Connect with us

Editorial

മരട് ഫ്ലാറ്റ് തകർച്ചകളുടെ പ്രകമ്പനങ്ങൾ

Published

|

Last Updated

തീരദേശപരിപാലന നിയമം ലംഘിച്ചു നിർമിച്ച മരടിലെ നാല് ഫ്ലാറ്റുകളിൽ രണ്ടെണ്ണവും ഇന്നലെ തരിപ്പണമാക്കി. മാസങ്ങൾ നീണ്ട ആസൂത്രണത്തിനും പരിശോധനകൾക്കും ശേഷം സർക്കാർ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടേയും സഹായത്തോടെയാണ് മരടിലെ കുണ്ടന്നൂർ എച്ച് ടു ഒ ഹോളിഫെയ്ത്ത്, ആൽഫാ സെറിൻ ടവറുകള്‍ പൊളിച്ചു മാറ്റിയത്. ജനവാസമേഖലയായ ആൽഫാ സെറിനിലെ സ്‌ഫോടനത്തിൽ സമീപവാസികൾക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും സമീപ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ ചെറിയ കുലുക്കം അനുഭവപ്പെട്ടതിലുപരി കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ആൽഫയുടെ ഒരുഭാഗം കായലിൽ വീണിട്ടുണ്ടെങ്കിലും തൊട്ടടുത്ത് വീടുകൾ ഉള്ളതിനാൽ അത് മനപ്പൂർവം വീഴ്ത്തിയതാണെന്നാണ് കലക്ടറുടെ വിശദീകരണം.
350ഒാളം കുടുംബങ്ങൾ താമസിക്കുന്ന, ശരാശരി 50 മീറ്ററോളം ഉയരമുള്ള നാല് കെട്ടിട സമുച്ചയങ്ങളിൽ ജെയിൻ കോറൽ കേവ്, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ ഇന്നു പൊളിച്ചു നീക്കും. ഇത്ര വലിയ കെട്ടിടം സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കുന്നത് കേരളത്തിൽ ഇതാദ്യമാണെന്നു മാത്രമല്ല, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു റെക്കോർഡുമാണ്. ചെന്നൈയിലെ മൗലിവാക്കത്തെ 11 നില കെട്ടിടമായിരുന്നു ഇന്ത്യയിൽ ഇതിനുമുമ്പ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത ഏറ്റവും വലിയ കെട്ടിടം. ഈ റെക്കോർഡാണ് 19 നിലകളുള്ള മരടിലെ എച്ച് ടു ഒ ഫ്ലാറ്റ് തകർത്തത്. അതുകൊണ്ടു തന്നെ കൊച്ചിക്കിത് അപൂർവ കാഴ്ചയായിരുന്നു. മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനീയറിംഗും ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീൽസുമാണ് സ്‌ഫോടനത്തിന് നേതൃത്വം നൽകിയത്.
കഴിഞ്ഞ മെയ് എട്ടിന് സുപ്രീം കോടതിയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത്. തീരപരിപാലന നിയമം ലംഘിച്ചെന്നുകാട്ടി മരടിലെ ഫ്ലാറ്റ് നിർമാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണം കാണിക്കൽ നോട്ടീസാണ് ഫ്ലാറ്റ് പൊളിക്കലിലേക്കെത്തിച്ച സംഭവ പരമ്പരകളുടെ തുടക്കം. തദ്ദേശ സ്വയംഭരണ വകുപ്പിലെ വിജിലൻസ് വിഭാഗം ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി. കൊച്ചി കായലിനോട് ചേർന്ന്, നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുള്ള തീരദേശ പരിപാലന നിയമ പ്രകാരം സോൺ മൂന്നിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഈ ഫ്ലാറ്റുകളും നിലനിൽക്കുന്നത്.

എന്നാൽ ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു പഞ്ചായത്തിന്റെ നടപടികൾ റദ്ദാക്കിച്ചു. ഇതിനെതിരെ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചു. ഹരജി കണ്ടപ്പോൾ ഇത് ഹൈക്കോടതി പരിഗണിച്ചാൽ പോരേ എന്നു ജസ്റ്റിസ്് അരുൺ മിശ്ര ചോദിച്ചെങ്കിലും സുപ്രീം കോടതി പരിഗണിച്ചാൽ മതിയെന്നായിരുന്നു നിർമാതാക്കളുടെ മറുപടി. അനധികൃത നിർമാണത്തിന് പിഴചുമത്തുമെന്നതിലപ്പുറമുള്ള ഒരു ഉത്തരവ് അവർ പ്രതീക്ഷിച്ചില്ലായിരുന്നു.

എന്നാൽ ഒരു മാസത്തിനകം ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതിയുടെ കർശന നിർദേശം. ഇത് ഫ്ലാറ്റ് ഉടമകളെ മാത്രമല്ല, അധികൃത കേന്ദ്രങ്ങളെയും സംസ്ഥാന സർക്കാറിനെ പോലും ഞെട്ടിച്ചു. ഉത്തരവ് റദ്ദാക്കാനും സ്റ്റേ വാങ്ങാനും ഫ്ലാറ്റ് ഉടമകള്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും തന്റെ വിധി പ്രസ്താവത്തിൽ ജസ്റ്റിസ് മിശ്ര ഉറച്ചു നിന്നതോടെയാണ് കെട്ടിടങ്ങൾ പൊളിക്കാൻ അധികൃതർ നിർബന്ധിതമായത്.

ഫ്ലാറ്റിലെ താമസക്കാരായിരുന്ന 350 കുടുംബങ്ങൾക്ക് പ്രയാസങ്ങളും നഷ്ടങ്ങളുമുണ്ടെങ്കിലും അനധികൃത കെട്ടിട നിർമാതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് ഫ്ലാറ്റുകൾ സംബന്ധിച്ച കോടതിയുടെ കടുത്ത നടപടി. തീരദേശങ്ങളിൽ കെട്ടിട നിർമാണത്തിനു ചട്ടങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഇതുസംബന്ധിച്ചു തീരദേശ പരിപാലന അതോറിറ്റി വിജ്ഞാപനമിറക്കുകയും അതു പാലിച്ചുവേണം നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനെന്ന് 2006 ൽ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കുലർ അയക്കുകയും ചെയ്തിട്ടുണ്ട്. ഈ ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് സംസ്ഥാനത്തെ തീരദേശങ്ങളിലെമ്പാടും കെട്ടിട സമുച്ചയങ്ങൾ ഉയർന്നു വരുന്നത്. എണ്ണത്തിൽ കൊച്ചി കോർപറേഷനാണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്.

മരടിൽ മാത്രം ആയിരത്തിലേറെ അനധികൃത നിർമാണങ്ങൾ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഗാർഹികാവശ്യത്തിനുള്ള കെട്ടിടാനുമതി വാങ്ങി വാണിജ്യ സമുച്ചയങ്ങൾ പണിയുന്നവരും, പ്ലാനിൽ പാർക്കിംഗ് സൗകര്യം കാണിച്ചു നിർമാണം പുർത്തിയായ ശേഷം അത് കൊട്ടിയടച്ചു വാണിജ്യാവശ്യത്തിനാക്കി മാറ്റുന്നതും നരഗങ്ങളിലെല്ലാം സാധാരണമാണ്. സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം1991 മുതൽ 2019 വരെയുള്ള കാലയളവിൽ കേരളത്തിലെ തീരദേശ പ്രദേശങ്ങളിൽ 200 മീറ്റർ ദൂരപരിധിക്കുള്ളിൽ നിർമിച്ച കെട്ടിടങ്ങളെല്ലാം അനധികൃതമാണ്.

കൊച്ചി മരട് ഫ്ലാറ്റ് പ്രശ്‌നത്തിൽ ശിക്ഷിക്കപ്പെട്ടത് അതിന്റെ ഉടമകൾ മാത്രമാണ്. അനധികൃത നിർമാണത്തിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമുണ്ട് ഇതിൽ പങ്ക്. പാവപ്പെട്ടവന്റെ കൊച്ചുവീടിന്റെ നിർമാണത്തിലെ ചെറിയ അപാകതകൾക്കെതിരെ വാളോങ്ങുന്ന ഉദ്യോഗസ്ഥർ പണവും സ്വാധീനവുമുള്ളവൻ കാണിക്കുന്ന ക്രമക്കേടുകൾ കണ്ടില്ലെന്നു നടിക്കുന്നു. നിയമങ്ങളെ മാനിക്കാൻ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ ഫ്ലാറ്റ് മാഫിയയും ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബികളും ചേർന്നു മൂലക്കിരുത്തുകയുംചെയ്യും. ഫ്ലാറ്റ് സമുച്ചയങ്ങളുടെ അനധികൃത നിർമാണത്തിനു നേരെ കണ്ണടക്കുന്നതിന് ടൗൺപ്ലാനർമാർക്കുള്ള പാരിതോഷികം ഒരു ഫ്ലാറ്റാണത്രെ.

ഇങ്ങനെ നിരവധി ഫ്ലാറ്റുകൾ സ്വന്തമാക്കിയ ടൗൺ പ്ലാനർമാരുണ്ടെന്നാണ് അറിയുന്നത്. കോടികൾ മറിയുന്ന ഒരു ബിസിനസായി മാറിയിട്ടുണ്ട് കോർപറേഷനിലെയും പ്രധാന മുനിസിപ്പാലിറ്റികളുടെയും ടൗൺ പ്ലാനർമാരുടെ നിയമനമെന്നതും അങ്ങാടിപ്പാട്ടാണ്. ഇത്തരക്കാരെ കൂടി പിടിച്ചു കെട്ടാത്ത കാലത്തോളം സംസ്ഥാനത്തെ അനധികൃത നിർമാണങ്ങൾ അവസാനിപ്പിക്കാനാകില്ല.

Latest