Connect with us

National

കള്ളം മറച്ചുവെക്കാനാകാതെ ബി ജെ പി ലഘുലേഖ

Published

|

Last Updated

കൊൽക്കത്ത | എൻ ആർ സിയെ കുറിച്ച് സർക്കാർ ചർച്ച പോലും ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോൾ, പൗരത്വ ഭേദഗതി നിയമത്തിന് ശേഷം നടപ്പാക്കുക എൻ ആർ സിയാണെന്ന് വിശദീകരിച്ച് പശ്ചിമ ബംഗാൾ ബി ജെ പി ഘടകം പുറത്തിറക്കിയ ലഘുലേഖ. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് വിശദീകരിക്കുന്ന ലഘുലേഖ വീടുകൾ തോറും വിതരണം ചെയ്യുന്നുണ്ട് ബി ജെ പി. ബംഗാളി ഭാഷയിലുള്ള ലഘുലേഖയിലാണ് എൻ ആർ സി കാര്യമുള്ളത്. എന്നാൽ, ഹിന്ദിയിൽ ഇറക്കിയതിൽ എൻ ആർ സി പരാമർശിക്കുന്നതേയില്ല.

ബംഗാളി ബുക്ക്‌ലെറ്റിന്റെ 23ാം പേജിലാണ് എൻ ആർ സി പരാമർശമുള്ളത്. ചോദ്യോത്തര രീതിയിലാണിത്. “പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് പിന്നാലെ എൻ ആർ സിയുണ്ടാകുമോ? എത്ര സമയം അതിന് പിടിക്കും? എൻ ആർ സിയുണ്ടെങ്കിൽ അസമിലെ പോലെ ഹിന്ദുക്കൾക്ക് തടവ് കേന്ദ്രങ്ങളിൽ പോകേണ്ടി വരുമോ?”. ഉത്തരം ഇങ്ങനെയാണ്: അതെ, ഇതിന് ശേഷം എൻ ആർ സി നടപ്പാക്കും. ചുരുങ്ങിയ പക്ഷം കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം അങ്ങനെയാണുള്ളത്. അതിന് മുമ്പ് ഒരു കാര്യം വ്യക്തമായി പറയട്ടെ, എൻ ആർ സി കാരണം ഒരു ഹിന്ദുവിനും തടവ് കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരില്ല” തുടർന്ന് സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് അസമിൽ എൻ ആർ സി നടപ്പാക്കിയതെന്നും അന്നത്തെ അസം കോൺഗ്രസ് സർക്കാറാണ് വിദേശീ നിയമം കൊണ്ടുവന്നതെന്നും കൈപ്പുസ്തകത്തിൽ വിശദീകരിക്കുന്നു.

അസമിലെ ബി ജെ പി സർക്കാർ അല്ല എൻ ആർ സി കൊണ്ടുവന്നത്. എൻ ആർ സിക്കെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു ബി ജെ പി സർക്കാറെന്നും കൈപ്പുസ്തകത്തിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാലുടനെ വിദേശീ നിയമപ്രകാരം തടവു കേന്ദ്രങ്ങളിലാക്കിയ ഹിന്ദുക്കളെ മോചിപ്പിക്കും. അസമിലും പശ്ചിമ ബംഗാളിലും രണ്ട് കോടിയോളം നുഴഞ്ഞുകയറ്റക്കാരുണ്ട്. ഇവരെയെല്ലാം ഡി- വോട്ടർമാർ എന്ന പട്ടികയിൽ പെടുത്തണം. രാജ്യത്തെ നുഴഞ്ഞുകയറ്റം സംബന്ധിച്ച പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുക മാത്രമാണ് ഇത്. അതിനാലാണ് രാജ്യവ്യാപക എൻ ആർ സി ആവശ്യമായതെന്നും കൈപ്പുസ്തകത്തിൽ പറയുന്നു.

ഹിന്ദി പതിപ്പിൽ
എൻ ആർ സി ഇല്ലാത്തതെന്ത്?

സമാന കൈപ്പുസ്തകത്തിന്റെ ഹിന്ദി പതിപ്പിൽ എൻ ആർ സി പരാമർശമില്ലെന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഹിന്ദി പതിപ്പിന്റെ സമാന പരിഭാഷ മാത്രമല്ല ബംഗാളി പുസ്തകമെന്നായിരുന്നു ബി ജെ പി ജനറൽ സെക്രട്ടറി സായന്തൻ ബസുവിന്റെ മറുപടി. പൗരത്വ നിയമത്തെയും എൻ ആർ സിയെയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ ബംഗാളിലുണ്ട്. എൻ ആർ സി നടപ്പാക്കുന്നത് കേന്ദ്ര സർക്കാറിന്റെ വിവേചനാധികാരമാണെന്നും ബസു പറഞ്ഞു.

കൈപ്പുസ്തകത്തിലെ എൻ ആർ സി വിശദീകരണത്തെ സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ, ചാക്കിൽ നിന്ന് പൂച്ച പുറത്തുചാടിയെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർഥ ചാറ്റർജിയുടെ മറുപടി. ഡിസംബർ 22ന് ഡൽഹിയിൽ നടന്ന ബി ജെ പി പ്രചാരണ റാലിയിലാണ് എൻ ആർ സി നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ ആലോചിച്ചിട്ട് പോലുമില്ലെന്നും രാജ്യത്തൊരിടത്തും തടവു കേന്ദ്രങ്ങളില്ലെന്നും മോദി പറഞ്ഞത്.