിയുന്നത്. അതിന്റെ സുവർണ ജൂബിലി നിറവിലാണ് ഇപ്പോൾ ആരോഗ്യവൈഷമ്യങ്ങളനുഭവിക്കുന്ന അദ്ദേഹം.
***
മാപ്പിള പഠനത്തിന്റെ പ്രാരംഭം മാഷ് ഓർത്തെടുക്കുന്നു: തിരൂരങ്ങാടിയിലെ അധ്യാപക ജീവിതത്തിനിടയിൽ അവിടെ ഒരു അറബി മലയാള സാഹിത്യ സെമിനാർ നടക്കുകയുണ്ടായി. സി പി ശ്രീധരൻ, ഉബൈദ് സാഹിബ് തുടങ്ങിയവരെല്ലാം സംബന്ധിക്കുന്നുണ്ടായിരുന്നു. അന്ന് ഞാൻ അറബി മലയാള പഠന രംഗത്തേക്ക് വന്നിരുന്നില്ല. ടി ടി സിക്കാലത്ത് ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും പഠിക്കാനുണ്ടായിരുന്നെങ്കിലും അത് മനസ്സിലാകാത്തതിനാൽ മറ്റു ചോദ്യങ്ങൾക്ക് മാത്രം ഉത്തരമെഴുതുകയായിരുന്നു എന്റെ രീതി. പക്ഷേ, അറബി മലയാളം മനസ്സിലാക്കണമെന്ന് ഉള്ളിലുണ്ടായിരുന്നു. ഒരു കൗതുകത്തിന് ശ്രോതാവായി ഞാനും ചെന്നു. പ്രസംഗങ്ങളും ചർച്ചകളും പിടികിട്ടാതായപ്പോൾ ഇത് എനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന നിരാശയോടെ പുറത്തുവന്ന് ഒരു ബീഡിക്ക് തീ കൊളുത്തിയപ്പോഴാണ് കരീം മാഷ് വന്ന് പരിചയപ്പെടുന്നത്. മുമ്പു കേട്ടിരുന്നെങ്കിലും അദ്ദേഹത്തെ ആദ്യമായി കാണുന്നത് അന്നാണ്. സംസാരത്തിനിടെ എനിക്ക് ഈ പ്രസംഗങ്ങളൊന്നും മനസ്സിലാകുന്നില്ലെന്ന് പറഞ്ഞപ്പോൾ എന്തും ചോദിക്കാൻ അദ്ദേഹം പറയുകയുണ്ടായി. ചിലതെല്ലാം അപ്പോൾ തന്നെ ചോദിച്ചറിഞ്ഞു. മാസത്തിലൊരിക്കൽ താൻ തിരൂരങ്ങാടിയിലെ പ്രസിൽ വരുമെന്നും അവിടെ വന്നാൽ കൂടുതൽ സംസാരിക്കാമെന്നും പറഞ്ഞ് പിരിഞ്ഞു. പിന്നീട് എന്റെ സ്‌കൂളിൽ പഠിക്കുന്ന സി എച്ച് മുഹമ്മദ് കരീം മാഷ് പ്രസിൽ വരുന്ന ദിവസം അറിയിക്കും. ചെന്നു കാണും.” ഏതാണ്ട് 50 വർഷം മുമ്പ് ബാലകൃഷ്ണൻ മാഷിനെ കണ്ടെത്തി മാപ്പിള പഠനങ്ങൾക്കും രചനകൾക്കും നിരൂപണങ്ങൾക്കുമായി രൂപപ്പെടുത്തിയെടുക്കുകയായിരുന്നു കരീം മാഷ്. 2005 ഏപ്രിലിൽ അദ്ദേഹം മരിക്കും വരെ ഗുരുശിഷ്യ തുല്യമായ സൗഹൃദം കാത്തു ഇരുവരും.

[irp]

 

വറുതിക്കാലം

1936ൽ വള്ളിക്കുന്നിലാണ് ബാലകൃഷ്ണൻ മാഷ് ജനിക്കുന്നത്. അച്ഛൻ അയ്യപ്പൻ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. അമ്മുവാണ് അമ്മ. അച്ഛനും അമ്മയും നേരത്തെ വേർപ്പെട്ടു. അമ്മയുടെ വീട്ടിലായിരുന്നു പിന്നീട് കഴിഞ്ഞത്. ഒന്പത് വയസ്സുള്ളപ്പോൾ അമ്മ വേറെ കല്യാണം കഴിച്ചതിനാൽ ഏറെക്കുറെ അനാഥനായി വളർന്നു. അമ്മയുടെ അമ്മ നൽകിയ സ്‌നേഹമാണ് അനാഥത്വത്തിൽ നിന്ന് ഒരു പരിധി വരെ രക്ഷിച്ചത്. സ്വന്തം മകനായി അവർ വളർത്തി.
അമ്മമ്മ കയർ പിരിച്ചാണ് നിത്യജീവിതം കഴിച്ചിരുന്നത്. ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു അന്ന് പൊതുവെ എല്ലാവർക്കും. ഉച്ചക്കും രാവിലെയും കഞ്ഞി. എന്നെങ്കിലും രണ്ടുമുക്കാലിന് മീൻ വാങ്ങും. അന്ന് ആഘോഷം തന്നെയാണ്. 12 വയസ്സായപ്പോൾ സ്‌കൂൾ വെക്കേഷൻ കാലത്ത് കൃഷിപ്പണിക്ക് ബാലകൃഷ്ണനും പോയിത്തുടങ്ങി. രണ്ടണയാണ് കൂലി.

1942ൽ വള്ളിക്കുന്ന് യു പി സ്‌കൂളിൽ ചേർന്നു. 49ൽ പരപ്പനങ്ങാടി ബിഎം ഹയർ സെക്കൻഡറി സ്‌കൂളിലും. 54 വരെ അവിടെ പഠിച്ചു. ഏഴാം ക്ലാസ് പാസായിരുന്നെങ്കിലും അവിടെ സെക്കന്റ് ഫോമിലാണ് ചേർത്തത്. മാസത്തിൽ നാല് രൂപയാണ് ഫീസ്. അത് അമ്മമ്മ ഒപ്പിച്ചു തരും. ഉച്ചക്ക് ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണത്തിനു വിട്ടാൽ മറ്റു കുട്ടികളുടെ കൂടെ കളിച്ചു വിശപ്പ് മറക്കും. അവരും പട്ടിണി തന്നെ. എന്നെങ്കിലും അമ്മ ഒരു മുക്കാൽ തരും. ഒന്നര നയാ പൈസയാണത്. അര നയാപൈസ അഥവാ ഒരു പൈക്ക് കാപ്പി കിട്ടും. രണ്ട് നയാപൈസക്ക് ഒരു കഷ്ണം പുട്ടും. അന്ന് വലിയ സന്തോഷമാണ്.

ഹൈസ്‌കൂളിന് ശേഷം കോഴിക്കോട് ഗവൺമെന്റ്ടി ടി സിയിൽ ചേർന്നു. പഠന ശേഷം ജോലിയൊന്നുമാകാതെ നാട്ടിൽ നടക്കുന്നത് കണ്ട് അധ്യാപകനായ സി എം ഗോപാലൻ നായർ ഒരു മാസം ലീവെടുത്ത് പകരക്കാരനായി നിയമിച്ചു. അധ്യാപന ജീവിതത്തിന്റെ തുടക്കം അതായിരുന്നു. അന്ന് ട്രെയിനിംഗ് കഴിഞ്ഞിരുന്നില്ല. പത്താം ക്ലാസ് പാസായവർക്ക് അന്ന് അധ്യാപകനാകാമായിരുന്നു. ആ മാസം കഴിഞ്ഞപ്പോൾ മറ്റൊരു അധ്യാപകൻ ലീവെടുത്തു. ചിലരോട് എന്റെ പരിതാപാവസ്ഥ പറഞ്ഞ് മാഷ് ലീവെടുപ്പിച്ചും സഹായിച്ചു. ഏതായാലും ഏഴ് മാസം അവിടെ ജോലി ചെയ്തു. ട്രെയിനിംഗ് കാലത്ത് 18 രൂപ സ്‌റ്റൈപ്പന്റ് കിട്ടും. അധ്യാപക അലവൻസടക്കം 36 രൂപയായിരുന്നു ശമ്പളം. കോഴിക്കോട് ടി ടി സി സെലക്്ഷൻ കിട്ടി ചെന്നപ്പോൾ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് പ്രൻസിപ്പൽ ചോദിച്ചു, എന്തിനാണ് കുട്ടി ഇതിനു വന്നത്? വേറെ ഒന്നും കിട്ടാനില്ലാത്തതുകൊണ്ടും റക്കമന്റ് ചെയ്യാൻ ആരുമില്ലാത്തതു കൊണ്ടും എന്നായി മാഷ്. ഉയർന്ന മാർക്കുള്ളതിനാലാണ് അദ്ദേഹമങ്ങനെ തിരക്കിയത്. 1957ൽ ടി ടി സി പൂർത്തിയാക്കി.
മാഷിന് അഞ്ച് പെൺമക്കളാണ്. എല്ലാവരും വിവാഹിതർ. ഭാര്യ സരോജിനി. “ഞങ്ങൾക്ക് രണ്ട് ആൺ മക്കൾ പിറന്നിരുന്നു. ആദ്യത്തെ മോൻ രണ്ടാം വയസ്സിലും രണ്ടാമൻ പതിമൂന്നാം വയസ്സിലും മരിച്ചു. എന്റെ കാല ശേഷം പെൺകുട്ടികൾക്കൊരു അത്താണിയില്ലാതാവുകയാണല്ലോ.” ഇത് പറയുമ്പോൾ മാഷിന്റെ കണ്ണു നിറഞ്ഞു. സ്വരമിടറി. പരിഹാരമായി ബന്ധുവിന്റെ പുത്രനെ വളർത്തു മകനായി സ്വീകരിച്ചു. “92ലാണ് ഞങ്ങൾക്ക് മോനെ കിട്ടുന്നത്.” പുത്രവത്സലനായി മാഷ്.

സാഹിത്യ ജീവിതം

കവിതയിലാണ് മാഷ് ആദ്യം കൈവച്ചത്. അക്കഥ അദ്ദേഹം പറയും: 1984ലാണ് എന്റെ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. “യുവകവി” മാസികയിൽ. സ്വന്തം അക്ഷരങ്ങൾ അച്ചടിച്ചു കണ്ടപ്പോൾ വലിയ സന്തോഷം. പിന്നെ കർഷക സംഘത്തിന്റെ മുഖപത്രമായ “കൃഷിക്കാരൻ” ദ്വൈവാരികയിലെഴുതി. കെ എ കേരളീയനാണതിന്റെ പത്രാധിപർ. ഒഴിവുള്ളപ്പോൾ പ്രൂഫ്‌ റീഡിംഗ് നടത്തിക്കൊടുത്ത് അദ്ദേഹത്തെ സഹായിക്കുമായിരുന്നു. വലിയ നേതാക്കന്മാരെ അടുത്തുകാണാൻ കൂടി അതവസരമായി. പ്രിന്റിംഗ് ദേശാഭിമാനിയിലായിരുന്നു. ആ ബന്ധം വഴി ദേശാഭിമാനിയിലും എഴുതിത്തുടങ്ങി. ചെറുകാട്, എസ്‌ കെ പൊറ്റക്കാട് പോലുള്ള മുതിർന്ന എഴുത്തുകാരെ സന്ധിക്കാനും അത് നിമിത്തമായി. “പ്രപഞ്ചം” മാസികയുടെ അച്ചടിക്കായി എസ്‌ കെ അവിടെ വരുമായിരുന്നു.
കേരളീയന്റെ സ്വാധീനഫലമായാണ് സ്ഥിരം ജോലിയായത്. രണ്ടുകൊല്ലം പ്രതിഫലേച്ഛയില്ലാതെ പ്രൂഫ് വായിച്ചു കൊടുത്തതിന് അദ്ദേഹം നൽകിയ സമ്മാനം. ആർക്കുവേണ്ടിയും ശിപാർശ നടത്താത്ത കേരളീയൻ എന്റെ വിഷയത്തിൽ താത്പര്യം പ്രകടിപ്പിച്ചപ്പോൾ ഡിസ്ട്രിക്ട് ബോർഡിൽ പലർക്കും കൗതുകം. ബോർഡ് ചെയർമാൻ ഭാസ്‌കര പണിക്കരുടെ നിർദേശ പ്രകാരം എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്യുകയും നെടുവ സ്‌കൂളിൽ പോസ്റ്റിങ്ങാവുകയും ചെയ്തു.
***
62 വരെ നെടുവയിൽ തുടർന്നു. പിന്നെ തേഞ്ഞിപ്പലം, ഫറോക്ക്, കടലുണ്ടി സ്‌കൂളുകളിൽ. അതിനിടെ ബി എ എഴുതിയെടുത്തു. ശേഷം ചെട്ടിപ്പടി ഫിഷറീസ് സ്‌കൂളിൽ. ചില സ്‌കൂളുകളിൽ ജാതിക്കോമരങ്ങളുടെ പ്രമാണത്തിന് ഇരയാകേണ്ടി വന്നിരുന്നുവെങ്കിൽ ചെട്ടിപ്പടിയിൽ നല്ല സ്വാതന്ത്ര്യം കിട്ടി. മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് കൂടുതലും. നല്ല സ്‌നേഹമുള്വർ. കടപ്പുറത്ത് മത്സ്യബന്ധന തോണിയണഞ്ഞാൽ ആഘോഷപൂർവം കുട്ടികൾ ഇറങ്ങിപ്പോകും. ദിവസങ്ങൾക്ക് മുമ്പ് കടലിൽ ജീവിതം തിരഞ്ഞു പോയ വേണ്ടപ്പെട്ടവർ സുരക്ഷിതരായി തിരിച്ചുവന്നത് കാണാനുള്ള കുട്ടികളുടെ തിടുക്കത്തെ തടയാൻ തോന്നില്ല. ജീവിതത്തെക്കാൾ വലുതല്ലല്ലോ വിദ്യാഭ്യാസം. പുറത്തു വീഴുന്ന മീൻ കുട്ടികൾക്കുള്ളതാണ്. അവരത് പെറുക്കിക്കൂട്ടും. അധ്യാപകരെ വലിയ കാര്യമായതിനാൽ നമുക്കും ഒരോഹരിയുമായാണവർ വരിക.
മൈസൂർ റീജ്യനൽ കോളജ് ഓഫ് എജ്യൂക്കേഷന്റെ സമ്മർ കറസ്‌പോണ്ടൻസ് കോഴ്‌സിന് ഇക്കാലത്ത് ചേർന്നു. സർവീസിലുള്ള അധ്യാപകർക്ക് സ്റ്റൈപ്പന്റോടെയാണ് അഡ്മിഷൻ. അത് പൂർത്തീകരിച്ച ശേഷം തിരൂർ ഹൈസ്‌കൂളിലേക്ക് പ്രമോഷനായി. അങ്ങോട്ടുള്ള യാത്ര ദുരിതപൂർണമായിരുന്നു. എങ്ങനെയോ ഒരു വർഷം തികച്ചു. പരിചയക്കാരനായ തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകൻ മ്യൂച്ച്വൽ ട്രാൻസ്ഫർ ഓഫറുമായി സമീപിച്ചപ്പോൾ തട്ടകം തിരൂരങ്ങാടിയായി. തിരൂരങ്ങാടിയിലേത് മാപ്പിള കുട്ടികളാണ്, അച്ചടക്കമില്ലാത്തവർ, നല്ലൊരു സ്‌കൂളിൽ നിന്ന് അവിടേക്ക് പോകണോ എന്നൊക്കെ പറഞ്ഞ് പലരും എന്നെ നിരുത്സാഹപ്പെടുത്തി. ഏതായാലും യാത്രാ സൗകര്യമോർത്ത് അവിടെ ചാർജെടുത്തു. ചെന്നപ്പോൾ എന്നെക്കാൾ വലിയ കുട്ടികളാണ്. അവരെ തിരുത്താൻ ശ്രമിക്കുന്നത് പന്തിയല്ലെന്നു തോന്നിയതിനാൽ ആദ്യത്തെ മലയാളം ക്ലാസിൽ ഞാൻ പറഞ്ഞു: ഒരു കാര്യമുണ്ട്, നമുക്ക് ഒരു അണ്ടർസ്റ്റാന്റിംഗിലെത്താം. നിങ്ങൾ പഠിക്കുകയോ പഠിക്കാതിരിക്കുകയോ എന്തുമായിക്കൊള്ളൂ. ഞാൻ നിങ്ങളെ ഉപദ്രവിക്കില്ല. ക്ലാസിൽ ഇരിക്കുന്നവർക്ക് ഇരിക്കാം, അല്ലെങ്കിൽ പുറത്തു പോകാം. പക്ഷേ, ക്ലാസിലിരിക്കുകയാണെങ്കിൽ ബഹളമുണ്ടാക്കരുത്. പഠിക്കാൻ താത്പര്യപ്പെട്ട് ക്ലാസിലിരിക്കുന്നവരെ ശല്യപ്പെടുത്തരുത്. ഞാൻ അരിക്ക് വേണ്ടി പണിയെടുക്കുകയാണ്.” കുട്ടികൾക്ക് സന്തോഷമായി. ക്ലാസിലിരിക്കേണ്ട എന്ന് തോന്നുന്നവർ ഞാൻ വരുന്നതിനു മുമ്പേ പുറത്തുപോകും. രണ്ടു മൂന്നു ദിവസം ചിലരൊക്കെ ഇങ്ങനെ പുറത്തു പോയി. പക്ഷേ, എത്ര വികൃതികളാണെങ്കിലും പുരാണങ്ങളും കഥകളും കുട്ടികൾക്ക് താത്പര്യമായിരിക്കും. അത് കേൾക്കാൻ മാത്രമായി തുടർ ദിവസങ്ങളിൽ എല്ലാവരും ക്ലാസിലിരിക്കാൻ തുടങ്ങി. അത് ഹെഡ്മാസ്റ്റർക്കും അതു ബോധിച്ചു. 70 മുതൽ 85 വരെ ഇവിടെ കഴിഞ്ഞു.

148 രൂപ ശമ്പളവും 30 രൂപ അലവൻസുമാണ് അന്നത്തെ പ്രതിഫലം. 85ൽ യു പി തലം വരെയുള്ള നെടുവ സ്‌കൂളിലേക്ക് ട്രാൻസ്ഫർ വാങ്ങി. നഹ സാഹിബ് ഹൈസ്‌കൂളാക്കി ഉയർത്താൻ നടപടി സ്വീകരിച്ചെങ്കിലും, ഇത് നായന്മാരുടെ മക്കൾക്കുള്ള പള്ളിക്കൂടമാണ്, കടപ്പുറക്കാർക്കു പഠിക്കാൻ വേറെ പള്ളിക്കൂടമുണ്ടാക്കട്ടെ എന്നു പറഞ്ഞ് ചിലർ എതിർത്തതിനാൽ ആദ്യഘട്ടത്തിൽ നടക്കാതെ പോയി. അന്ന് ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യാനുള്ള നിബന്ധന 25000 രൂപ സർക്കാറിലേക്ക് അടക്കുകയോ മൂന്ന് ക്ലാസ് മുറികളോടെ ഉറപ്പുള്ള കെട്ടിടമുണ്ടാവുകയോ വേണമെന്നതാണ്. ചുമതലയേറ്റ ശേഷം പി ടി എ വിളിച്ച് ഷിഫ്റ്റ് സമ്പ്രദായം മാറ്റാൻ സൗകര്യമുള്ള കെട്ടിടമുണ്ടാക്കാനും അതിനായി പൊതുജന സഹായം തേടാനും തീരുമാനിച്ചു. മുമ്പ് ഞാൻ പഠിപ്പിച്ച വിദ്യാർഥികളുടെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികളെന്നതിനാൽ, വ്യാഴാഴ്ചകളിൽ വന്നാൽ മീൻ വിറ്റു കിട്ടുന്നതിൽ ഒരു പങ്ക് സ്‌കൂളിന് തരാമെന്നായി അവർ. പഞ്ചായത്ത് ഫണ്ടായി 5000 രൂപയും കിട്ടി. എല്ലാവരും ഒത്തുപിടിച്ചതോടെ പുതിയ കെട്ടിടം യാഥാർഥ്യമായി. 91ൽ ഇവിടെ വെച്ചാണ് റിട്ടയറാകുന്നത്. 35 വർഷത്തെ അധ്യാപക ജീവിതത്തിന്റെ ഹൃദയം നിറഞ്ഞ പരിസമാപ്തി.

ആ വഴിത്തിരിവ്

സർവീസിൽ നിന്നു പിരിഞ്ഞ ശേഷം ഒരു വർഷം പരപ്പനങ്ങാടിയിലെ ട്യൂട്ടോറിയൽ കോളജ് പ്രിൻസിപ്പളായി സേവനം ചെയ്തു. എന്നാൽ 92ലാണ് മാഷിന്റെ ജീവിതം മാപ്പിള പഠനത്തിലേക്ക് പൂർണമായി തിരിഞ്ഞത്. കോഴിക്കോട് പൂങ്കാവനം ബുക്‌സ് പുറത്തിറക്കുന്ന എൻസൈക്ലോപീഡിയക്കായി ഡോ. ഹുസൈൻ രണ്ടത്താണി ക്ഷണിച്ചത് വഴിത്തിരിവായി, മാഷിന്റെ ജീവിതത്തിലും മാപ്പിള സാഹിത്യ ചരിത്രത്തിലും.
അറബി മലയാളത്തെ കുറിച്ചു പറയാനാരംഭിച്ചാൽ മാഷ് മറ്റൊരാളാകും. അമ്പത് വർഷത്തോളം നീണ്ട പഠന മനനങ്ങൾ തികട്ടിവരും. മാപ്പിള സാഹിത്യത്തിന്റെ ജാതകം തന്നെ മുന്നിൽ തുറന്നുവെക്കും. “മലയാളവും അറബിയും കൂടിക്കലർന്ന സങ്കര ഭാഷയാണ് അറബിമലയാളം. നേരത്തെ പറഞ്ഞതു പോലെ ആദ്യമായി ഇത് കാണുന്നത് ടി ടി സിക്കാലത്ത് ബദ്‌റുൽ മുനീറാണ്. ഒന്നും ഗ്രാഹ്യമാകാത്തതിന്റെ നോവ് അന്നേയുണ്ട് മനസ്സിൽ. ചോദിക്കാനും പറഞ്ഞുതരാനും അന്നാരുമുണ്ടായിരുന്നില്ല. തിരൂരങ്ങാടിയിലെ ഒരു ബുക്ക് സ്റ്റാളിൽ നിന്ന് ഇതിന്റെ മലയാള ആഖ്യാനം ലഭിച്ചെങ്കിലും സംതൃപ്തി ലഭിച്ചുമില്ല. മാപ്പിള സാഹിത്യത്തിലെ ചില അറബി പദങ്ങളുടെ സാരം സഹപ്രവർത്തകരായ അറബി അധ്യാപകർ പറഞ്ഞുതന്നു. പക്ഷേ ഭാഷ അപ്പോഴും ദുർഗ്രാഹ്യമായി തുടർന്നു. നിരന്തര വായനയും അന്വേഷണവും വഴി കാലങ്ങൾ കൊണ്ടാണ് സങ്കരപദങ്ങളുടെ ചുരുളഴിച്ചത്. അതിനു കരീം മാഷ് ഏറെ സഹായിച്ചു.

ഞാൻ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ ചന്ദ്രികയിൽ തിരസ്‌കരിക്കപ്പെട്ട മാപ്പിള സാഹിത്യം എന്ന ശീർഷകത്തിലൊരു ലേഖനമെഴുതി. സിഎച്ച് മുഹമ്മദ് കോയക്ക് ഇത് ഏറെ ഇഷ്ടപ്പെട്ടുവത്രെ. അഞ്ച് രൂപ പ്രതിഫലം അയച്ചുതന്ന അദ്ദേഹം ഈ മേഖലയിൽ കൂടുതൽ മുന്നേറുക എന്ന അനുമോദന സന്ദേശവും അയച്ചു. എഴുത്തിന് ഇദംപ്രഥമമായി കിട്ടിയ പ്രതിഫലമായിരുന്നു അത്. 148 രൂപ ശമ്പളക്കാരനാണ് അഞ്ച് രൂപ പ്രതിഫലം കിട്ടുന്നതെന്നോർക്കണം. സാമാന്യം വലിയൊരു തുകയായിരുന്നുവത്. ചന്ദ്രികയിൽ പിന്നീടും പഠനങ്ങൾ പ്രസിദ്ധീകരിച്ചു.

1972 ഒക്‌ടോബറിൽ ഉബൈദ് സാഹിബ് മരിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ച് കാസർകോട്ട് മാപ്പിളപ്പാട്ട് ഉത്സവം നടക്കുകയുണ്ടായി. ചന്ദ്രികയിൽ നാലു ലക്കങ്ങളിലായി ഞാനൊരു തുടർ ലേഖനമെഴുതി വന്നിരുന്നു, സ്‌തോത്ര കാവ്യങ്ങൾ മാപ്പിളപ്പാട്ടിൽ എന്ന ശീർഷകത്തിൽ. ഇതു കണ്ടു താത്പര്യം തോന്നി അവർ എന്നെ അതിഥിയായി വിളിച്ചു. എന്റെ വിലാസമറിയാത്തതിനാൽ ചന്ദ്രികയിലേക്ക് എഴുതുകയും പോക്കർ കടലുണ്ടി ക്ഷണക്കത്ത് എനിക്കെത്തിക്കുകയുമായിരുന്നു. അങ്ങനെ ഞാനാ പരിപാടിയിൽ സംബന്ധിച്ചു. എന്റെ മാപ്പിള സാഹിത്യ സേവനത്തിലെ സുപ്രധാനമായൊരു പൊതുവേദി പ്രസംഗമായിരുന്നു അത്.”

മാപ്പിള പാട്ടുകളെ കുറിച്ച് പഠിക്കുന്നവരോട് മാഷിന് ചിലതു പറയാനുണ്ട്: മതേതരമായ സവിശേഷതയിലൂന്നിയുള്ളതാണ് മാപ്പിളപ്പാട്ടുകൾ. ഈ സവിശേഷതയെ മലയാള സാഹിത്യവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുമ്പോഴേ മാപ്പിള സാഹിത്യത്തോട് നാം നീതി ചെയ്തവരാകൂ. മാപ്പിള സംസ്‌കാരത്തെ അങ്ങനെ അവതരിപ്പിക്കാനാണ് എനിക്ക് താത്പര്യം. മുഹ്‌യിദ്ദീൻ മാല തന്നെയെടുക്കാം. ഇസ്‌ലാമികമായ പ്രത്യയശാസ്ത്ര പരത പുലർത്തുന്നതോടൊപ്പം മതേതരമായ സവിശേഷത കൂടി അതിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മാപ്പിളപ്പാട്ടുകൾക്ക് മാപ്പിളത്തം ലഭിക്കുന്നത് അതിന്റെ ഇസ്‌ലാമിക പ്രത്യയശാസ്ത്രപരതയിലൂടെയാണ്. എന്നാൽ, ഗ്രാമീണവും പ്രാദേശികവുമായ സംസ്‌കാരത്തനിമയാണ് അതിന് ആത്മാവ് നൽകിയത്. ആത്മാവില്ലാതെ എന്തു സാഹിത്യം? എന്തു ജീവിതം?” മാഷ് പറഞ്ഞുനിർത്തി.

പ്രധാന കൃതികൾ: പുരസ്കാരങ്ങൾ

മാപ്പിളപ്പാട്ട് ; ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങൾ, മാപ്പിള സാഹിത്യവും മുസ്‌ലിം നവോത്ഥാനവും, മാപ്പിളപ്പാട്ട്: പാഠവും പഠനവും(സഹ രചന), സ്ത്രീപക്ഷ വായനയുടെ മാപ്പിള പാഠാന്തരങ്ങൾ, മാപ്പിള സാഹിത്യ പഠനങ്ങൾ, മലപ്പുറം പടപ്പാട്ട്: പാഠവും പഠനവും, മഹാകവി മോയിൻ കുട്ടി വൈദ്യരുടെ കാവ്യലോകം, മാപ്പിളപ്പാട്ട് വഴക്കങ്ങൾ, മാപ്പിള ഭാഷ. എസ്എസ്എഫിന്റെ പ്രഥമ സാഹിത്യോത്സവ് അവാർഡ്, മോയിൻ കുട്ടി വൈദ്യർ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Latest