Connect with us

Kerala

പ്രളയ കാലത്ത് അനുവദിച്ച അരിക്കായി 205.81 കോടി ഉടന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം  | വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കേരളത്തെ തഴഞ്ഞതിന് പിറകെ പ്രളയ കാലത്ത് അനുവദിച്ച അരിയുടെ പണം ഉടന്‍ നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴി അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ നല്‍കാനാണ് നിര്‍ദേശം.

പലതവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാന്‍ തയാറായില്ലെന്നും എത്രയും വേഗം പണം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എഫ്‌സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞവര്‍ഷം വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കായി കേന്ദ്രം ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ അനുവദിച്ചെങ്കിലും കേരളത്തെ ഒഴിവാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

വെള്ളപൊക്ക ദുരിതാശ്വാസത്തിന് 2109 കോടി രൂപയുടെ സഹായം അഭ്യര്‍ഥിച്ചുള്ള നിവേദനം കേരളം സമര്‍പ്പിച്ചിരുന്നു.നേരത്തെ ഇടക്കാല സഹായമായി 3,200 കോടി രൂപ നാല് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെങ്കിലും കേരളത്തെ തഴഞ്ഞു.