Connect with us

Ongoing News

ഇതിഹാസത്തിന്റെ വേരുകൾ

Published

|

Last Updated

പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാഹ്നയാത്രകളുടെയും അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട് ഞാൻ പുറത്തേക്കു പോവുകയാണ്. യാത്ര.”
-ഖസാക്കിന്റെ ഇതിഹാസം

സമാനതയില്ലാത്ത ഒരു ഭാഷ സൃഷ്ടിച്ചുകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് ഒ വി വിജയൻ. ഒരെഴുത്തുകാരൻ എന്നതിലുപരി വിജയൻ ഒരു ദാർശനികൻകൂടിയായിരുന്നു. മതം, ആത്മീയത, രാഷ്ട്രീയം, പരിസ്ഥിതി, സമത്വം, ചരിത്രം എന്നീ തലങ്ങളിൽ പടർന്നുകയറുന്നതാണ് വിജയന്റെ ഉൾക്കാഴ്ചകൾ, ഈ ദാർശനിക വിതാനങ്ങളുടെ സമൃദ്ധിയാണ് ഇതിഹാസത്തിന്റെ വേരുകൾക്ക് വെള്ളവും വളവുമായത്. കേരളത്തിന്റെ സാമൂഹികതലങ്ങളിൽ ഒ വി വിജയൻ ഇടപെട്ടിരുന്നത് വലിയ ഉൾക്കാഴ്ചകളോടെയായിരുന്നു. സ്വന്തം മണ്ണിലെ വിപ്ലവ നായകൻ ഇ എം എസിന്റെ മരണം ഇതിഹാസകാരനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവമായിരുന്നു. ഇ എം എസ് മരിച്ചപ്പോൾ എസ് ജയചന്ദ്രൻനായരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം ഇത്രയും കുറിച്ചു. “തുച്ഛമായ തർക്കങ്ങൾ നമുക്ക് മറക്കാം. പക്ഷേ, അങ്ങില്ലായിരുന്നെങ്കിൽ ഞങ്ങൾ ഉണ്ടാകുമായിരുന്നില്ല. ലാൽ സലാം സഖാവേ…”
പാണ്ടിക്കാട്ടെ ക്യാമ്പ് ജീവിതത്തിനിടയിലെ മൂന്നാം ക്ലാസിലെ സഹപാഠിയായിരുന്ന തലച്ചിരിയൻ, വീട്ടിലെ വേലക്കാരിയായിരുന്ന കുഞ്ഞിപ്പെണ്ണിന്റെ മകനായിരുന്നു. അവന്റെ വൈകൃതവും വിഷാദവും വിജയനിൽ സഹതാപം ഉണ്ടാക്കിയിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ കുട്ടാടൻപൂശാരിക്കും രവിക്കും പകർന്നുകൊടുത്തത് തലച്ചിരിയന്റെ വിഷാദമായിരുന്നെന്ന് വിജയൻ പറഞ്ഞിട്ടുണ്ട്. കോഴിച്ചന ക്യാമ്പിൽ എത്തിയതിന് ശേഷമാണ് വിജയൻ ഇംഗ്ലീഷും കണക്കും പഠിക്കാൻ തുടങ്ങിയത്. കോട്ടക്കൽ കോവിലകം വകയായ കോട്ടക്കൽ രാജാസ് സ്‌കൂളിലേക്ക് കോഴിച്ചനയിൽ നിന്ന് ഏതാനും കിലോമീറ്റർ ദൂരം ഉണ്ടായിരുന്നു. അച്ഛന്റെ റിക്ഷാവണ്ടിയിൽ ക്യാമ്പിലെ ജീവനക്കാർ വിജയനെ സ്‌കൂളിലെത്തിക്കും. റിക്ഷാ വണ്ടിയിൽ ഏകനായി അങ്ങാടിയിലൂടെ യാത്ര ചെയ്യുമ്പോൾ വഴിനീളെയുള്ള കാഴ്ചകളും, നാട്ടുകാരും സഹപാഠികളും ആദരവോടെ നോക്കിനിൽക്കുന്നതുമെല്ലാം അഭിമാനത്തോടെ വിജയൻ മനസ്സിൽ സൂക്ഷിച്ചിരുന്നു.

ഉണ്ണി എന്നാണ് വിജയനെ വീട്ടിൽ വിളിച്ചിരുന്നത്. പോലീസ് ക്യാമ്പിലെ ഇടവേളകളിൽ ഉണ്ണിയുടെ അമ്മയുടെ തറവാട്ടിൽ മുത്തച്ഛനോടൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. തച്ചമൂച്ചിക്കൽ ചാമി എന്ന ഈ കാരണവർക്ക് കൊച്ചുമകനോട് പ്രത്യേക വാത്സല്യമായിരുന്നു. അനുഭൂതിയും സ്വാതന്ത്ര്യവും അനുഭവിച്ചുവളർന്ന വിജയന്റെ ബാല്യത്തിലേക്ക് മലപ്പുറത്തിന്റെ പ്രകൃതി ഇറങ്ങിച്ചെല്ലുകയായിരുന്നു. മനസ്സിന്റെ വിശാലതയും അനന്തമായി പരന്നുകിടന്നിരുന്ന പ്രകൃതിയുമാണ് ഇതിഹാസകാരൻ എഴുത്തിന്റെ അപാരമായ പശ്ചാത്തലം ഒരുക്കികൊടുത്തത്. അരീക്കോട് എം എസ് പി ക്യാമ്പിലും കോട്ടക്കൽ രാജാസ് ഹൈസ്‌കൂളിലും ഒ വി വിജയന് സ്മാരകങ്ങളുണ്ട്. എല്ലാ വർഷവും ഇവിടെ വിജയൻ അനുസ്മരണങ്ങളും നടന്നുവരുന്നു. കുന്നിൻചെരുവിലേക്കും മഞ്ഞ പുൽത്തകിടിയിലേക്കും നോക്കിയിരുന്ന് പകൽക്കിനാവ് കണ്ടിരുന്നപ്പോൾ അച്ഛനോ, അമ്മയോ വിജയനെ ശകാരിച്ചിട്ടില്ല. കുട്ടികൾക്കായി പ്രസിദ്ധീകരിച്ചിരുന്ന കഥാമാലകൾ മഞ്ചേരി അങ്ങാടിയിൽ നിന്ന് അച്ഛൻ വേലുക്കുട്ടി വിജയന് യഥേഷ്ടം വാങ്ങിക്കൊടുത്തിരുന്നു. യക്ഷിക്കഥകളും യവന- റോമൻ മിതോളജിയിലെ കഥകളുമായിരുന്നു അവയിലധികവും. മനസ്സിൽ പടർന്ന് പന്തലിച്ചുകിടന്നിരുന്ന ചുറ്റിലുള്ള പ്രകൃതിയും കഥാപുസ്തകങ്ങളിലെ ബിംബങ്ങളും ചേർന്നപ്പോൾ ഭാവനയുടെ ഒരു പുതുലോകം വിജയന്റെ ഉള്ളിൽ സൃഷ്ടിക്കപ്പെട്ടു.

പാലക്കാട്ടെ കിണാശ്ശേരിക്കടുത്തുള്ള തസ്രാക്കിൽ കരിമ്പനക്കൂട്ടങ്ങൾക്കിടയിൽ ഒ വി വിജയന് ഒരു സ്മാരകമുണ്ട്. അവിടെ ഇടക്ക് എഴുത്തുകാരുടെയും സഹൃദയരുടെയും ഒത്തുകൂടലുകളും സാഹിത്യചർച്ചകളും നടന്നുവരുന്നു. പഴയ ഞാറ്റുപുരയാണ് സ്മാരകമാക്കിയിട്ടുള്ളത്. പിന്നിൽ പുതുതായി പണികഴിപ്പിച്ച മറ്റൊരു കെട്ടിടവുമുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിലെ മനുഷ്യരും മറ്റു ജീവികളുമായ കഥാപാത്രങ്ങളെ അവിടെ ചിത്രങ്ങളായും കൊത്തുപണികളായുമൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. തൊട്ടടുത്ത് ഓത്തുപള്ളിയെ ഓർമിപ്പിക്കുന്ന കെട്ടിടവും മദ്‌റസയും പള്ളിയും കുളവുമുണ്ട്. തസ്രാക്കിലെത്തുമ്പോൾ ഇതിഹാസ നോവലിന്റെ കഥാന്തരീക്ഷത്തിലെ മായികമായ ഒരനുഭൂതിയിലേക്ക് വായനക്കാരനെ അറിയാതെ കൂട്ടിക്കൊണ്ടുപോകും. കാർട്ടൂണിസ്റ്റായും പത്രപ്രവർത്തകനായും ശ്രദ്ധേയനായ ശേഷം 1969ലാണ് ഒ വി വിജയന്റെ ആദ്യ നോവൽ “ഖസാക്കിന്റെ ഇതിഹാസം” പുറത്തിറങ്ങുന്നത്. 1956ൽ തസ്രാക്ക് ഗ്രാമത്തിലെത്തിയപ്പോൾതന്നെ വിജയന്റെ മനസ്സിൽ ഒരു ഇതിഹാസകാരൻ പിറന്നിരുന്നു. നീണ്ട 12 വർഷത്തെ ധ്യാനത്തിന്റെയും മനനത്തിന്റെയും ചിന്തയുടെയും ഫലമായിരുന്നു ഈ നോവൽ. മലയാള സാഹിത്യ ചരിത്രത്തിൽ അന്നുവരെയുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി പുതിയൊരുശൈലി, ഭാഷ ആഖ്യാനം, സംവേദനം എന്നിവയെല്ലാം “ഖസാക്കിന്റെ ഇതിഹാസം” എന്ന കൃതിയിലൂടെ മലയാളികൾ അനുഭവിച്ചറിഞ്ഞു. രവിയും അപ്പുക്കിളിയും മൈമൂനയും നൈസാമലിയും അള്ളാപിച്ചാ മൊല്ലാക്കയും ഏകാധ്യാപക വിദ്യാലയമൊക്കെ മലയാളികളുടെ മനസ്സിൽ മായാത്ത മുദ്രകളായി എന്നും നിലകൊള്ളും.

kpnoushadctm@gmail.com

Latest