Connect with us

National

ഒടുവില്‍ മകള്‍ക്ക് നീതി ലഭിച്ചു: നിര്‍ഭയയുടെ മാതാവ്

Published

|

Last Updated

ന്യൂഡല്‍ഹി | ഒടുവില്‍ തന്റെ മകള്‍ക്ക് നീതി ലഭിച്ചതായി നിര്‍ഭയ ബലാത്സംഗ കേസിലെ ഇരയുടെ മാതാവ് ആശാദേവി. കേസിലെ നാലു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ ഡല്‍ഹി കോടതി വിധിയെ പ്രകീര്‍ത്തിച്ചു.

“എന്റെ മകള്‍ക്ക് നീതി ലഭിച്ചിരിക്കുകയാണ്. പ്രതികളായ നാലുപേരെ തൂക്കിലേറ്റുന്നത് രാജ്യത്തെ സ്ത്രീ സമൂഹത്തിന് ശക്തി പകരുന്നതാണ്. നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും വിധി സഹായകമാകും.” വിധി കേട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ആശാദേവി പറഞ്ഞു.

അതേസമയം, പ്രതികള്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ മാതാവ് നിര്‍ഭയയുടെ മാതാവിന്റെ അടുത്തെത്തി മകനെ രക്ഷിക്കണമെന്ന് യാചിച്ചു.
എന്നാല്‍, ആശാദേവിയുടെ മനസ്സു മാറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. “എനിക്കും ഒരു മകളുണ്ടായിരുന്നു. അവള്‍ക്ക് എന്താണ് സംഭവിച്ചത്? അതൊക്കെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും. ഏഴ് വര്‍ഷമായി ഞാന്‍ നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്”-അവര്‍ പറഞ്ഞു.

Latest