Connect with us

National

അമിത് ഷാ എന്ന വ്യാജേന ഗവര്‍ണര്‍ക്ക് ഫോണ്‍ ചെയ്തു; വ്യോമസേന ഉദ്യോഗസ്ഥനും സുഹൃത്തും അറസ്റ്റില്‍

Published

|

Last Updated

ഭോപ്പാല്‍ | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്ന വ്യാജേന മധ്യപ്രദേശ് ഗവര്‍ണറെ ഫോണ്‍ ചെയ്യുകയും തന്റെ സുഹൃത്തിനെ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വ്യോമസേനഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വ്യോമസേനവിങ് കമാന്‍ഡര്‍ കുല്‍ദീപ് സിങ് വാഘേലയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ സുഹൃത്തും ഭോപ്പാലില്‍ ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാര്‍ ശുക്ലയും അറസ്റ്റിലായിട്ടുണ്ട്.

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടനെ ഫോണ്‍ ചെയ്ത കുല്‍ദീപ്, ചന്ദ്രേഷ് കുമാറിനെ ജബല്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അമിത് ഷായുടെ പേഴ്‌സണല്‍ അസിസ്റ്റന്റെന്ന വ്യാജേന ചന്ദ്രേഷും ഗവര്‍ണറോട് സംസാരിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. നിലവില്‍ ഡല്‍ഹിയിലെ വ്യോമസേനഹെഡ് ക്വാട്ടേഴ്‌സിലാണ് കുല്‍ദീപ് ജോലി ചെയ്യുന്നത്. നേരത്തെ, രാം നരേഷ് യാദവ് മധ്യപ്രദേശ് ഗവര്‍ണറായിരുന്ന സമയത്ത് മൂന്നു വര്‍ഷത്തോളം കുല്‍ദീപ് അദ്ദേഹത്തിനൊപ്പം എ ഡി സിയായിജോലിചെയ്തിട്ടുണ്ടായിരുന്നു.എം.പി.എം.എസ്.യുവിന്റെ വൈസ് ചാന്‍സലര്‍ പദവിക്കായി ചന്ദ്രേഷ് കുമാര്‍ ശുക്ല നേരത്തെ അപേക്ഷ നല്‍കിയിരുന്നു