Connect with us

Editorial

കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിയതു കൊണ്ടായില്ല

Published

|

Last Updated

ഭരണകൂട ഭീകരതയില്‍ നരകയാതന അനുഭവിക്കുന്ന കശ്മീരികള്‍ക്ക് തെല്ലെങ്കിലും ആശ്വാസമേകുന്നതാണ് ഇന്നലെത്തെ സുപ്രീം കോടതി വിധി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നാണ് കോടതി ഉത്തരവ്. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം മൗലികാവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണെന്നും എല്ലാ നിയന്ത്രണങ്ങളും ഏഴ് ദിവസത്തിനുള്ളില്‍ പുനഃപരിശോധിക്കണമെന്നും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് സര്‍ക്കാറിനോടാവശ്യപ്പെട്ടു. സര്‍ക്കാറിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതിനുള്ള ഒരു കാരണമല്ല. ഇന്റര്‍നെറ്റ് വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. കശ്മീരിലെ നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികളിലാണ് ഈ ഉത്തരവ്.

ഉത്തരവുകള്‍ക്ക് പിന്നിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ലെന്നു പറഞ്ഞ കോടതി പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും അവരുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച ഒരു സന്തുലിതാവസ്ഥ ഉറപ്പ് വരുത്താനും തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഉണര്‍ത്തി. ഏകപക്ഷീയമായ അധികാരത്തിലൂടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കരുത്. ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണെന്നും നിയന്ത്രണങ്ങളുടെ ഉത്തരവുകള്‍ സംബന്ധിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടതായിരുന്നുവെന്നും മൂന്നംഗ ബഞ്ച് ഓര്‍മിപ്പിച്ചു. ദേശസുരക്ഷയുടെയും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സംരക്ഷണത്തിനു വേണ്ടിയാണ് നിയന്ത്രണങ്ങളെന്നും ക്രമസമാധാന പാലനത്തിന് ഇന്റര്‍നെറ്റ് നിയന്ത്രണം അനിവാര്യമാണെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി മുഖവിലക്കെടുത്തില്ല.

[irp]

കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് അധികൃതര്‍ അവിടെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത്. ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തുകയും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. അവിടെ നടക്കുന്ന ഭരണകൂട ഭീകരത പുറം ലോകം അറിയാതിരിക്കാനാണ് ഇന്റര്‍നെറ്റ് വിച്ഛേദവും മാധ്യമ നിയന്ത്രണവും. പുറത്തു നിന്നുള്ളവര്‍ക്ക് കശ്മീര്‍ സന്ദര്‍ശനത്തിനു അനുമതിയുമില്ലായിരുന്നു.

[irp]

അധികൃതരുടെ കര്‍ശനമായ നിയന്ത്രണത്തിലല്ലാതെ കശ്മീരിലെ സ്ഥിതിഗതികള്‍ സ്വതന്ത്രമായി വിലയിരുത്താനോ പഠിക്കാനോ രാജ്യത്തിനകത്തു നിന്നുള്ളവരെയും പുറത്തു നിന്നുള്ളവരെയും അനുവദിക്കുന്നില്ല. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി കശ്മീര്‍ ഘടകം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിക്കേണ്ടി വന്നു. അമേരിക്ക, ദക്ഷിണ കൊറിയ, മൊറോക്കോ, അര്‍ജന്റീന, നോര്‍വെ തുടങ്ങി പതിനഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തിയത് സര്‍ക്കാറിന്റെ കടുത്ത നിയന്ത്രണത്തിലായിരുന്നു. യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളും ഇവര്‍ക്കൊപ്പമെത്തേണ്ടതായിരുന്നെങ്കിലും സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സന്ദര്‍ശനത്തിന് താത്പര്യമില്ലെന്നു പറഞ്ഞ് അവര്‍ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.

ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് കശ്മീരിലെ ഭരണകൂട ഭീകരത. സെപ്തംബറില്‍ ജനീവയില്‍ നടന്ന യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിന്റെ 42ാമത് സെഷനില്‍ സംസാരിക്കവെ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിനു ശേഷമുള്ള സ്ഥിതിഗതികളില്‍ യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മനുഷ്യാവകാശങ്ങളെ മാനിച്ചു നിരോധനാജ്ഞ പിന്‍വലിക്കാനും കശ്മീരികളുടെ ഭാവിയില്‍ സ്വാധീനം ചെലുത്തുന്ന തീരുമാനമെടുക്കുമ്പോള്‍ ജനങ്ങളോട് കൂടിയാലോചിക്കാനും കേന്ദ്ര സര്‍ക്കാറിനോട് കമ്മീഷണര്‍ ആവശ്യപ്പെടുകയും ചെയ്തു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു.
മനുഷ്യാവകാശത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീം കോടതി വിധി.

ഭരണകൂടങ്ങള്‍ വഴിതെറ്റുമ്പോള്‍ തിരുത്തേണ്ടത് ജുഡീഷ്യറിയുടെ ബാധ്യതയുമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതു കൊണ്ടു മാത്രം തീരുന്നില്ല കശ്മീര്‍ ജനതയുടെ ദുരിതങ്ങള്‍. പൂര്‍ണ തോതില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുകയും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്ത കശ്മീരിന്റെ അവകാശങ്ങള്‍ തിരിച്ചു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഔദാര്യമല്ല ഈ അവകാശങ്ങളൊന്നും, കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കുന്നതിന് നല്‍കിയ വിലയാണ്. അതെന്നെന്നും സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് അവര്‍ ഇന്ത്യയില്‍ ലയിച്ചത്. വിശ്വസിച്ചവരെ വഞ്ചിക്കുന്നതല്ല, മാനിക്കുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം. പാക് അനുകൂല തീവ്രവാദികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടാതെ എക്കാലവും ഇന്ത്യയോട് കൂറ് പുലര്‍ത്തിയ കശ്മീരികള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈനിക ബൂട്ടുകള്‍ക്കടിയില്‍ ഞെരിഞ്ഞമരുകയാണ്. ഭീകരവാദികളെ വധിച്ചാല്‍ ലഭ്യമാകുന്ന ക്യാഷ് അവാര്‍ഡിനും പതക്കങ്ങള്‍ക്കും വേണ്ടി എത്രയെത്ര സാധാരണക്കാരായ കശ്മീരികളെയാണ് സൈന്യം കൊന്നൊടുക്കിയത്. ആയിരക്കണക്കിനു കശ്മീരി വനിതകളാണ് സൈന്യത്തിന്റെ ലൈംഗിക പീഡനത്തിനിരയായത്. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന ഏജന്‍സിയുടെ കണക്കു പ്രകാരം ചെച്‌നിയയിലെയും ശ്രീലങ്കയിലെയും യുദ്ധമുഖത്ത് നടന്ന ബലാത്സംഗങ്ങളേക്കാള്‍ ഉപരിയാണ് കശ്മീരിലെ ബലാത്സംഗങ്ങള്‍. ഇതൊക്കെ സഹിച്ച ഒരു ജനതയോട് കാണിച്ച മറ്റൊരു നെറികേടല്ലേ അവരുടെ പ്രത്യേകാവകാശങ്ങള്‍ കവര്‍ന്നെടുക്കല്‍?