Connect with us

Religion

ഇമാം ബൈഹഖി; തിരു ഹദീസിന്റെ വാഹകർ

Published

|

Last Updated

ഹിജ്‌റ 384 ശഅബാൻ മാസത്തിൽ നൈസാബൂർ പ്രവിശ്യയിലെ ബൈഹഖ് പ്രദേശത്താണ് മഹാനായ ഇമാം ബൈഹഖി (റ) ജനിക്കുന്നത്. അബൂബക്കർ അഹ്മദ് അൽ ബൈഹഖി എന്നാണ് പൂർണ നാമം. ജന്മനാട്ടിലേക്ക് ചേർത്തിക്കൊണ്ടാണ് ബൈഹഖി എന്ന് പറയുന്നത്. ഹദീസ് അഖീദ തുടങ്ങിയ മേഖലകളിൽ അഗാധമായ പാണ്ഡിത്യം നേടിയ വരാണ് മഹാൻ. വിവിധ വിഷയങ്ങളിൽ ഇമാം ബൈഹഖി (റ) അനേകം കിതാബുകൾ ലോകത്തിന് സംഭാവന ചെയ്തു. ആ ജീവിതം ജ്ഞാന ശേഖരണം, വിതരണം, രചന തുടങ്ങിയവയാൽ സമ്പന്നമായിരുന്നു.
നാലാം നൂറ്റാണ്ടിലെ അവസാന പാദം വൈജ്ഞാനിക ചലനങ്ങളും സേവനങ്ങളും സജീവമായിരുന്നെങ്കിലും സാമൂഹികപരമായി പലതരം ബുദ്ധിമുട്ടുകൾ മുസ്‌ലിംഗൾ നേരിട്ടു. ശത്രുക്കളുടെ ആക്രമണങ്ങളും അധീശത്വത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും മുസ്‌ലിം ലോകത്തെ ദുഃഖത്തിലാഴ്ത്തി. റോമൻ സാമ്രാജ്യത്തിന്റെ പരാക്രമണങ്ങൾ ഇതിൽ പ്രധാനമാണ്. ആദർശ രംഗത്ത് പുത്തൻ പ്രസ്ഥാനങ്ങളും അവരുടെ ജൽപ്പനങ്ങളും കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചു. കാലം പ്രതിഭാതന നായ പണ്ഡിതന്റെ ഇടപെടലിന് കാത്തിരിക്കുന്ന സമയത്താണ് ഇമാം ബൈഹഖി (റ)ജനനം.

നൈസാബൂർ

അക്കാലത്തെ പ്രധാനപ്പെട്ട വൈജ്ഞാനിക കേന്ദ്രമാണ് നൈസായൂർ. മഹാനവർകളുടെ ജന്മനാട് ബൈഹഖ് ഉൾക്കൊള്ളുന്ന നൈസാബൂരാണ്. ദാറുസുന്ന എന്ന അപരനാമത്തിലായിരുന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ലോകത്ത് അറിയപ്പെട്ട ഒരുപാട് ഹദീസ്, കർമശാസ്ത്ര പണ്ഡിതന്മാർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഉന്നത സ്ഥാനം കൈവരിക്കുന്ന വരും വിജ്ഞാനം നുകരാൻ നൈസാബൂറിൽ എത്തിയിട്ടുണ്ട്.

പതിനഞ്ചാം വയസ്സിലാണ് മഹാനവർകൾ ഹദീസ് പഠനം ആരംഭിക്കുന്നത്. ശൈഖ് അബുൽ ഹസൻ മുഹമ്മദ് ബിൻ അൽ ഹസൻ അൽ അലവി(റ)യിൽ നിന്നാണ് തുടക്കം. ഹിജ്‌റ 399 മുതൽക്കാണ് മഹാനവർകൾ ഹദീസുകൾ എഴുതാൻ തുടങ്ങുന്നത്. മക്കയിലൂടെയും മദീനയിലൂടെയും നടത്തിയ യാത്രകൾ ബൈഹഖി (റ)വിനെ വലിയ അനുഭവസമ്പത്തിന്റെ ഉടമയാക്കി മാറ്റി. കർമ ശാസ്ത്രത്തിലും അഖീദയിലും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ യാത്രാനുഭവങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇസ്തറാബാദ്, അസദാബാദ്, ഇസ്ഫറഈൽ, തംബിറാൻ, ത്വൂസ്, ദാമിഗാൻ, ഖർമീൻ, മഹർജാൻ, നൗഖാൻ, ഹമദാൻ, ബഗ്്ദാദ്, കൂഫ, ശത്വുൽ അറബ്, റയ്യ്, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇമാം അറിവും ഗുരുനാഥന്മാരെയും തേടി സഞ്ചരിച്ചു. വ്യത്യസ്ത വിജ്ഞാനശാഖകളിൽ ആഴത്തിൽ അറിവുള്ള പണ്ഡിതന്മാരുമായി സന്ധിക്കാനും ശിഷ്യത്വം സ്വീകരിക്കാനും ഇത് അവസരമൊരുക്കി. ഗുരുനാഥൻമാരിൽ പ്രധാനി അബുൽ ഹസൻ മുഹമ്മദ് അൽ അലവി എന്നവരാണ്. പ്രശസ്ത മുഹദ്ദിസും ചരിത്രകാരനുമായ അൽ മുസ്തദ്‌റക്ക് ലി സ്വഹീഹൈനിയുടെ രചയിതാവുമായ അബൂ അബ്ദുല്ലാഹി മുഹമ്മദുൽ ഹാക്കിമുനൈസാബൂരി, അബൂ അബ്ദുർറഹ്മാനിസ്സലമി, അബൂബക്കർ ബ്‌നു ഫൗറക്, അബൂ അലിയ്യു റൂസ്ബാദി, അബൂ സകരിയൽ മുസക്കീ തുടങ്ങിയ ആത്മീയ ജ്യോതിസ്സുകൾ ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാരിൽപ്പെട്ടവരാണ്.

ബൈഹഖ് എന്ന ഗ്രാമത്തിൽ നിന്നും വൈജ്ഞാനിക കേന്ദ്രമായ നൈസാബൂരിലേക്കുള്ള യാത്ര അൽപ്പം ദീർഘമുള്ളതായിരുന്നു. അവിടെവെച്ചാണ് ഇമാം ഹാകിം (റ) ന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. ഹിജ്‌റ 405ൽ വഫാത്താകുമ്പോൾ, ചുരുങ്ങിയ കാലയളവ് മാത്രമാണ് മഹാന് ഇമാമിന്റെ കീഴിൽ ഹദീസ് പഠനം നടത്തിയത്. ഉസ്താദുമായി സഹവസിച്ച ഹ്രസ്വമായ കാലയളവിൽ അദ്ദേഹത്തിൽ നിന്ന് പതിനായിരത്തിലധികം ഹദീസ് മഹാൻ സ്വീകരിക്കുകയുണ്ടായി. അബൂ സഈദുൽ മഹ്‌റജാനി, അബൂ സഹലുൽ മർവാസി, അബൂ മുഹമ്മദിൽ ഇസ്വബഹാനി, അബൂ അലിയ്യു റുസ്ബാദീ, അബൂബക്കറിൽ ഖാളി, അബുൽ ബസനിൽ ബൈഹഖി തുടങ്ങിയവരിൽ നിന്നും ശിഷ്യത്വം സ്വീകരിച്ചത് നൈസാബൂരിൽ വെച്ചു തന്നെയാണ്.

ജീവിതം

ഇസ്‌ലാമിക ചരിത്രത്തിൽ എണ്ണപ്പെട്ട വ്യക്തിത്വങ്ങളിൽപ്പെട്ട മഹത് വ്യക്തിത്വമാണ് ഇമാം ബൈഹഖി (റ). മഹാനവർകൾ ഖുർആൻ മനഃപാഠമാക്കുകയും കർമശാസ്ത്രത്തിലും നിദാന ശാസ്ത്രത്തിലും നിപുണനുമായിരുന്നു. അല്ലാഹുവിനെ ഭയന്ന് സൂക്ഷ്മതയോടെയാണ് അവിടുത്തെ ജീവിതം മുന്നോട്ടു നയിച്ചത്. ഷാഫിഈ മദ്ഹബിനെ അടിസ്ഥാനമാക്കി അവിടുന്ന് രചിച്ച കിതാബുകൾ പ്രശസ്തമാണ്. പാണ്ഡിത്യത്തിന്റെ മികവ് വൈജ്ഞാനിക സേവനങ്ങളിൽ മാത്രം ഒതുങ്ങിയില്ല, സ്വന്തം ജീവിതത്തിൽ അതിനെ കൃത്യമായി പ്രയോഗവത്കരിക്കാൻ മഹാന് സാധിച്ചു. അരനൂറ്റാണ്ടിലേറെ കാലം വിജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഇമാം ബൈഹഖി (റ) വിന് അവസരം ലഭിച്ചു. അക്കാലത്ത് പ്രഗൽഭരായവരെല്ലാം മഹാനിൽ നിന്ന് ഹദീസ് കേൾക്കുകയും വിജ്ഞാനം നുകരുകയും ചെയ്തു.

രചനകൾ

വ്യത്യസ്ത വിജ്ഞാനശാഖകളിൽ ആയിരത്തി അമ്പതിലധികം ഗ്രന്ഥങ്ങൾ മഹാനവർകൾ രചിച്ചു. ഹദീസ് ഫിഖ്ഹ്, അഖീദ തുടങ്ങിയവയിൽ നിസ്തുല്യമായ രചനകൾ നടത്തി. അവിടുത്തെ “സുനനുൽ ബൈഹഖി” എന്ന കിതാബ് ഏറെ പ്രശസ്തമാണ്. ഇതിൽ നബി (സ്വ)യുടെ വാക്കുകൾ, പ്രവർത്തികൾ, അംഗീകാരങ്ങൾ, സ്വഹാബികളിലും താബിഉകളിലും ചെന്നവസാനിക്കുന്ന ഹദീസുകൾ തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മഹാനവർകളുടെ “മഅരിഫതുസ്സുനനി വൽ ആസാർ” എന്ന ഗ്രന്ഥം വിലമതിക്കാനാകാത്ത രചനയാണ്. ഇമാം ശാഫിഈ (റ) മദ്ഹബിനെ യും അതിലെ വിധികളെയും വിവരിക്കുന്ന ഒരു ശ്രദ്ധേയ രചനയാണിത്. കിതാബു മനാഖിബുൽ ഇമാം അഹ്്മദ്, കിതാബു അഹ്കാമിൽ ഖുർആൻ ലിശ്ശാഫിഈ, കിതാബു ദഅ് വാതുസ്സഗീർ, കിതാബുൽ ബഅ്‌സി വന്നുശൂർ, കിതാബുസ്സുഹ്ദുൽ കബീർ തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിനുണ്ട്.

പാണ്ഡിത്യം

സമുദായത്തിൽ നിന്ന് ലഭിച്ച സ്വീകാര്യതയും ഒരുപാട് ഗുരുനാഥന്മാരും അറിവന്വേഷണ യാത്രകളും മഹാന്റെ മഹത്വം വിളിച്ചറിയിക്കുന്നതാണ്. ലോകം മുഴുക്കെ അംഗീകരിച്ച പണ്ഡിതനാണ് ഇമാം ബൈഹഖി (റ). ശാഫിഈ മദ്ഹബിനും അശ്അരി സരണിക്കും മഹാൻ ചെയ്ത സേവനങ്ങൾ വളരെ വലുതാണ് അഹ്‌ലുസ്സുന്നക്കെതിരെയും അശ്അരിക്കെതിരെയും പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അബ്ദുൽ മാലിക് അൽ കൻദറി എന്ന സർക്കാർ ഉദ്യോഗസ്ഥന് ശക്തമായ താക്കീത് നൽകി കത്തെഴുതി. അത് മാനിക്കാതെ മുസ്‌ലിംഗൾക്ക് നേരെയുള്ള അതിക്രമം കൻദറി തുടർന്നുകൊണ്ടേയിരുന്നു. പക്ഷേ തുടർന്നുവന്ന സർക്കാർ കർദറിന്റെ സ്ഥാനം എടുത്തുകളയുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.

വിടവാങ്ങൽ

മുസ്‌ലിം ലോകത്തെ കണ്ണീരിലാഴ്ത്തിയാണ് അവിടുന്ന് ലോകത്തോട് വിടപറയുന്നത്. ആയുഷ്‌ക്കാലം മുഴുവൻ ദീനിന് വേണ്ടി ചിലവഴിച്ച ജീവിതമായിരുന്നു അവിടുത്തേത്. നൈസാബൂരിൽ വെച്ച് ഹിജ്‌റ 458 ജമാദുൽഊല പത്തിനായിരുന്നു അവിടുന്ന് വഫാത്താകുന്നത്. എങ്കിലും നൈസാബൂരിൽ നിന്ന് ബൈഹഖിലേക്ക് കൊണ്ടുവരികയും അവിടെ മറവ് ചെയ്യുകയും ചെയ്തു.

---- facebook comment plugin here -----

Latest