Connect with us

Gulf

വാര്‍ധക്യത്തില്‍ പ്രവാസ ലോകത്തെത്തി ദുരിതത്തിലായ ആന്ധ്രപ്രദേശ് സ്വദേശിനി നാട്ടിലേക്കു മടങ്ങി

Published

|

Last Updated

ശുഭദ്രമ്മക്ക് ദമാമിലെ വനിതാ അഭയകേന്ദ്രം അധികാരി യാത്രാരേഖകള്‍ കൈമാറുന്നു. മഞ്ജു മണിക്കുട്ടന്‍ സമീപം.

ദമാം | പ്രായം വകവെക്കാതെ കുടുംബത്തെ കരകയറ്റാന്‍ പ്രവാസ ലോകത്തെത്തി ദുരിതത്തിലായ ആന്ധ്ര സ്വദേശിനിക്ക് നവയുഗം സാംസ്‌ക്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനിയായ ശുഭദ്രമ്മയാണ് ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാതെ പ്രയാസത്തിലായത്. നവയുഗം സാംസ്‌ക്കാരിക വേദിയുടെ ഇടപെടലില്‍ ശുഭദ്രമ്മ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി.

രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ സഊദിയിലെ ജുബൈലില്‍ വീട്ടുജോലിക്കായി എത്തിയത്. വാര്‍ധക്യസഹജമായ അനാരോഗ്യം വകവയ്ക്കാതെ രണ്ടു വര്‍ഷം ജോലി ചെയ്തെങ്കിലും സ്‌പോണ്‍സര്‍ കൃത്യമായി ശമ്പളം നല്‍കിയില്ല. അഞ്ചു മാസത്തെ ശമ്പളം കുടിശ്ശികയുമായി. രണ്ടാം വര്‍ഷത്തില്‍ ഇഖാമ പുതുക്കാതെ സ്‌പോണ്‍സര്‍ അവരെ ദമാം പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെവച്ച് തലകറക്കാം അനുഭവപ്പെട്ട് വീണതോടെ അഭയകേന്ദ്രം അധികൃതര്‍ ജീവകാരുണ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്റെ സഹായം തേടി. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ അധികൃതരുടെ അനുവാദത്തോടെ ശുഭദ്രമ്മയെ സ്വന്തം വീട്ടിലേക്കു കൂട്ടികൊണ്ടു വരികയായിരുന്നു. വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞ മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ടില്ലാത്തതിനാലാണ് തലകറങ്ങി വീണതെന്ന് മനസ്സിലായത്.

ഇതിനിടെ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരും മഞ്ജുവും ശുഭദ്രമ്മയുടെ സ്പോണ്‍സറെ ബന്ധപ്പെട്ട് നിരന്തരം ചര്‍ച്ചകള്‍ നടത്തിയതോടെ കുടിശ്ശികയായ അഞ്ചു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായി. ഇന്ത്യന്‍ എംബസിയില്‍ നിന്നും ശുഭദ്രമ്മക്ക് ഔട്ട്പാസ്സ് ലഭിച്ചതോടെ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. ശുഭദ്രമ്മയുടെ ബന്ധുക്കള്‍ നാട്ടില്‍ നിന്നും വിമാനടിക്കറ്റ് നല്‍കിയതോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ശുഭദ്രമ്മക്ക് തിരിച്ചുപോകാന്‍ സാധിച്ചു.

---- facebook comment plugin here -----

Latest