Connect with us

Editorial

വിവാദങ്ങള്‍ക്കിടെ വിസ്മരിക്കപ്പെടുന്ന സാമ്പത്തിക തകര്‍ച്ച

Published

|

Last Updated

രാജ്യത്തിന്റെ സമ്പദ്ഘടനയെക്കുറിച്ച് ആശങ്കാജനകമായ വിവരങ്ങളാണ് അടിക്കടി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജി ഡി പി) അഞ്ച് ശതമാനമായി ഇടിയുമെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് കീഴിലെ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍ എസ് ഒ) രണ്ട് ദിവസം മുമ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 6.8 ശതമാനമായിരുന്നു. ഉത്പാദന മേഖലയിലാണ് പ്രധാനമായും തകര്‍ച്ച. ഈ മേഖലയിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 6.2 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നും കാര്‍ഷിക, നിര്‍മാണ, വൈദ്യുത മേഖലകളെയും മാന്ദ്യം ബാധിച്ചതായും എന്‍ എസ് ഒ പറയുന്നു.

[irp]

നിലവില്‍ രാജ്യം നേരിടുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്നു എന്‍ ഡി ടി വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നരേന്ദ്ര മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാണിച്ചത് രണ്ടാഴ്ച മുമ്പാണ്. കഴിഞ്ഞ ഏഴ് പാദവാര്‍ഷിക കണക്കുകളിലും ഇന്ത്യയുടെ ജി ഡി പി നിരക്ക് താഴേക്ക് പോകുന്നതായാണ് സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തമാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ എട്ട് ശതമാനമുണ്ടായിരുന്ന ജി ഡി പി 2019-20 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.5 ലേക്ക് കൂപ്പുകുത്തി. അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്, ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ചതും അടുത്തിടെയാണ്. 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്ത ജി ഡി പി വളര്‍ച്ചാ അനുമാനം 4.6 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 5.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തേ ഫിച്ച് പ്രവചിച്ചിരുന്നത്. മൂഡീസ് 4.9 ശതമാനവും, എ ഡി ബി 5.1 ശതമാനവും, ആര്‍ ബി ഐ അഞ്ച് ശതമാനവുമായിരുന്നു ഈ കാലത്തെ വളര്‍ച്ച കണക്കാക്കിയിരുന്നത്. ഇവയെക്കാളെല്ലാം താഴെയാണ് ഫിച്ചിന്റെ അനുമാനം. വായ്പാ ആവശ്യകത വന്‍തോതില്‍ കുറഞ്ഞതും ഉപഭോക്താക്കളുടെയിടയില്‍ ആത്മവിശ്വാസം ചോര്‍ന്നതും ബിസിനസുകളിലുണ്ടായ ഇടിവുമാണ് വളര്‍ച്ച താഴാനുള്ള കാരണമായി ഫിച്ച് ചൂണ്ടിക്കാണിക്കുന്നത്.
ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യാവസായിക വളര്‍ച്ച, ഉത്പാദന വളര്‍ച്ചാ നിരക്ക്, ജനങ്ങളുടെ ക്രയവിക്രയ ശേഷി എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി കണക്കാക്കുന്നത്. ഇവയെ മുന്‍ കാലങ്ങളിലെ സൂചകവുമായി താരതമ്യം ചെയ്യണം. 2000-02 കാലത്തെ മാന്ദ്യം നേരിട്ട സാഹചര്യത്തില്‍ ജി ഡി പി നിരക്ക് 4.5 ശതമാനമായിരുന്നുവെങ്കിലും മേല്‍ സൂചകങ്ങള്‍ അത്ര മോശമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ സൂചകങ്ങളെല്ലാം കുത്തനെ താഴോട്ടാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 2,650 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഈ വര്‍ഷം നവംബറില്‍ 2,598 കോടിയായി കുറഞ്ഞു. കഴിഞ്ഞ നവംബറില്‍ 4,317 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ഈ വര്‍ഷം അത് 3,811 കോടി ഡോളറിലേക്ക് താഴ്ന്നു. 12.71 ശതമാനമാണ് ഇടിവ്. പെട്രോളിയം, എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍, വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയാണ് പ്രധാനമായും കുറഞ്ഞത്. ബേങ്കുകളുടെ കിട്ടാക്കടവും നിഷ്‌ക്രിയ ആസ്തിയും വന്‍തോതില്‍ പെരുകുകയാണ്. വന്‍ കൊട്ടിഘോഷത്തോടെ നടപ്പാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും ഗുണം ചെയ്തില്ല. പ്രഖ്യാപിച്ച് നാല് വര്‍ഷം കഴിഞ്ഞിട്ടും 40 ബില്യണ്‍ യു എസ് ഡോളറിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തേക്ക് വന്നത്. അതേസമയം, ഇന്ത്യക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബ്രസീലിലേക്ക് ഇക്കാലയളവില്‍ 90 ബില്യണ്‍ യു എസ് ഡോളറിന്റെ വിദേശ നിക്ഷേപം എത്തി.

യു പി എ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചു, കള്ളപ്പണം തിരിച്ചു കൊണ്ടു വരുന്നതില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പരാജയപ്പെട്ടു തുടങ്ങി മുന്‍ സര്‍ക്കാറിനെ മുച്ചൂടും വിമര്‍ശിച്ചും തങ്ങള്‍ രാജ്യത്തെ വന്‍ സാമ്പത്തിക ശക്തിയായി വളര്‍ത്തുമെന്ന് അവകാശപ്പെട്ടുകൊണ്ടുമാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ യു പി എ ഭരണത്തെക്കാള്‍ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു കഴിഞ്ഞ അഞ്ചര വര്‍ഷക്കാലത്തിനിടയില്‍. തങ്ങളെന്തൊക്കെയോ ചെയ്യുന്നുവെന്നു വരുത്താനുള്ള ചില കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം സമ്പദ് രംഗത്തിന്റെ നടത്തിപ്പില്‍ ശരിയായ ദിശാബോധമില്ല അതു കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കും സര്‍ക്കാറിനും. മുന്നൊരുക്കമില്ലാതെ പെട്ടെന്നു നോട്ട് നിരോധനം നടപ്പാക്കുന്നത് ജനങ്ങളെ വലക്കുകയും രാജ്യത്തിന് കടുത്ത ക്ഷീണം സൃഷ്ടിക്കുകയും ചെയ്യുമെന്ന് റിസര്‍വ് ബേങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. അത് ചെവിക്കൊണ്ടില്ല. സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിലുപരി പൗരത്വ പ്രശ്‌നത്തിന്റെയും ദേശീയ സുരക്ഷയുടെയും പേരില്‍ മത ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടല്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാവിവത്കരണം, ഗോസംരക്ഷണം, കശ്മീരികളുടെ സ്വസ്ഥത തകര്‍ക്കല്‍ തുടങ്ങിയ ഹിന്ദുത്വ അജന്‍ഡകളിലാണല്ലോ സര്‍ക്കാറിന് ശ്രദ്ധ.

പൊതു, സ്വകാര്യ മേഖലാ സംരംഭങ്ങളെ ഉദ്ദീപിപ്പിക്കുകയും കാര്‍ഷികവും കാര്‍ഷികേതരവുമായ മേഖലകളെ ഉത്തേജിപ്പിക്കുകയുമാണ് സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള മാര്‍ഗമെന്നു സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അതൊന്നും പക്ഷേ സര്‍ക്കാറിന്റെ പരിഗണനയിലില്ല. പകരം റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈവശപ്പെടുത്തല്‍, വിമാനത്താവളങ്ങളുടെ വില്‍പ്പന, ചരിത്ര സ്മാരകങ്ങള്‍ വാടകക്ക് കൊടുക്കല്‍, റെയില്‍വേ സ്വകാര്യവത്കരണം തുടങ്ങി സമ്പദ്ഘടനയുടെ അടിത്തറ തോണ്ടുന്ന നടപടികളാണ് അവലംബിക്കുന്നത്.

ഇതുകൊണ്ടായിരിക്കണം ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഉടനെങ്ങും ഇന്ത്യ കരകയറുമെന്ന് പ്രതീക്ഷ വേണ്ടെന്നു രണ്ടാഴ്ച മുമ്പ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെ രാജ്യാന്തര നാണ്യ നിധിയുടെ ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടത്. പൗരത്വ പ്രശ്‌ന കോലാഹലങ്ങള്‍ക്കിടയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് രാജ്യത്തിന്റെ ഗുരുതരമായ സാമ്പത്തിക തകര്‍ച്ച.