Connect with us

National

ആസൂത്രിത അക്രമം; വി സിക്കും സെക്യൂരിറ്റിക്കും പങ്ക്: ഐഷി ഘോഷ്

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്നത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള അക്രമമാണെന്ന് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലക്കു പരുക്കേറ്റ യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ്. ആളുകളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നതിന് തെളിവാണിത്. ചുറ്റികയും ഇരുമ്പുദണ്ഡും അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ ബി ജെ പി പ്രവര്‍ത്തകരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജെ എന്‍ യുവിലെ സെക്യൂരിറ്റി വിഭാഗവും അക്രമികളും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അക്രമം തടുക്കാന്‍ അവര്‍ ഇടപെട്ടിരുന്നില്ല. ഘോഷ് ആരോപിച്ചു. അടിയേറ്റ് തലക്ക് ഗുരുതരമായി പരുക്കേറ്റ് എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഐഷി 24 മണിക്കൂറിനകം തിരികെ കാമ്പസിലെത്തി സമരത്തിനു വീണ്ടും നേതൃത്വം കൊടുത്തിരുന്നു.

കുറച്ചു ദിവസങ്ങളായി ചില ആര്‍ എസ് എസ് അനുകൂല അധ്യാപകരും ഞങ്ങളുടെ സമരം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. സെക്യൂരിറ്റികള്‍ക്കൊപ്പം അവരും അക്രമികള്‍ക്ക് അകത്ത് കയറാനും ആക്രമിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ജെ എന്‍ യു സെക്യൂരിറ്റിയും ഡല്‍ഹി പോലീസുമൊന്നും ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കിയില്ല. അവരോടല്ലാതെ ഞങ്ങളാരോടാണ് സുരക്ഷ ആവശ്യപ്പെടേണ്ടത്. അത് അവരുടെ ഔദാര്യമാണോ, ഉത്തരവാദിത്തമല്ലേ. ഐഷി ചോദിച്ചു.

ഞായറാഴ്ച അജ്ഞാതരായ പലരെയും കാമ്പസിനകത്ത് വിഹരിക്കുന്നുണ്ടെന്നും അവരെ പുറത്താക്കണമെന്നും ഗേറ്റിന് പുറത്തുണ്ടായിരുന്ന പോലീസിനോട് പല തവണ പറഞ്ഞെങ്കിലും ഇടപെട്ടില്ല. അക്രമ സംഭവങ്ങളില്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ ജഗദീഷ് കുമാറിന് പങ്കുണ്ട്. അദ്ദേഹം ഉടന്‍ പദവിയൊഴിയണമെന്നും ഐഷി ആവശ്യപ്പെട്ടു.

Latest