Connect with us

Ongoing News

ഇന്‍ഡോര്‍ ടി ട്വന്റി: ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Published

|

Last Updated

ഇന്‍ഡോര്‍ | ശ്രീലങ്കക്കെതിരായ രണ്ടാം ടി ട്വന്റിയില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടപ്പെടുത്തി 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ കിടയറ്റ ബൗളിംഗ് നിര ശ്രീലങ്കന്‍ ബാറ്റിംഗിനെ പിടിച്ചുകെട്ടുകയായിരുന്നു. തുടര്‍ന്ന് ബാറ്റേന്തിയ ഇന്ത്യ 17.3 ഓവറില്‍ ലക്ഷ്യം നേടി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം ടി ട്വന്റി വെള്ളിയാഴ്ച ഗഹൂഞ്ചെ (മഹാരാഷ്ട്ര)യില്‍ നടക്കും.

കുറഞ്ഞ സ്‌കോറിനെ പിന്തുടര്‍ന്ന ഇന്ത്യക്ക് കെ എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് കിടിലന്‍ തുടക്കം നല്‍കി. രാഹുല്‍ 32 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ധവാന്‍ 29 പന്തില്‍ 32 റണ്‍സ് നേടി. 71 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. വണ്‍ ഡൗണായി ഇറങ്ങിയ ശ്രേയസ് അയ്യര്‍ 26 പന്തില്‍ 34 റണ്‍സെടുത്തു. നായകന്‍ കോലി പുറത്താകാതെ 30 റണ്‍സ് നേടി. 18-ാം ഓവറിലെ മൂന്നാം പന്തില്‍ സിക്സറടിച്ചാണ് കോലി ഇന്ത്യക്ക് വിജയമേകിയത്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് തൊട്ടതെല്ലാം പിഴച്ചു. 38 റണ്‍സിലാണ് ലങ്കയുടെ ആദ്യ വിക്കറ്റ് നിലംപതിച്ചത്. പിന്നീടങ്ങോട്ട് വിക്കറ്റുകള്‍ വീണ്ടുകൊണ്ടേയിരുന്നു. ശാര്‍ദുല്‍ ഠാക്കൂറാണ് ഇന്ത്യന്‍ ബൗളിംഗില്‍ കൂടുതല്‍ തിളങ്ങിയത്. ഠാക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നവദീപ് സയ്‌നിയും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. വാഷ്ങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 34 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍.

Latest