Connect with us

Editorial

സുലൈമാനിയെ കൊന്നത് എന്തിന് ?

Published

|

Last Updated

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് (ഐ ആര്‍ ജി സി) തലവന്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തില്‍ വകവരുത്തുക വഴി മധ്യപൗരസ്ത്യ ദേശത്തും ലോകത്താകെയും കടുത്ത യുദ്ധഭീതിയും പ്രതിസന്ധിയുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൃഷ്ടിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ കടന്നു കയറി സ്വയം പ്രഖ്യാപിത നീതി നടപ്പാക്കുകയെന്ന അമേരിക്കന്‍ സാമ്രാജ്യത്വം കാലങ്ങളായി തുടരുന്ന നയത്തിന്റെ തുടര്‍ച്ചയായേ ഈ കൊലപാതകത്തെയും കാണാനാകൂ. സുലൈമാനിയെ വകവരുത്താന്‍ ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ഉത്തരവിട്ടുവെന്നാണ് പെന്റഗണ്‍ വ്യക്തമാക്കിയത്. യു എസ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങിയിട്ടില്ല. ഇത്തരം അതിക്രമങ്ങള്‍ സൃഷ്ടിക്കുന്ന ദൂരവ്യാപക ഫലങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. തന്റെ വിശ്വസ്തരുമായി പോലും ട്രംപ് കൂടിയാലോചിച്ചിട്ടില്ല. ഇതിന്റെ പേരാണ് ഏകാധിപത്യം. അമേരിക്ക ലോക പോലീസ് പട്ടം നിലനിര്‍ത്തുന്നത് ഇത്തരം കടന്നുകയറ്റങ്ങളിലൂടെയാണ്.

ബഗ്്ദാദ് വിമാനത്താവള റോഡില്‍ നടന്ന ആക്രമണത്തിലാണ് ഐ ആര്‍ ജി സിയുടെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേന (പി എം ഐ) കമാന്‍ഡറും സുലൈമാനിയുടെ ഉപദേശകനുമായ അബൂ മഹ്ദി അല്‍മുഹന്‍ദിസും അഞ്ച് ഇറാന്‍ കമാന്‍ഡോകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് ശേഷം ശക്തനായ രണ്ടാമത്തെ പ്രമുഖനാണ് ഖാസിം സുലൈമാനി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി തവണ സുലൈമാനിക്ക് നേരെ വധശ്രമമുണ്ടായിരുന്നു. ഇറാന് കടുത്ത നഷ്ടമാണ് സുലൈമാനിയുടെ മരണം. കരുത്തനായ സൈനിക നേതാവ് എന്നതിനപ്പുറത്തേക്ക് അയല്‍ രാജ്യങ്ങളിലെയും സഖ്യ രാജ്യങ്ങളിലെയും ഇറാന്റെ താത്പര്യങ്ങള്‍ പരിപാലിക്കുകയും അവക്കനുസരിച്ച് കരുക്കള്‍ നീക്കുകയും ചെയ്തിരുന്നത് സുലൈമാനിയായിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഒരു ഘട്ടം വരെ പൊതു പ്രത്യക്ഷപ്പെടലുകള്‍ പരമാവധി ഒഴിവാക്കിയിരുന്ന അദ്ദേഹം പിന്നീട് ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. ഇത് ഇറാന്‍ ജനതക്കിടയില്‍ സുലൈമാനിക്ക് വലിയ സ്വാധീനമുണ്ടാക്കിക്കൊടുത്തു.

അമേരിക്കന്‍ പൗരന്‍മാരുടെ സുരക്ഷിതത്വത്തിനാണ് സുലൈമാനിയെ വധിച്ചതെന്ന് ട്രംപ് പറയുന്നു. ഡല്‍ഹി മുതല്‍ ലണ്ടനില്‍ വരെ സ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടയാളാണെന്നും അറബ് മേഖലയില്‍ സംഘര്‍ഷം വിതക്കുന്നത് ഇദ്ദേഹമാണെന്നും യു എസ് ആരോപിക്കുന്നു. ഈയിടെ സഊദി എണ്ണ ടാങ്കറിന് നേരെ നടന്ന ആക്രമണവും അരാംകോക്ക് നേരെയുണ്ടായ ആക്രമണവുമെല്ലാം ആസൂത്രണം ചെയ്തതും സുലൈമാനിയാണത്രെ. അമേരിക്ക പറയുന്ന ഈ കുറ്റാരോപണങ്ങള്‍ ശരിവെക്കുന്നവര്‍ പോലും ഇത്തരമൊരു കൊലപാതകത്തെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല. വംശീയതയുടെ കണ്ണിലൂടെ ഇത്തരം അതിക്രമങ്ങളെ കാണുന്നത് ഭൂഷണവുമല്ല. ഇറാന്റെ രാഷ്ട്രീയ കൗശലങ്ങളോ ഓരോ ഘട്ടത്തിലും നടത്തുന്ന കുത്തിത്തിരിപ്പുകളോ വംശീയ അജന്‍ഡ വെച്ചുള്ള ഇടപെടലുകളോ മറന്നു കൊണ്ടല്ല ഇതു പറയുന്നത്. അതിന്റെ പേരില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുടിലതകളെ ന്യായീകരിക്കാനാകില്ലെന്നാണ് വ്യക്തമാക്കുന്നത്.

ഇറാനിലാകെയും ഇറാഖിലെ ശിയാ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിനാളുകളാണ് വിലാപ പ്രകടനങ്ങളുമായി തെരുവിലിറങ്ങിയത്. യു എസ് വിരുദ്ധ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു പട്ടണങ്ങള്‍. ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കി ഇറാന്‍ രംഗത്തെത്തിയതോടെ സ്ഥിതി സങ്കീര്‍ണമായിട്ടുണ്ട്. ഇറാന്‍ ഉള്‍പ്പെടെ മേഖലയില്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്നാണ് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി വ്യക്തമാക്കിയത്. ഇതിന് പിറകെ ശനിയാഴ്ച ബഗ്്ദാദിലെ യു എസ് എംബസിക്കും ബലാദിലെ യു എസ് സൈനിക താവളത്തിനും നേരെ റോക്കറ്റാക്രമണം നടന്നത് തുറന്ന യുദ്ധത്തിന്റെ നാന്ദിയായി കാണുന്നവരുണ്ട്. അതിനിടെ, ശക്തമായ മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നു. അമേരിക്കന്‍ സൈനിക താവളങ്ങളെയോ ഏതെങ്കിലും അമേരിക്കക്കാരനെയോ ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ പുതിയ മനോഹരമായ ആയുധം ഞങ്ങള്‍ ഇറാനിലേക്ക് അയക്കും. അതില്‍ ഒരു സംശയവും വേണ്ട എന്നാണ് ട്രംപിന്റെ ട്വീറ്റ്.

ഈ അതിക്രമത്തോട് ഇറാന്‍ പ്രതികരിക്കുക യു എസിനെ നേരിട്ട് ആക്രമിച്ചു കൊണ്ടായിരിക്കില്ല. മറിച്ച് അയല്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് സഊദിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാകും ചെയ്യുക. അതിനായി യമനെയോ ബഹ്‌റൈനെയോ ഉപയോഗിക്കും. ചൈനയുടെ പിന്തുണ ഇറാനുണ്ടാകും. റഷ്യ തന്ത്രപരമായ അകലം പാലിക്കാനാണ് സാധ്യത. ചുരുക്കത്തില്‍ മധ്യപൗരസ്ത്യ ദേശം രൂക്ഷമായ സംഘര്‍ഷത്തിലേക്ക് കൂപ്പുകുത്തുകയാണ്. എണ്ണ വില കുതിച്ചുയരും. ലോകത്താകെ സാമ്പത്തിക മാന്ദ്യം കടുക്കും.

ഇറാനുമായി തുറന്ന യുദ്ധത്തിന് മെനക്കെടാതെ ഉപരോധത്തില്‍ കുടുക്കി നിര്‍ത്തുകയായിരുന്നു ട്രംപ്. ആണവ കരാര്‍ എടുത്തു ചവറ്റുകൊട്ടയില്‍ എറിഞ്ഞത് ഉപരോധം ശക്തമാക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യക്ഷ ആക്രമണത്തിലേക്ക് ട്രംപ് എടുത്തു ചാടിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. സ്വന്തം നാട്ടില്‍ ഇംപീച്ച്‌മെന്റ് നേരിടുന്ന ട്രംപിന് പ്രതിച്ഛായ മെച്ചപ്പെടുത്തിയേ തീരൂ. രണ്ടാമൂഴത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സമാനമായ പ്രതിസന്ധിയിലാണ്. ഇരുവര്‍ക്കും രക്ഷപ്പെടാന്‍ വേണ്ടി തന്നെയാണ് ചോര വീഴ്ത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ യുദ്ധം മതിയെന്ന് വന്നാല്‍ ജനാധിപത്യത്തിന് എന്ത് അര്‍ഥമാണുള്ളത്. പുല്‍വാമക്കും ബാലാകോട്ടിനും പിറകെ ഇന്ത്യയിലും മുഴങ്ങിയ ചോദ്യമാണല്ലോ അത്.

Latest