Connect with us

Sports

പത്താന്റെ പ്രിയ ക്യാപ്റ്റൻമാരിൽ ധോണിക്കിടമില്ല

Published

|

Last Updated

മുംബൈ | ഇന്ത്യൻ സ്വിംഗ് ബൗളിംഗിന്റെ സുൽത്താനായ ഇർഫാൻ പത്താൻ കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമായ സാഹചര്യത്തിൽ കൂടിയായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. അതിനിടെ, തന്റെ പ്രിയ നായകന്മാരുടെ പട്ടികയിൽ നിന്ന് ഇന്ത്യക്ക് രണ്ട് ലോകകപ്പ് കിരീടങ്ങൾ സമ്മാനിച്ച എം എസ് ധോണിയെ പത്താൻ ഒഴിവാക്കിയത് ചർച്ചക്ക് വഴിതെളിച്ചിരിക്കയാണ്.

സൗരവ് ഗാംഗുലിയുടെ കീഴിൽ അന്താരാഷ്ട്ര കരിയർ തുടങ്ങിയ പത്താൻ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, എം എസ് ധോണി എന്നിവർക്ക് കീഴിലും കളിച്ചിട്ടുണ്ട്. മികച്ച ക്യാപ്റ്റന്മാരെക്കുറിച്ചുള്ള ചോദ്യത്തിന് ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ എന്നായിരുന്നു പത്താന്റെ മറുപടി.
ധോണിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായില്ല. തന്നെ ഏറ്റവും നന്നായി ഉപയോഗിച്ചത് ദ്രാവിഡാണ്. തന്റെ ബൗളിഗ് മാത്രമല്ല, ബാറ്റിംഗും അദ്ദേഹത്തിന് കീഴിൽ മെച്ചപ്പെട്ടു.
തന്നെ ഓൾറൗണ്ടറെന്ന നിലയിൽ ദ്രാവിഡ് തന്നെ ഉപയോഗിച്ചു. അദ്ദേഹം ക്യാപ്റ്റനായിരുന്ന സമയത്താണ് ടോപ് ഓഡറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നത്. ദ്രാവിഡ് നായകസ്ഥാനം ഒഴിഞ്ഞ ശേഷം ടോപ് ഓഡറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല.

ഗാംഗുലി ക്യാപ്റ്റൻസി മികച്ചതായിരുന്നു. ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പോലും ടീമിനെ നന്നായി നയിച്ചു. അദ്ദേഹം നൽകിയ ദിശാബോധത്തിന്റെ പ്രയോജനം ഇപ്പോഴും നമുക്ക് ലഭിക്കുന്നുണ്ട്.

കുംബ്ലെ ഒരു മികച്ച ക്യാപ്റ്റനായിരുന്നു 2008 ലെ മങ്കിഗേറ്റ് വിവാദം അദ്ദേഹം വളരെ നന്നായി കൈകാര്യം ചെയ്തു. പലർക്കും ഇത് കൈകാര്യം ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നില്ല- പത്താൻ കൂട്ടിച്ചേർത്തു.
പത്താനെ ഒതുക്കിയതിന് പിന്നിൽ ധോണിയാണെന്ന പ്രചാരണം ഒരു സമയത്ത് ശക്തമായിരുന്നു. ഒരിക്കൽ, ഐ പി എല്ലിൽ ഒരിക്കൽ ചെന്നൈ സൂപ്പർ കിംഗ്സ് വിളിച്ചെടുത്ത പത്താനെ കളിപ്പിക്കാൻ അവസരം നൽകാതെ പുറത്തിരുത്തിയതും ചർച്ചയായിരുന്നു. ധോണിയായിരുന്നു അന്ന് ചെന്നൈ ക്യാപ്റ്റൻ.

സ്റ്റാർ സ്‌പോർട്‌സ് സംപ്രേഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് പത്താൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഒമ്പത് വർഷം നീണ്ട കരിയറിൽ പത്താൻ ഇന്ത്യക്കായി 29 ടെസ്റ്റും 120 ഏകദിനങ്ങളും 24 ട്വന്റി20യും കളിച്ചു സ്വിംഗ് ബോളിലൂടെ എതിർ ബാറ്റ്‌സ്മാൻമാരെ വിറപ്പിച്ച പത്താന്റെ അക്കൗണ്ടിൽ 301 വിക്കറ്റുകളുണ്ട്.

Latest