Connect with us

National

കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പുന:പരിശോധിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | കശ്മീരിനെ രണ്ടായി വിഭജിച്ചതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏഴ് ദിവസത്തിനകംപുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി. ഇന്റര്‍നെറ്റ് സേവനം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. ഇന്റര്‍നെറ്റ് അവകാശം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ 19ാം വകുപ്പിന്റെ ഭാഗമാണെന്നും ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അനുപാതികമായി വേണം ഇന്റര്‍നെറ്റ് സേവനത്തിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടത്. പൗരന്മാരുടെ അവകാശം ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യം. ജനങ്ങളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ കണക്കിലെടുക്കണമെന്നും കോടതി വ്യക്തമാക്കി.

അതേ സമയം ദേശ സുരക്ഷയും അഖണ്ഢതയും കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നും ഇവ ഘട്ടം ഘട്ടമായി പിന്‍വലിച്ചുവരികയാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്

കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവരാണ് കോടതിയില്‍ ഹരജികള്‍ നല്‍കിയത്.

ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറത്. ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതല്‍ പ്രദേശത്ത് ഇന്റര്‍നെറ്റും വിച്ഛേദിച്ചിരുന്നു. പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതോടു കൂടി ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറിയിരുന്നു.

കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിരോധനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിനും കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വാദം കേട്ട കോടതി വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു.