Connect with us

Gulf

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യാമ്പുവില്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധ സംഗമം

Published

|

Last Updated

യാമ്പു | കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇതര സംസ്ഥാന തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് യാമ്പു മലയാളി അസോസിയേഷന്‍ (വൈ എം എ) സംഘടിപ്പിച്ച പ്രതിഷേധ സംഗമം ശ്രദ്ധേയമായി. വിവിധ പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്മയായ വൈ എം എയുടെ ആഭിമുഖ്യത്തില്‍ അറാട്‌കൊ ലേബര്‍ ക്യാമ്പ് ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

പ്രസിഡന്റ് അബൂബക്കര്‍ മേഴത്തൂര്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മൊറയൂര്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധരാണെന്ന് നിറഞ്ഞ സദസ്സ്
പ്രഖ്യാപിച്ചു. ബൈജു വിവേകാനന്ദന്‍ വിഷയാവതരണം നടത്തി. സിദ്ധീഖുല്‍ അക്ബര്‍ ഉറുദുവിലും റഈസ് അഹ്മദ് ഹിന്ദിയിലും നടത്തിയ പ്രസംഗങ്ങളെ ഇതര സംസ്ഥാന തൊഴിലാളികള്‍ വര്‍ധിച്ച ആവേശത്തോടെയാണ് സ്വീകരിച്ചത്. നാസര്‍ നടുവില്‍ മുഖ്യ പ്രഭാഷണം നടത്തി. പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ആര്‍ എസ് എസ്-ബി ജെ പിയുടെ കുതന്ത്രത്തിനെതിരെ മതേതര ജനാധിപത്യ ഇന്ത്യയിലെ പ്രവാസികളുടെ കൂടി യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ പ്രവാസി സംഘടനകളെ പ്രതിനിധാനം ചെയ്ത് ശങ്കര്‍ എളംകൂര്‍, അബ്ദുല്‍ മജീദ് സുഹ്രി, സിറാജ് മുസ്ലിയാരകത്ത്, രാജന്‍ നമ്പ്യാര്‍, മുസ്തഫ കുന്നത്ത്, കെ പി എ കരീം താമരശ്ശേരി, ബഷീര്‍ ഫറോഖ്, ജാബിര്‍ വാണിയമ്പലം പ്രസംഗിച്ചു. വൈ എം എ വൈസ് പ്രസിഡന്റ് സലിം വേങ്ങര സ്വാഗതവും ജനറല്‍ സെക്രട്ടറി അസ്‌കര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.

Latest